1. News

ചൂട് കൂടുന്നു; മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്ക് എതിരെ ജാഗ്രതകൂട്ടാം

വേനൽ കനക്കുമ്പോൾ ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, എന്നിവ പടർന്ന് പിടിക്കാൻ സാധ്യതയേറിയതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സക്കീന കെ അറിയിച്ചു.

Meera Sandeep
ചൂട് കൂടുന്നു;  മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്ക് എതിരെ ജാഗ്രതകൂട്ടാം
ചൂട് കൂടുന്നു; മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്ക് എതിരെ ജാഗ്രതകൂട്ടാം

എറണാകുളം: വേനൽ കനക്കുമ്പോൾ ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, എന്നിവ പടർന്ന് പിടിക്കാൻ സാധ്യതയേറിയതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സക്കീന കെ അറിയിച്ചു. വേനലിന്റെ കാഠിന്യത്തിൽ ജലദൗർലഭ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോഴും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ് എ യുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. വയറിളക്കരോഗങ്ങൾ ഫെബ്രുവരി മാസത്തിൽ 2940 കേസുകളും മാർച്ച്‌ മാസത്തിൽ 1834 കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ രോഗബാധിതരിൽ ഫെബ്രുവരി മാസത്തിൽ 3 സ്ഥിരീകരിച്ച കേസുകളും 41 സംശയാസ്പദമായ കേസുകളും 1 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് മാസത്തിൽ 10 സ്ഥിരീകരിച്ച കേസുകളും 48 സംശയാസ്പദമായ ഹെപ്പറ്റൈറ്റിസ് എ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ച് മാസത്തിൽ മലയാറ്റൂർ, മട്ടാഞ്ചേരി, കിഴക്കമ്പലം, പായിപ്ര എന്നീ സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫെബ്രുവരി മാസത്തിൽ ടൈഫോയ്ഡ് രോഗബാധിതരിൽ 2 സ്ഥിരീകരിച്ച കേസുകളും 8 സംശയാസ്പദ കേസുകളും മാർച്ച്‌ മാസത്തിൽ 2 സ്ഥിരീകരിച്ച കേസുകളും 9 സംശയാസ്പദ കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ ഒരു ഷിഗല്ലോസിസ് കേസും സ്ഥിരീകരിച്ചിട്ടുണ്ട്.

മഞ്ഞപിത്തരോഗബാധ, (ഹെപ്പറ്റൈറ്റിസ് എ) വയറിളറിക്ക രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിൻ്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ  കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും നൽകുന്ന വെൽക്കം ഡ്രിങ്കുകൾ, തിളപ്പിച്ച ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേർത്ത് കുടിവെള്ളം നൽകുന്ന പ്രവണതയും ഔട്ട് ബ്രേക്കുകൾക്ക് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തരോഗം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കുവാൻ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് ) മഞ്ഞപ്പിത്തം എ ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.

ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

പ്രതിരോധ മാർഗങ്ങൾ

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലർത്തി ഉപയോഗിക്കരുത്. പുറത്തുപോകുമ്പോൾ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.

  • ആഹാരം പാകം ചെയ്യുന്നതിനും, വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്ത് പോയി വന്നതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

  • കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് കിണർ വെള്ളം ക്ളോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്. ഇത്തരത്തിൽ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങൾ കഴുകുന്നതിനും ഉപയോഗിക്കുക.

  • വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക

  • പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക

  • ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക

  • തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക

  • കുഞ്ഞുങ്ങളുടെ വിസർജ്ജ്യങ്ങൾ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക

  • വീട്ടു പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

രോഗബാധയുള്ള പ്രദേശങ്ങളിൽ സ്കൂളുകളിലും, കോളേജുകളിലും, ജോലിസ്‌ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവെച്ചു കഴിക്കുന്നത്‌ ഒഴിവാക്കുക. ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളിൽ ഉപയോഗിക്കുക. രോഗബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതും പൊതുഇടങ്ങളിൽ സന്ദർശിക്കുന്നതും ഒഴിവാക്കേണ്ടതാണ്. രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. ജീവിതശൈലീരോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, ഗുരുതരരോഗബാധിതർ തുടങ്ങിയവരിൽ കാലതാമസമില്ലാതെ ശരിയായ ചികിത്സ കൃത്യസമയത്തുതന്നെ നൽകേണ്ടതാണ്. അതുകൊണ്ട് ഇവരിൽ കരളിന്റെ പ്രവർത്തനം തകരാറായി രോഗം ഗുരുതരമാകാൻ സാധ്യതയുഉള്ളതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നും കൃത്യമായ ചികിത്സ കാലതാമസം കൂടാതെതന്നെ തേടുക. ഇവർ കഴിവതും പൊതുഇടങ്ങളിൽ സന്ദർശിക്കുന്നതും കൂടുതൽ ജനസമ്പർക്കം ഒഴിവാക്കുകയും പുറത്തുപോകുന്ന സന്ദർഭങ്ങളിൽ വെള്ളവും ഭക്ഷണവും ഒപ്പം കരുതുകയും പുറത്തുനിന്നും കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)

English Summary: Caution can be taken against water borne diseases-jaundice as heat is increasing

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds