1. News

കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടി..കൂടുതൽ വാർത്തകൾ

നാലുമാസത്തേക്ക് യൂണിറ്റിന് 9 പൈസയാണ് വർധിച്ചത്

Darsana J

1. കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടി. നാലുമാസത്തേക്ക് യൂണിറ്റിന് 9 പൈസയാണ് വർധിച്ചത്. ഫെബ്രുവരി 1 മുതൽ മേയ് 31 വരെ നിരക്ക് ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം. ഇന്ധന സർചാർജായാണ് നിരക്ക് ഈടാക്കുന്നത്. വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ വിലവർധനവ് മൂലമുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതാണ് സർചാർജ്. 2022 ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങാൻ അധികം ചെലവായ 87 കോടി ഇത്തരത്തിൽ ഈടാക്കാൻ അനുവദിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ 2 വർഷവും സർച്ചാർജ് അപേക്ഷകളിൽ കമ്മിഷൻ തീരുമാനമെടുത്തിരുന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: PM KISAN ഗഡു 8,000 രൂപയായി വർധിപ്പിക്കുന്നു..കൂടുതൽ വാർത്തകൾ

2. തിരുവനന്തപുരം നെടുമങ്ങാട് കാർഷി ബ്ലോക്കിൽ സംഘടിപ്പിച്ച കൃഷിദർശൻ പരിപാടി സമാപിച്ചു. സമാപന സമ്മേളനത്തിലും ഘോഷയാത്രയിലും കൃഷിമന്ത്രി പി പ്രസാദും ഭക്ഷ്യമന്ത്രി ജിആർ അനിലും പങ്കെടുത്തു. അഞ്ച് ദിവസം നീണ്ടുനിന്ന പരിപാടിയുടെ ഭാഗമായി കാർഷിക പ്രദർശനം, കൃഷിയിട സന്ദർശനം, കൃഷിക്കൂട്ട സംഗമം, കാർഷിക അദാലത്ത് എന്നിവ സംഘടിപ്പിച്ചിരുന്നു.

3. പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ‘പാഠങ്ങൾ പാടങ്ങളിലൂടെയും’ എന്ന പേരിൽ നടപ്പാക്കുന്ന ‘കുട്ടിക്കൂട്ടം സ്കൂൾ കൃഷിത്തോട്ടം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിച്ചത്. കാർഷിക സംസ്ഥാനം എന്ന നിലയിൽ, കേരളീയ ജനത കൃഷിക്കും കർഷക സമൂഹത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. കേരള കയർഫെഡിന്റെ പുതിയ കേന്ദ്രം ഇനിമുതൽ കൊൽക്കത്തയിൽ പ്രവർത്തിക്കും.കൊൽക്കത്ത കോർപ്പറേഷനിലെ അമേർസ്റ്റ് സ്ട്രീറ്റിൽ ആരംഭിച്ച പുതിയ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ് നിർവഹിച്ചു. കയർ ഭൂവസ്ത്രത്തിന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഉള്ള വിപണി കൂടുതൽ ശക്തിപ്പെടുത്താനും, 'കേരള കയർ' ഉൽപ്പന്നങ്ങൾക്ക് പശ്ചിമ ബംഗാളിൽ പുത്തനുണർവ്വ് കൈവരിക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

5. കേരളത്തിന്റെ ഡിസൈൻ പോളിസി കരട് നയം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. തിരുവനന്തപുരത്തു നടന്ന ശിൽപ്പശാലയുടെ സമാപന ചടങ്ങിലാണ് മന്ത്രി കരട് രേഖ ഏറ്റുവാങ്ങിയത്. വിശദമായ ചർച്ചകൾക്കു ശേഷം ഡിസൈൻ പോളിസിയിലെ നിർദേശങ്ങളിൽ പലതും ഈ വർഷംതന്നെ നടപ്പാക്കുമെന്നും സംസ്ഥാനത്ത് വിവിധ മേഖലകളിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കു പുതിയ ദിശാബോധം നൽകുന്നതാകും ഡിസൈൻ പോളിസിയെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

6. കേരളത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാ​ഗമായി പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഭക്ഷ്യ വിഷബാധ കേസുകൾ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുക, കമ്മീഷണർക്ക് റിപ്പോർട്ട് നൽകുക, മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ എത്തുന്നതിന് മുമ്പായി തന്നെ തടയുക എന്നിവയാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ലാർക്ക് എന്നിവരാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൽ ഉള്ളത്.

7. മലപ്പുറത്ത് വ്യവസായ പ്രദര്‍ശന മേളയ്ക്ക് തുടക്കം. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് മേള ആരംഭിച്ചത്. മേളയുടെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം, ഏറനാട്, പെരിന്തല്‍മണ്ണ താലൂക്ക് വ്യവസായ ഓഫീസുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 2022-23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മേള നടത്തുന്നത്.

8. പ്രതീക്ഷിച്ച താങ്ങുവില ലഭിക്കാത്തത് പച്ചക്കറി കർഷകരെ വലയ്ക്കുന്നു. 2020–21 വർഷത്തിലാണ് കർഷകർക്ക് മെച്ചപ്പെട്ട താങ്ങുവില ലഭിച്ചത്. സാധാരണ കർഷകരാണ് ഭൂരിഭാഗവും, ഇവർ കിട്ടുന്ന വിലയ്ക്ക് മൊത്തക്കച്ചവടക്കാർക്കോ, ചില്ലറ വിൽപനക്കാർക്കോ ഉൽപന്നങ്ങൾ കൈമാറുന്ന അവസ്ഥയാണ്. എയിംസ് പോർട്ടലിലെ രജിസ്ട്രേഷൻ ബുദ്ധിമുട്ട് മൂലവും ഒട്ടുമിക്ക കർഷകരും റജിസ്റ്റർ ചെയ്യാൻ തയാറാകുന്നില്ല. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയോ മറ്റ് സംഘങ്ങൾ വഴിയോ വിൽപന നടത്തുന്നവർക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്.

9. കണ്ണൂരിൽ വാഴ കൃത്യതാ കൃഷിയ്ക്ക് ധനസഹായം നൽകാനൊരുങ്ങി കൃഷി വകുപ്പ്. 90 ഹെക്ടറിൽ നേന്ത്രവാഴയും 90 ഹെക്ടറിൽ പച്ചക്കറിയും കൃഷി ചെയ്യുന്നതിനാണ് സബ്സിഡി അനുവദിക്കുക. സംസ്ഥാന ഹോർട്ടികൾചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നീ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജില്ലയിൽ പ്രിസിഷന്‍ ഫാമിങ് അഥവാ കൃത്യതാ കൃഷി വ്യാപിപ്പിക്കുന്നത്. 10 സെന്റ് ഭൂമിയിൽ കൃഷി ചെയ്യുന്നവർ ആനുകൂല്യത്തിന് അർഹരാണ്. താൽപര്യമുള്ള കർഷകർ ഈ മാസം 31ന് മുമ്പ് കൃഷിഭവനുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

10. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പത്തനംതിട്ടയിലെ മത്സ്യത്തൊഴിലാളി വനിതകൾക്ക് ധനസഹായം നൽകുന്നു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫ് നടപ്പാക്കുന്ന ഡിഎംഇ പദ്ധതി വഴി മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് സഹായം ലഭിക്കുക. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20നും 40നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്‍ഡര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് 50 വയസുവരെ പ്രായപരിധിയുണ്ട്. മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 25നകം സമര്‍പ്പിക്കണം. 

11. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കം. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് നിർവഹിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി എരുവേലി റോഡരികിലെ മാലിന്യം നീക്കം ചെയ്തുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

12. വൈറ്റില കാർഷിക ബ്ലോക്ക്‌ കിസാൻ മേള നാളെ നടക്കും. കുമ്പളം, കുമ്പളങ്ങി, ചെല്ലാനം, മരട്, തൃപ്പൂണിത്തറ, തിരുവാങ്കുളം, കൊച്ചി കോർപ്പറേഷൻ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് കിസാൻ മേള സംഘടിപ്പിക്കുന്നത്. എറണാകുളം ടൗൺഹാളിൽ നടക്കുന്ന മേള ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി കാർഷിക പ്രദർശനവും സെമിനാറും സംഘടിപ്പിക്കും.

13. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ തക്കാളി വില ഉയരുന്നു. ഇറക്കുമതി കുറഞ്ഞതോടെ കിലോയ്ക്ക് 40 വരെയാണ് വില. 100 ലോഡ് തക്കാളിയുടെ സ്ഥാനത്ത് ഇപ്പോൾ 50 മുതൽ 60 ലോഡ് വരെയാണ് എത്തുന്നത്. ഈ സ്ഥിതി തുടർന്നാൽ തക്കാളി വില ഇനിയും കൂടുമെന്നാണു സൂചന.

14. ഫിലിപ്പീന്‍സില്‍ സവാള വില കുതിച്ചുയരുന്നു. ഒരു കിലോ സവാളയ്ക്ക് ആയിരത്തിന് മുകളിലാണ് വില. ഉൽപാദന ഇടിവും പണപ്പെരുപ്പവുമാണ് വില ഉയരാനുള്ള കാരണം. ഫിലിപ്പൈൻകാരുടെ ഭക്ഷണത്തിലെ മുഖ്യഇനമാണ് സവാള. ഇതോടെ വിമാന മാർഗം നിരവധിയാളുകളാണ് ഫിലിപ്പീന്‍സിലേക്ക് സവാള കടത്തുന്നത്. കടത്ത് വർധിച്ചതോടെ കർശനനിയന്ത്രണങ്ങളുമായി അധികൃതരും രംഗത്തെത്തി.

15. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മൂലം ഫെബ്രുവരി ആദ്യവാരം വരെ മഴ തുടരും. ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Electricity rate hiked in Kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds