1. News

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി കൃഷിയിടങ്ങളിൽ നിന്നും ഉത്തരവിറക്കി നെടുമങ്ങാട് കൃഷിദർശന് സമാപനം

നെടുമങ്ങാട് ബ്ലോക്കിൽ കൃഷിമന്ത്രി നയിച്ച പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞത്തിനു സമാപനമായി. കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനോടൊപ്പം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നേതൃത്വം നൽകി.

Arun T
dd

നെടുമങ്ങാട് ബ്ലോക്കിൽ കൃഷിമന്ത്രി നയിച്ച പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞത്തിനു സമാപനമായി. കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനോടൊപ്പം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നേതൃത്വം നൽകി. കഴിഞ്ഞ ദിവസങ്ങളിലായി നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ നടത്തിയ കൃഷിയിട സന്ദർശനത്തിന്റെയും കർഷക അദാലത്തിന്റെയും കൃഷിക്കൂട്ട സംഗമത്തിന്റെയും അടിസ്ഥാനത്തിൽ 7 പ്രധാന കർഷക സൗഹൃദ ഉത്തരവുകളും ഇരുപതോളം വികസന പ്രവർത്തനങ്ങൾക്കുള്ള തീരുമാനങ്ങളും പുറത്തിറക്കിക്കൊണ്ടാണ് നെടുമങ്ങാട് കൃഷിദർശന് തിരശ്ശീല വീണത്.

ആയിരത്തിലധികം കർഷകരെ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തതിന്റെ ഫലമായി കാർഷിക മേഖലയിലെ പ്രദേശികമായ അടിസ്ഥാനപ്രശ്നങ്ങൾ കണ്ടെത്തുവാനും പരിഹാര മാർഗങ്ങൾ ഉടനെ തന്നെ തീരുമാനിക്കാനും കഴിഞ്ഞതു തന്നെയാണ് കൃഷിദർശന്റെ വിജയമെന്ന് കൃഷി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. നെടുമങ്ങാട് കൃഷിദർശന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന്റെ അദ്ധ്യക്ഷതയിലായിരുന്നു 5 ദിവസം നീണ്ടു നിന്ന കൃഷിദർശൻ പരിപാടിയുടെ സമാപന സമ്മേളനം നടന്നത്. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരുടെ ഉൽപന്നങ്ങൾ ഉപയോഗപ്പെടുത്തി 'നെടുമങ്ങാട് സമൃദ്ധി' എന്ന പേരിൽ മൂല്യ വർധിത ഉത്പന്നങ്ങളുടെ ഒരു ബ്രാൻഡ് സൃഷ്ടിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പ്രഖ്യാപിച്ചു. യോഗത്തിൽ അരുവിക്കര എം എൽ എ ജി സ്റ്റീഫൻ പങ്കെടുത്തു.


7 പ്രധാന ഉത്തരവുകളാണ് നെടുമങ്ങാട് കൃഷിദർശന്റെ ഭാഗമായി കൃഷിയിടത്തിൽ നിന്നുകൊണ്ട് പുറപ്പെടുവിക്കുവാൻ കഴിഞ്ഞത് എന്ന് കൃഷിവകുപ്പ് മന്ത്രി പറഞ്ഞു. കരകുളം കൃഷിഭവന്റെ സബ് സെന്റർ വട്ടപ്പാറയിൽ സ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവ്, നെടുമങ്ങാട് വേൾഡ് മാർക്കറ്റിൽ ഉൽപ്പന്നങ്ങൾ നൽകിയ 239 കർഷകർക്ക് ലഭിക്കേണ്ട 77.24 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്, വെമ്പായം സ്വാശ്രയ കർഷക വിപണിയിൽ നിന്നും 102 കർഷകർക്ക് നൽകേണ്ട 8.34 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്, നെടുമങ്ങാട് ബ്ലോക്ക് പരിധിയിലെ വന്യമൃഗ ശല്യത്തെ ജൈവമാർഗ്ഗത്തിൽ നിയന്ത്രിക്കുന്നതിനായി 40 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്, നെടുമങ്ങാട് കൃഷിഭവന്റെ കീഴിൽ ഇക്കോ ഷോപ്പ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്, ഒരുലക്ഷം യുവജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതിയിൽ നെടുമങ്ങാട് ബ്ലോക്കിലെ 55 കർഷകർക്ക് ആനുകൂല്യവും 2 കർഷകർക്കുള്ള മരണാനന്തരാനുകൂല്യങ്ങളും വിതരണ നടത്തുന്നതിനുള്ള ഉത്തരവ്, സ്വാശ്രയ കർഷക വിപണിയുടെ പരാതി പരിഹരിക്കുന്നതിനു സിഇഒ വി എഫ് പി സി കെ യെ ചുമതലപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് എന്നിവയാണ് പുറത്തിറക്കിയത് .

