1. News

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു.

Meera Sandeep
ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ
ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

തിരുവനന്തപുരം: പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി, ഒരു വിമാനത്താവളത്തിൽ,  ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു.

ബി. പി. സി. എല്ലിന്റെ  സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. പുനരുപയോഗയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച്  ഉൽപ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് ഭാവിയുടെ ഇന്ധനമായ ഗ്രീൻ ഹൈഡ്രജനാണ് ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിക്കുന്നത്. കാർബൺ വിമുക്ത (സീറോ കാർബൺ) സ്ഥാപനമായ സിയാലിന്റെ ഊർജോദ്പാദന സംരംഭങ്ങൾക്ക് ഇത് കരുത്ത് പകരും.

തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ കൈമാറി. കരാർ പ്രകാരം ബി.പി.സി.എൽ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും  ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാൽ ലഭ്യമാക്കും. 2025-ന്റെ തുടക്കത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റിൽ നിന്ന്  ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ വാങ്ങും.

ഈ പദ്ധതി സിയാലിന്റെ ഹരിതോർജ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ- ഹൈഡ്രോ പദ്ധതികളിലൂടെ  2 ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാൽ ദിവസേന ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സിയാൽ സ്ഥാപിക്കുന്നത്.

വ്യവസായ മന്ത്രി പി.രാജീവ്,  ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി  കെ.ആർ. ജ്യോതിലാൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ബി.പി.സി.എൽ ചെയർമാൻ ജി. കൃഷ്ണകുമാർ, ബി.പി.സി.എൽ ഡയറക്ടർമാരായ  വി.ആർ.കെ ഗുപ്ത,  രഞ്ജൻ നായർ, ബി.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷെല്ലി എബ്രഹാം, സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ. ജോർജ്, സിയാൽ ജനറൽ മാനേജർ (കൊമേഴ്‌സ്യൽ) ജോസഫ് പീറ്റർ പൈനുങ്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English Summary: CIAL to become world's first airport to produce green hydrogen

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds