Updated on: 18 May, 2023 2:54 PM IST
Be aware of the dangers of self-medication; Thomas Chazhikkadan MP

സ്വയം ചികിത്സ വരുത്തി വയ്ക്കുന്ന ആപത്തുകളെക്കുറിച്ച് മലയാളികൾ ബോധവാന്മാരാകണമെന്ന് തോമസ് ചാഴികാടൻ എം.പി. കോട്ടയം നാഗമ്പടം മൈതാനിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച 'ആന്റി ബയോട്ടിക്ക് ഉപയോഗവും പ്രതിരോധവും 'ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലയിലെ എല്ലാ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഇനി മുതൽ ആന്റി ബയോട്ടിക്ക് മരുന്നുകൾ ആന്റി ബയോട്ടിക്ക് എന്നു സീൽ ചെയ്ത പ്രത്യേകം കവറുകളിലാണ് ലഭിക്കുക. ഈ സീലിന്റെ പ്രകാശനം തോമസ് ചാഴികാടൻ എം.പി പ്രൈവറ്റ് മെഡിക്കൽ സ്റ്റോർ അസോസിയേഷൻ പ്രതിനിധി കെ. ജെ. ആന്റണിക്ക് നൽകി നിർവഹിച്ചു.

'ആന്റിബയോട്ടിക്ക് ഉപയോഗവും കരുത്താർജ്ജിക്കുന്ന രോഗാണുക്കളും' എന്ന വിഷയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് മൈക്രോ ബയോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിമ്മി പോൾ സെമിനാർ നയിച്ചു. 'ആന്റിബയോട്ടിക്ക് സാക്ഷരത' എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ.ആർ. അരവിന്ദ് ക്ലാസ്സെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ് ശങ്കർ മോഡറേറ്ററായിരുന്നു.

ലോകം അഭിമുഖീകരിക്കുന്ന പത്ത് ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് പ്രതിരോധം ആർജ്ജിച്ച അണുക്കളിൽ നിന്നും ഉണ്ടാകുന്ന അണുബാധയെന്ന് ഡോ നിമ്മി പോൾ പറഞ്ഞു. 2050 ആവുമ്പോഴേക്കും പത്ത് ശതമാനം ആളുകളും മരിക്കുന്നത് ഇത്തരത്തിലുള്ള അണുബാധ മൂലമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ചെറിയ മുറിവുകൾ വരെ ഇന്ന് മരണത്തിലേക്ക് കലാശിക്കുന്നത് പ്രതിരോധം ആർജ്ജിച്ച അണുക്കളിൽ നിന്നുമാണ്. ഇത്തരം അണുക്കളെ നശിപ്പിക്കാനുള്ള മരുന്നുകൾ ഇന്നില്ല.

ആന്റി ബയോട്ടിക്കുകളുടെ അമിതോപയോഗമാണ് ഇത്തരം അവസ്ഥയ്ക്ക് കാരണം. ജലദോഷപനി വന്നാൽ പോലും സ്വയം ആന്റി ബയോട്ടിക്കുകൾ വാങ്ങിച്ച് കഴിക്കുന്ന ശീലമാണ് ഇന്ന് മലയാളികൾക്കുള്ളത്. അതുമല്ലെങ്കിൽ മുൻപ് പനി വന്നപ്പോൾ ഡോക്ടർ കുറിച്ച് തന്നതോ ആയ മരുന്നുകളാണ് കഴിക്കുന്നത്. ചെറിയ ജലദോഷപ്പനിക്കോ, ചെറിയ രീതിയിലുള്ള വയറിളക്ക രോഗങ്ങൾക്കോ അലർജി മൂലമുള്ള ആസ്മയ്‌ക്കോ ആന്റി ബയോട്ടിക്കുകൾ കഴിക്കേണ്ട ആവശ്യമില്ല.

മനുഷ്യർക്ക് മാത്രമല്ല വളർച്ച കൂട്ടാനും അണുബാധ മുൻകൂട്ടി തടയാനുമായി മൃഗങ്ങൾക്കും വളർത്തുമീനുകൾക്കും ആന്റി ബയോട്ടിക്ക് നൽകരുത്. ഭക്ഷണത്തിലൂടെ ഇത് മനുഷ്യരിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്. ഏകാരോഗ്യം എന്നത് നമ്മൾ ശീലമാക്കണം.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുക, താത്ക്കാലിക രോഗ ശമനം അനുഭവപ്പെട്ടാലും ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന ക്രമത്തിൽ മരുന്നുകൾ കഴിച്ച് പൂർത്തിയാക്കുക, ബാക്കി വന്ന ആന്റിബയോട്ടിക്കുകൾ ചികിത്സ പൂർത്തിയായാൽ പിന്നീട് ഉപയോഗിക്കാതിരിക്കുക, ശുചിത്വം പാലിക്കുക എന്നീ മാർഗങ്ങളിലൂടെ പ്രതിരോധശേഷി ആർജ്ജിച്ച അണുക്കളിൽ നിന്നുള്ള അണുബാധയെ വലിയ രീതിയിൽ തടയാൻ സാധിക്കുമെന്ന് സെമിനാർ വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി ചടങ്ങിൽ അധ്യക്ഷയായിരുന്നു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ, ആർദ്രം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ എ.ആർ. ഭാഗ്യശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.ജെ സിതാര, ഡ്രഗ്ഗ് ഇൻസ്‌പെക്ടർ സി.ഡി. മഹേഷ്, ജില്ലാ മാസ്സ് മീഡിയാ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു. 

ബന്ധപ്പെട്ട വാർത്തകൾ: ചൂട് കൂടുന്നു: പകൽ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേൽക്കരുതെന്ന് നിർദേശം

English Summary: Be aware of the dangers of self-medication; Thomas Chazhikkadan MP
Published on: 18 May 2023, 02:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now