ഇതുകൂടാതെ കൃഷിയിടങ്ങളിലെ വന്യജീവീ ആക്രമണം നിയന്ത്രിക്കുന്നതിന് അടുത്തവർഷം മുതൽ RKVY യിൽ ഉൾപ്പെടുത്തി പുതിയ ഒരു പദ്ധതി കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുകയും ഒരുലക്ഷം യുവജനങ്ങൾക്കുള്ള കാർഷിക പദ്ധതിയിൽ അംഗങ്ങളായ നെടുമങ്ങാട് ബ്ലോക്കിലെ 55 കർഷകർക്ക് കൃഷിദർശൻ വേദിയിൽ വെച്ചു തന്നെ ആനുകൂല്യങ്ങൾ മന്ത്രി വിതരണം ചെയ്യുകയും ചെയ്തു. .
നെടുമങ്ങാട് ബ്ലോക്കിന്റെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെയും സോയിൽ ഫെർട്ടിലിറ്റി മാപ്, നെടുമങ്ങാട് കാർഷിക ബ്ലോക്കിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ വിഷൻ 2026 എന്നിവ കൃഷി മന്ത്രി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. കർഷകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി വിഷൻ 2026 ഫെബ്രുവരി മാസത്തിൽ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് വേൾഡ് മാർക്കറ്റിന്റെ പ്രവർത്തനം കാലോചിതമായി പരിഷ്കരിക്കും. കർഷകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി വിപണിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. നൂതന കാർഷിക രീതികൾ പരിചയപ്പെടുത്തുന്ന ശില്പശാല സംഘടിപ്പിക്കും. നൂതന കൃഷി രീതികൾ കണ്ടു പഠിക്കുവാൻ ഓരോ ബ്ലോക്കിലും ഒരു പ്രദർശന തോട്ടം സൃഷ്ടിക്കും. കൂൺകൃഷി, തേനീച്ച കൃഷി എന്നിവയുടെ പ്രത്യേക പരിശീലനം ബ്ലോക്കിൽ നടത്തും. യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഫെബ്രുവരി മാസത്തിൽ ശില്പശാല നടത്തും. കാർഷിക കർമ്മ സേന അംഗങ്ങൾക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കും. കാർഷിക കർമ്മ സേനകളെ ശാക്തീകരിക്കും. വിപണനം ഉൾപ്പെടെ കാർഷിക മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിനായി 2019 കോടി രൂപയുടെ ലോക ബാങ്കിന്റെ സഹായം ഉപയോഗപ്പെടുത്തി മൂല്യവർധിത കൃഷി മിഷൻ എന്ന പദ്ധതി നടപ്പിലാക്കും. മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പാക്കേജിങ് വിഷയത്തിലും പരിശീലനം നൽകും. വെമ്പായം പഞ്ചായത്തിൽ കെ എൽ ഡി സി യുടെ പദ്ധതി നടപ്പിലാക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, കൃഷി വകുപ്പ് പദ്ധതികൾ സംയുക്തമായി ആവിഷ്കരിക്കും. കർഷക ഗ്രാമസഭകൾ ആരംഭിക്കും. മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നെടുമങ്ങാട് കാർഷിക ബ്ലോക്ക് കേന്ദ്രീകരിച്ച് ഒരു പ്രത്യേക പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.

ഒരു കൃഷിഭവൻ ഒരു ഉത്പന്നം എന്ന രീതിയിലുള്ള പ്രവർത്തനമാണ് കൃഷികൂട്ടങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. നെടുമങ്ങാട് ബ്ലോക്കിലെ കൃഷിഭവനുകളിൽ ഒന്നിലധികം മൂല്യ വർധിത ഉൽപന്നങ്ങൾ തയ്യാറാക്കാൻ കഴിയുമെന്നും മന്ത്രി പ്രത്യാശിച്ചു.

ചടങ്ങിൽ മികച്ച കർഷകരെ കൃഷിമന്ത്രി ആദരിക്കുകയുണ്ടായി. കർഷക അവാർഡുകൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

ജനുവരി 24നു കൃഷി മന്ത്രി പി പ്രസാദ് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും ആയുള്ള കൂടിക്കാഴ്ച ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കൃഷിദർശന് നെടുമങ്ങാട്ട് ആരംഭം കുറിച്ചത്. അതിനു ശേഷം 5 ദിവസങ്ങളിലായി കാർഷിക പ്രദർശനം, ഉദ്യോഗസ്ഥരുടെ കൃഷിയിട സന്ദർശനം, കാർഷിക സെമിനാറുകൾ, കാർഷിക അദാലത്ത്, കൃഷിമന്ത്രിയുടെയും ഭക്ഷ്യ പൊതുവിതരണ മന്ത്രിയുടെയും കൃഷിയിട സന്ദർശനം, കാർഷിക അദാലത്ത് എന്നിവ നടക്കുകയുണ്ടായി.


  പൊതുയോഗത്തിൽ നെടുമങ്ങാട് മുൻസിപ്പൽ  ചെയർപേഴ്സൺ സി എസ് ശ്രീജ സ്വാഗതം ആശംസിച്ചു. കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി അശോക് ഐഎഎസ്, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സുബ്രഹ്മണ്യൻ ഐ ഐ എസ്, ഡബ്ലിയു ടി ഒ സ്പെഷ്യൽ ഓഫീസർ ആരതി ഐ ഇ എസ്, കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ പി രാജശേഖരൻ, കൃഷി അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ, കൃഷി അഡിഷണൽ ഡയറക്ടർമാർ, വിവിധ സ്വയംഭരണ സ്ഥാപന മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. യോഗത്തിന് കൃഷി ഡയറക്ടർ ടി വി സുഭാഷ് ഐഎഎസ് നന്ദി രേഖപ്പെടുത്തി.

English Summary: agriculture minister to solve farmers problems

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds