1. News

പക്ഷിപ്പനി കരുതൽ വേണം, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം.

Meera Sandeep
പക്ഷിപ്പനി കരുതൽ വേണം, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്
പക്ഷിപ്പനി കരുതൽ വേണം, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനി, മറ്റ് രോഗലക്ഷണങ്ങൾ എന്നിവയെ കുറിച്ച് പ്രത്യേകം നിരീക്ഷണം നടത്തിവരുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും മന്ത്രി അഭ്യർത്ഥിച്ചു.

പക്ഷികളിൽ കാണുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണിത്. കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. സാധാരണ ഗതിയിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്ക് ഇത് പകരാറില്ല. എന്നാൽ അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗകാരണമാകാം.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലേത് രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം,  രക്തം കലര്‍ന്ന കഫം മുതലായവയാണ് രോഗലക്ഷണങ്ങൾ. രോഗപ്പകർച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവർത്തകരേയോ അറിയിക്കുക. പക്ഷികൾ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിർദേശാനുസരണം നടപടി സ്വീകരിക്കുക. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.

കേരളത്തിൽ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, മറ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.

English Summary: Bird flu needs to be taken care of, not to worry: Minister Veena George

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds