കൊച്ചി: അന്താരാഷ്‌ട്ര വിപണിയിലെ കനത്ത മത്സരങ്ങള്‍ക്കിടയിലും കൊവിഡ് ഉയർത്തിയ ഭീഷണിയും അതി ജീവിച്ച് ഉയര്‍ന്ന ഗുണമേന്മയും ഗുണനിലവാരവും നിലനിര്‍ത്തി 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കയറ്റുമതി 21515.4 കോടി രൂപയുടെ (3033.44 മില്യണ്‍ യുഎസ് ഡോളര്‍) നേട്ടം കൊയ്തു. സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ചരിത്രത്തിൽ ആദ്യമായാണ് 3 ബില്യണ്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുന്നത്. For the first time in the history of spice exports, it achieved a gain of US $ 3 billion.
കടുത്ത മത്സരങ്ങള്‍ക്കിടയിലും ആഗോള വിപണിയിലെ ഗുണമേന്മയേറിയ സുഗന്ധവ്യഞ്‌ജനങ്ങള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത നിറവേറ്റുന്നതിന് ഇന്ത്യയ്ക്കു കഴിഞ്ഞു. കൊവിഡ്-19 പോലെയുള്ള മഹാമാരികള്‍, ആരോഗ്യ സംവര്‍ധകങ്ങളായ സുഗന്ധവ്യഞ്‌ജനങ്ങളുടെ ആവശ്യകത ഉയര്‍ത്തുന്നുവെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ ഏറ്റവുമധികം വർധനവ് നേടിയ സുഗന്ധവ്യഞ്‌ജനം ഇഞ്ചിയാണ്. അളവില്‍ 178 ശതമാനവും മൂല്യത്തില്‍ 129 ശതമാനവും ആണ് വർധന. 449.05 കോടി രൂപ വിലമതിക്കുന്ന 50,410 മെട്രിക് ടണ്‍ ഇഞ്ചി കയറ്റുമതി ചെയ്തു. പേരേലത്തിന്‍റെ കയറ്റുമതി അളവിൽ 28 ശതമാനവും മൂല്യത്തിൽ 11 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. 67.58 കോടി രൂപ വിലമതിക്കുന്ന 1100 മെട്രിക് ടണ്‍ പേരേലം 2019-20ല്‍ വ്യാപാരം ചെയ്യപ്പെട്ടു.
ആഗോളവിപണിയിലെ വർധിച്ച ആവശ്യകത മുതലാക്കി 11.83 ലക്ഷം മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളും ആണ് 2019-20 വര്‍ഷത്തില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി മൂല്യത്തിലും അളവിലും ലക്ഷ്യമിട്ടതിലും കൂടുതലാണ്. 19666.90 കോടി രൂപ (2850.28 യുഎസ് ഡോളര്‍) മൂല്യമുള്ള 10,75,000 മെട്രിക് ടണ്‍ കയറ്റുമതി ലക്ഷ്യത്തിനെതിരെ അളവില്‍ 110 ശതമാനവും രൂപ മൂല്യത്തില്‍ 109 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 106 ശതമാനവും നേട്ടം കൈവരിക്കാനായി. 2018-2019 വർഷത്തിൽ 19505.81 കോടി രൂപ വിലമതിക്കുന്ന 1100250 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളും കയറ്റുമതി ചെയ്‌തു. 2019-2020 വർഷത്തിൽ ഇത് 21515.4 കോടി രൂപ വില വരുന്ന 11.83 മെട്രിക് ടണ്‍ ആയി വർധിച്ചു. 2018-2019 വര്‍ഷത്തെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അളവിൽ എട്ട് ശതമാനവും, രൂപ മൂല്യത്തിൽ പത്ത് ശതമാനവും, ഡോളർ മൂല്യത്തിൽ എട്ട് ശതമാനവും നേട്ടമുണ്ടാക്കാനായി.
2018-2019 വര്‍ഷത്തില്‍ 219 സുഗന്ധവ്യഞ്‌ജനങ്ങളും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളും കയറ്റുമതി ചെയ്‌തപ്പോള്‍ 2019-20ല്‍ ഇത് 225 ആയി ഉയര്‍ന്നു. മുളക്, പുതിനയും പുതിന ഉത്പന്നങ്ങളും, ജീരകം, സുഗന്ധവ്യഞ്ജന എണ്ണ, സത്തുകൾ, മഞ്ഞള്‍ തുടങ്ങിയവ ആകെ കയറ്റുമതിയുടെ 80 ശതമാനം സംഭാവന ചെയ്തു. ലോകത്താകമാനം 185 രാജ്യങ്ങളിലേക്ക് സുഗന്ധവ്യഞ്‌ജനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ചൈന (24%), യുഎസ്എ (16%), ബംഗ്ലാദേശ് (6%), യുഎഇ (6%), തായ്‌ലാൻഡ് (5%), ശ്രീലങ്ക, മലേഷ്യ, യുകെ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് കയറ്റുമതി വരുമാനത്തിന്‍റെ 70 ശതമാനവും നല്‍കുന്നത്. കഴിഞ്ഞ വർഷങ്ങളിലേത് പോലെ, ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട സുഗന്ധവ്യഞ്‌ജനം വറ്റൽമുളകാണ്; ഇത്തവണ 4,84,000 മെട്രിക് ടണ്‍ മുളകാണ് ( മൂല്യം: 6,221.70 കോടി രൂപ) കയറ്റുമതി ചെയ്തത്. മുൻ വർഷത്തിലേതിനെ അപേക്ഷിച്ച് മൂല്യത്തിൽ 15 ശതമാനമാണ് വർധനവ്. ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട രണ്ടാമത്തെ സുഗന്ധവ്യഞ്‌ജനം ജീരകമാണ്. അളവിൽ 16 ശതമാനവും മൂല്യത്തിൽ 12 ശതമാനവും വര്‍ധനവോടെ 3225 കോടി രൂപ വിലമതിക്കുന്ന 210000 മെട്രിക് ടണ്‍ ജീരകം കയറ്റുമതി ചെയ്തു.
മൂല്യവർധിത ഉത്പന്നങ്ങളായ കറിപ്പൊടികള്‍, പേസ്റ്റുകള്‍, മസാലക്കൂട്ടുകള്‍ എന്നിവയ്ക്കൊക്കെ വിദേശ വിപണികളില്‍ ഉയര്‍ന്ന ആവശ്യകതയാണുള്ളത്. ഇവയുടെ കയറ്റുമതി അളവിൽ 13 ശതമാനവും മൂല്യത്തിൽ 12 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. 834.1 കോടി രൂപ വിലമതിക്കുന്ന 38200 മെട്രിക് ടണ്‍ കറിപ്പൊടികള്‍, പേസ്റ്റുകള്‍ മുതലായവ 2019-20ല്‍ കയറ്റുമതി ചെയ്തു. മൂല്യവർധിത ഉത്പന്നങ്ങളുടെ വർധിച്ച ആവശ്യകത നിലനിൽക്കുന്നതിനാൽ സുഗന്ധവ്യഞ്ജന എണ്ണ, സത്തുകൾ; പുതിന, പുതിന ഉത്പന്നങ്ങള്‍ എല്ലാം നേട്ടം കൊയ്തു. 22725 മെട്രിക് ടണ്‍ പുതിന ഉത്പന്നങ്ങളും 13950 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജന എണ്ണയും സത്തുക്കളും രാജ്യത്തു നിന്നും കയറ്റുമതി ചെയ്യപ്പെട്ടു. പുതിനയുടെ കയറ്റുമതി മൂല്യത്തിൽ 49 ശതമാനവും അളവിൽ 35 ശതമാനവും വർധനവ് രേഖപ്പെടുത്തി, 3321 .79 കോടി രൂപ വിലമതിക്കുന്ന 19,980 ടണ്‍ പുതിനയും പുതിന ഉത്പന്നങ്ങളുമാണ് രാജ്യത്തുനിന്നും കയറ്റുമതി ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് സെലറിയുടെയും, മല്ലി, ഉലുവ, കടുക് തുടങ്ങിയ ബീജവ്യഞ്ജനങ്ങളുടെയും കയറ്റുമതി 2019-20ല്‍ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. കയറ്റുമതിയിൽ വർദ്ധനയുണ്ടായത് സുഗന്ധ വ്യജ്ഞന കർഷകർക്കും പുത്തൻ ഉണർവാണ് സമ്മാനിച്ചിരിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകൾക്ക് തുടക്കമായി