1. News

ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ

ഇന്ത്യയുടെ കടൽ മത്സ്യസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റേതാണ് (സിഎംഎഫ്ആർഐ) കണ്ടെത്തൽ. ഒന്ന് പുതുതായി കണ്ടെത്തിയ അറേബ്യൻ സ്പാരോ നെയ്മീനാണ്. സ്‌കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസൽസ് പുള്ളിനെയ്മീനാണ്.

Meera Sandeep
ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ
ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ

കൊച്ചി: ഇന്ത്യയുടെ കടൽ മത്സ്യസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റേതാണ് (സിഎംഎഫ്ആർഐ) കണ്ടെത്തൽ. ഒന്ന് പുതുതായി കണ്ടെത്തിയ അറേബ്യൻ സ്പാരോ നെയ്മീനാണ്. സ്‌കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസൽസ് പുള്ളിനെയ്മീനാണ്. മുമ്പ് ഈ മത്സ്യം ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന പുള്ളി നെയ്മീനാണെന്നാണ് കരുതിയിരുന്നത്.

ഇതോടെ, ഇന്ത്യൻ കടലുകളിൽ നെയ്മീനുകളുടെ എണ്ണം നിലവിലെ നാലിൽ നിന്നും ആറായി ഉയർന്നു. ഏറെ ആവശ്യക്കാരുള്ളതും ഉയർന്ന വിപണിമൂല്യവുമുള്ളതാണ് നെയ്മീൻ.

ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്ന് ശേഖരിച്ച പുള്ളി നെയ്മീനുകളിൽ നടത്തിയ വിശദമായ വർഗീകരണ-ജനിതക പഠനമാണ് സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.  മുമ്പ് ഒരൊറ്റ ഇനമായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീൻ യഥാർത്ഥത്തിൽ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് പഠനത്തിൽ വ്യക്തമായി. ഇവയിൽ, ഒന്ന് പുതുതായി കണ്ടെത്തിയ നെയ്മീനും രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ടതുമാണ്.  മൂന്നാമത്തേത് നേരത്തെ തന്നെ ലഭ്യമായ പുള്ളിനെയ്മീനാണ്.

ഈ മൂന്ന് നെയ്മീനുകളും മറ്റിനങ്ങളേക്കാൾ താരതമ്യേന ചെറുതാണ്. തീരത്തോട് അടുത്താണ് ഇവ കൂടുതലായും കണ്ടുവരുന്നത്. നല്ല രുചിയും ഉയർന്ന വിപണിമൂല്യമുള്ളതുമാണ്.

അറേബ്യൻ സ്പാരോ നെയ്മീൻ ലഭ്യമാകുന്നത് പൂർണമായും അറബിക്കടൽ തീരത്ത് മംഗലാപുരത്ത് നിന്നും വടക്കോട്ടുള്ള സ്ഥലങ്ങളിലാണ്. അറേബ്യൻ ഗൾഫ് വരെ കടലിൽ ഈ മത്സ്യം കാണപ്പെടുന്നുണ്ട്. കുരുവിയുടേതിന് സാമ്യമായ ചുണ്ടുള്ളതിനാലാണ് ശാസ്ത്രസംഘം ഈ പേര് നൽകിയത്. മറ്റ് രണ്ട് മീനുകളും ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിൽ നാഗപ്പട്ടണത്തിന് വടക്കോട്ടുള്ള ആൻഡമാൻ ഉൾപ്പെടയുള്ള തീരങ്ങളിലാണ് ലഭ്യമാകുന്നത്. കൂടാതെ, ചൈനാ കടൽതീരത്തും ലഭിക്കുന്നുണ്ട്.

രാജ്യത്തിന്റെ സമുദ്രമത്സ്യമേഖലക്ക് വലിയ മുതൽക്കൂട്ടാകുന്ന നേട്ടമായാണ് ഗവേഷകർ ഈ കണ്ടെത്തലിനെ കാണുന്നത്.

ഈ രണ്ടെണ്ണം ഉൾപ്പെടെ അഞ്ച് പുതിയ മീനുകളാണ് ഡോ അബ്ദുസ്സമദിന്റെ നേതൃത്വത്തിൽ ശാസ്ത്രത്തിന് സംഭാവന ചെയ്തിട്ടുള്ളത്. പുതിയ ഇനം ശീലാവ്, പുള്ളി അയല, പോളവറ്റ എന്നിവയാണ്  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേരത്തെ കണ്ടെത്തിയ പുതിയ മീനുകൾ.

English Summary: CMFRI identifies two more seer fishes to Indian marine wealth

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds