1. News

മലയാളി നഴ്സുമാരുടെ വൈദഗ്ധ്യവും കരുണയും ലോക പ്രശസ്തം: മുഖ്യമന്ത്രി

മലയാളികളായ നഴ്സുമാരുടെ വൈദഗ്ധ്യം, നൈപുണ്യം, കരുതൽ, ദയാപൂർവമായ പെരുമാറ്റം എന്നിവ ലോകപ്രശസ്‌തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോസ്‌പിറ്റൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ഏതു ഭാഗത്തും ആദ്യം ആരും തേടുന്നത് മലയാളി നഴ്സുമാരെയാണ്.

Meera Sandeep
മലയാളി നഴ്സുമാരുടെ വൈദഗ്ധ്യവും കരുണയും ലോക പ്രശസ്തം: മുഖ്യമന്ത്രി
മലയാളി നഴ്സുമാരുടെ വൈദഗ്ധ്യവും കരുണയും ലോക പ്രശസ്തം: മുഖ്യമന്ത്രി

എറണാകുളം: മലയാളികളായ നഴ്സുമാരുടെ വൈദഗ്ധ്യം, നൈപുണ്യം, കരുതൽ, ദയാപൂർവമായ പെരുമാറ്റം എന്നിവ ലോകപ്രശസ്‌തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോസ്‌പിറ്റൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ഏതു ഭാഗത്തും ആദ്യം ആരും തേടുന്നത് മലയാളി നഴ്സുമാരെയാണ്. ഈ തിരിച്ചറിവോടെ നഴ്‌സിംഗ് പഠന രംഗത്തും നഴ്‌സുമാരുടെ റിക്രൂട്ടിംഗ് രംഗത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷം 'ശത സ്മൃതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യത്തിൻ്റെ പ്രതീകങ്ങളാണ് നഴ്സുമാർ. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാവായ്‌പിന്റെയും പ്രതീകമായാണ് ഏവരും നഴ്സു‌മാരെ കാണുന്നത്. കേവലം പരിചരണമല്ല തികച്ചും മനുഷ്യത്വ പൂർണ്ണമായ പരിചരണമാണ് നഴ്‌സുമാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. വേദനയിൽ പുളഞ്ഞിരുന്ന ഓരോ സൈനികന്റെ അടുത്തേക്കും ഒരു കയ്യിൽ റാന്തൽവിളക്കും മറുകയ്യിൽ മരുന്നു പാത്രവുമായി ഓടി നടന്ന് പ്രവർത്തിച്ച ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരാണെന്ന ചിന്ത ഓരോ നഴ്സുമാരിലും ഉണ്ടാകണം.

നഴ്സ‌ിംഗ് മേഖലയുടെ വിലമതിക്കാനാവാത്ത പരിചരണം വളരെയധികം തിരിച്ചറിഞ്ഞ കാലമാണിത്. നിപയുടെയും കോവിഡിന്റെയും സമയത്ത് സ്വജീവൻ പോലും പണയപ്പെടുത്തി പ്രവർത്തിച്ച് മലയാളിമനസ്സിൽ ഇടം നേടിയവരാണ് നമ്മുടെ നഴ്‌സുമാർ. നിപ വൈറസ് ബാധിതരെ ചികിത്സിച്ച് ജീവൻ ത്യജിച്ച ലിനി നമ്മുടെ ഓർമ്മയിൽ ഉണ്ട്. നഴ്സിംഗ് സേവനത്തിന്റെ സമാനതകളില്ലാത്ത പ്രതീകമാണ് ലിനി. ഇത് മനസ്സിലാക്കിയാണ് സർക്കാർ മേഖലയിലെ മികച്ച നഴ്സിനുള്ള അവാർഡിന് ലിനിയുടെ പേര് നൽകാൻ സർക്കാർ തയ്യാറായത്. ലിനിയെപ്പോലുള്ളവരുടെ അർപ്പണബോധമാണ് നഴ്സുമാരിൽ പ്രകടമാകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നഴ്സിംഗ് പഠനനിലവാരം താരതമ്യേന ഉയർന്ന നിലയിലാണ്. നഴ്സിംഗിനെ ഒരു തൊഴിൽ എന്നതിനപ്പുറം സേവനമായി കാണുന്ന സംസ്കാരവും കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ഏഴര വർഷക്കാലം കൊണ്ട് നഴ്സിംഗ് മേഖലയിൽ സംഭവിച്ചിട്ടുള്ള ഗുണപരമായ മാറ്റം ആർക്കും തിരിച്ചറിയാൻ കഴിയും. സർക്കാർ സർവീസിലുള്ള നഴ്‌സുമാർക്ക് മികച്ച ശമ്പളവും സേവനവ്യവസ്ഥയും പ്രമോഷൻ സാധ്യതകളും കേരളത്തിലുണ്ട്.

എന്നാൽ, സ്വകാര്യ ആശുപത്രികളിലെ സ്ഥിതി അതായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശക്തമായ ഇടപെടൽ നടത്തി. അതിൻ്റെ ഫലമായി സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർക്കുള്ള മിനിമം ശമ്പളം ഇരുപതിനായിരം രൂപയായി നിജപ്പെടുത്തി. ഇതു നൽകിയ ആശ്വാസം വളരെ വലുതാണ്. ഈ സർക്കാരിൻ്റെ കാലത്തും നഴ്സിംഗ് മേഖലയിൽ ഗൗരവകരമായ ഇടപെടലുകളാണ് നടത്തിവരുന്നത്. ലോക തൊഴിൽ കമ്പോളത്തിന് ഉപയുക്തമാകത്തക്ക നിലയിൽ നഴ്സിംഗ് പഠനാവസരങ്ങൾ കൂടിയ തോതിൽ ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലാദ്യമായി സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം ഈ വർഷം 1,020 ബി.എസ്.സി നഴ്സ‌ിംഗ് സീറ്റുകൾ പുതുതായി വർദ്ധിപ്പിച്ചു. സർക്കാർ മേഖലയിൽ 400 സീറ്റുകൾ, സീമെറ്റിൽ 420 സീറ്റുകൾ, സീപാസ്സിൽ 150 സീറ്റുകൾ, കെയ്പ്പിൽ 50 സീറ്റുകൾ എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സർക്കാർ, സർക്കാർ നിയന്ത്രിത മേഖലകളിലെ മെറിറ്റ് സീറ്റുകളുടെ എണ്ണം 5,627 ആയി. കൂടാതെ സർക്കാർ മേഖലയിൽ ജനറൽ നഴ്സിംഗിന് മുൻവർഷത്തെ അപേക്ഷിച്ച് 100 സീറ്റുകൾ കൂടി വർദ്ധിപ്പിച്ചു. അതോടെ ആകെ എണ്ണം 557 ആയി.

തിരുവനന്തപുരത്തും ആലപ്പുഴയിലും എം.എസ്.സി മെൻ്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സിന് അനുമതി നൽകി. 16 പേർക്കാണ് തുടക്കത്തിൽ പ്രവേശനം ലഭിക്കുക. ട്രാൻസ്ജെന്റർ വ്യക്തികൾക്ക് നഴ്സിംഗ് മേഖലയിൽ സംവരണം അനുവദിച്ചു. കൂടാതെ പുതുതായി ആരംഭിച്ച ആറ് സർക്കാർ നഴ്സിംഗ് കോളേജുകൾക്കായി 79 തസ്ത‌ികകളും സൃഷ്ടിച്ചിട്ടുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലും നഴ്സിംഗ് മേഖലയിൽ ധാരാളം അവസരങ്ങൾ ഉണ്ടായി വരുന്നുണ്ട്.  അതു കണ്ടുകൊണ്ടാണ് ഈ രീതിയിൽ നഴ്സിംഗ് മേഖലയിൽ സീറ്റ് വർധന വരുത്തുന്നത്. സീറ്റ് വർധന ഇനിയുംതുടരാനാണ് സർക്കാർ തീരുമാനം. വിവിധ സാധ്യതകൾ നമ്മുടെ നാട്ടിലുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്. പുറം നാടുകളിൽ ജോലി തേടി പോകുന്ന നഴ്സുമാർക്ക് അവിടത്തെ ഭാഷ പരിചയപ്പെടുത്താൻ ആവശ്യമായ കോഴ്സുകൾ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിവിധ രാജ്യങ്ങളുമായും ഏജൻസികളുമായും ചർച്ചകൾ നടത്തി വരികയാണ്.

ഇത്തരം അവസരങ്ങൾ ഒരുങ്ങുമ്പോൾ അവ ഉപയോഗപ്പെടുത്താൻ കഴിയുന്നവിധം നമ്മുടെ കുട്ടികളെ പ്രാപ്‌തരാക്കാൻ നഴ്സിംഗ് കോളേജുകൾക്ക് സാധിക്കണം. സേവനത്തിന്റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും ഉന്നത മികവു പുലർത്തുന്നവരായി നമ്മുടെ കുട്ടികൾ മാറണം. അതിനുതകുന്ന എല്ലാ ഭൗതിക സാഹചര്യങ്ങളും ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കൊച്ചി മുനിസിപ്പൽ മേയർ അഡ്വ.എം. അനിൽകുമാർ സുവനീർ ഏറ്റു വാങ്ങി. കെ.ജെ മാക്സി എംഎൽഎ, സംസ്ഥാന ആരോഗ്യ വകുപ്പ് മേധാവി ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സെക്കീന, എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് എ.ഡി.എൻ.എസ്

ബി. ബീന, കേരള നഴ്സസ് ആൻഡ് മിഡ്ഫൈസ് കൗൺസിൽ പ്രസിഡൻ്റ് പി.ഉഷാദേവി, കൊച്ചി കോർപറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, ഡിവിഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, എറണാകുളം എൻ.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണി, ഗവ. നഴ്സ‌ിംഗ് സ്‌കൂൾ പ്രിൻസിപ്പാൾ പി.സി ഗീത, പി.ടി.എ പ്രസിഡൻ്റ് വി.കെ അഷ്റഫ് എന്നിവർ സംസാരിച്ചു.

English Summary: Expertise and compassion of Malayali nurses world famous: Chief Minister

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds