1. News

കേരളം സമ്പുർണ ഡിജിറ്റൽ ബാങ്കിങ്ങിലേക്ക്... കൂടുതൽ കൃഷി വാർത്തകൾ...

കറൻസി രഹിത ഇടപാടുകൾ ഒരുക്കി ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ലക്ഷ്യം നേടി കേരളം. റിസർവ് ബാങ്കിന്റെ നിർദേശം അനുസരിച്ചു തൃശ്ശൂർ, കോട്ടയം ജില്ലകളിൽ ആരംഭിച്ച സമ്പുർണ ഡിജിറ്റൈസേഷൻ എല്ലാ ജില്ലകളിലും പൂർത്തിയാക്കി.

Raveena M Prakash

1. കേരള സംസ്ഥാന കടാശ്വാസ കമ്മീഷൻ മുഖേന കാർഷിക വായ്പകൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കടാശ്വാസ കമ്മീഷൻ മുഖേന കാർഷികവായ്പകൾക്കു നൽകിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും, ഇടുക്കി വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേൽ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കുന്നതിനായി 2023 ജനുവരി 1 മുതൽ ജൂൺ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മീഷനിൽ, കർഷകർക്ക് കടാശ്വാസത്തിന് അപേക്ഷ നൽകാവുന്നതാണ്. കർഷകർ സഹകരണ ബാങ്കുകളിൽ, സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

2. കറൻസി രഹിത ഇടപാടുകൾ ഒരുക്കി ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ലക്ഷ്യം നേടി കേരളം. റിസർവ് ബാങ്കിന്റെ നിർദേശം അനുസരിച്ചു തൃശ്ശൂർ, കോട്ടയം ജില്ലകളിൽ ആരംഭിച്ച സമ്പുർണ ഡിജിറ്റൈസേഷൻ എല്ലാ ജില്ലകളിലും പൂർത്തിയാക്കി. സമ്പുർണ ഡിജിറ്റൽ ബാങ്കിങ്ങു പ്രഘ്യാപനം തിരുവനന്തപുരത്തു വെച്ചു ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 3.60 കോടിയലധികം സേവിങ്സ് യോഗ്യരായ അക്കൗണ്ട് ഉടമകളെയാണ് ഡിജിറ്റലാക്കിയത്. അതിൽ 1.75 കോടിയിലധികം പേർ സ്ത്രീകളാണെന്ന പ്രേത്യകതയുണ്ട്. 

3. പാലക്കാട് ജില്ലയിലെ നെലിയാമ്പതിയിൽ, ഗവ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു, കോളിഫ്‌ളവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ്, തുടങ്ങിയ വിവിധ പച്ചക്കറികളാണ് ഇവിടെ സമൃദ്ധമായി വിളവെടുക്കുന്നത്. നിലവില്‍ അഞ്ച് ടണ്‍ പച്ചക്കറികളാണ് വിളവെടുത്തത്. കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ അടുത്തഘട്ടത്തില്‍ വിളവെടുക്കും. ഫാമിനുള്ളില്‍ എട്ട് ഹെക്ടറിലാണ് പച്ചക്കറി കൃഷി സജീവമായിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിത്തുകളും തൈകളും ഫാമില്‍ പോളി ഹൗസുകളില്‍ വളര്‍ത്തിയ ശേഷമാണ് കൃഷിയിടങ്ങളില്‍ നടുന്നത്. മൊത്തം 208 ഹെക്ടറിലുള്ള ഫാമില്‍ പച്ചക്കറികള്‍ക്ക് പുറമെ വിവിധ ഇനം പഴങ്ങളും, വിവിധ ഇനം പൂക്കൃഷിയും ഉണ്ട്. 25 ഏക്കറിലാണ് പാഷന്‍ ഫ്രൂട്ട് കൃഷി ഉള്ളത്. ആറായിരത്തോളം ഓറഞ്ച് തൈകളും നട്ടിട്ടുണ്ട്. 

4. ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിക്കപ്പെട്ട സംസ്ഥാനമായി കേരളം. പ്ളാന്റേഷൻ ഡയറക്ടറേറ്റിന്റെ ആദ്യ പരിപാടി ഇന്ന് കോഴിക്കോട് സംഘടിപ്പിച്ചു. കേരളത്തിലെ പ്ലാന്റേഷന്‍ മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാൻ തീരുമാനമായി. പ്ലാന്റേഷന്‍ ടൂറിസം രൂപകല്‍പ്പന മുൻ നിർത്തി വിശദ പദ്ധതിക്ക് രൂപം നൽകാൻ സെമിനാറിൽ ചർച്ച ചെയ്‌തു. പ്ലാന്റേഷന്‍ ടൂറിസത്തിന്റെ പുനര്‍ രൂപകല്‍പ്പന, ഉത്തരവാദിത്വ ടൂറിസത്തിനുള്ള സാധ്യതകള്‍ എന്നീ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. 

5. മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയറി ഫാമുകള്‍, ഫാം ഓട്ടോമേഷന്‍, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റ്, T .M .R യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 2022 ജൂലൈ 25 ന് ശേഷം നാഷണലൈസ്ഡ് ബാങ്ക്/കേരള ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും അഞ്ച് വര്‍ഷത്തെ കാലയളവില്‍ വായ്പയെടുത്ത ക്ഷീരകര്‍ഷകര്‍ക്ക് പലിശയിളവ് ലഭിക്കുന്നതിനായി അപേക്ഷിക്കാം. ഓരോ വര്‍ഷത്തെയും പലിശ പൂര്‍ണമായും വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. പലിശയിളവ് ലഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പ എടുക്കുന്നതിലേക്ക് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ബാങ്ക് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വായ്പയിലേക്ക് മുതലും പലിശയും അടച്ചതിന്റെ സ്റ്റേറ്റ്മെന്റ് എന്നിവ സഹിതം അടുത്തുള്ള ബ്ലോക്ക് ക്ഷീര വികസന ഓഫീസില്‍ ഫെബ്രുവരി ഒന്‍പതിനകം നല്‍കണം.

6. കാല്‍നൂറ്റാണ്ടായി തരിശായി കിടക്കുന്ന പ്രദേശങ്ങൾ കൃഷിയോഗ്യമാക്കാന്‍ മൈനാഗപള്ളി പഞ്ചായത്തില്‍ പദ്ധതി രൂപികരിച്ചു . 548 ഏക്കര്‍ തരിശുനിലമാണ് കൃഷിയോഗ്യമാക്കുന്നത്. കൃഷി, ഇറിഗേഷന്‍, തദ്ദേശസ്വയംഭരണം, തൊഴിലുറപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നവകേരളം കര്‍മപദ്ധതിപ്രകാരം, ഹരിതകേരളം മിഷന്റെ മേല്‍നോട്ടത്തില്‍ പാടശേഖരസമിതികളുമായി ചേര്‍ന്ന് കൃഷിയിറക്കും. ഉദ്യോഗസ്ഥസംഘം ഇവിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരുവര്‍ഷത്തിനകം പരമാവധി തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് പി. എം. സെയ്ദ് പറഞ്ഞു.

7. ആലപ്പുഴ ചെങ്ങന്നൂർ മൃഗസംരക്ഷണ വകുപ്പിന്റെ സെൻട്രൽ ഹാച്ചറിയിൽ വെച്ച് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. ജനുവരി 30 , 31 തീയതികളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ 0479 -2457778 ,0479 2452277 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

8. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പാനായിക്കുളത്തു മികച്ച കർഷകരായ തിരെഞ്ഞെടുത്ത V V. അബ്ദുൾ ജബ്ബാറിൻ്റെയും, സന്തോഷ് P അഗസ്റ്റിൻ്റെയും 2 ഏക്കർ കൃഷിയിടത്തു പൊട്ടുവെള്ളരി വിജയകരമായി കൃഷി ചെയ്‌തു. ഭൗമസൂചികാ പദവി നേടിയ കൊടുങ്ങല്ലൂർ പൊട്ടുവെള്ളരിയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

9. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള National Institute for Rubber Training and Molecular Biology & Biotechnology ടെക്‌നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ജനുവരി 23-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി 3 മാസമാണ്. കോഴ്‌സില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 15 ആണ് . ഏതെങ്കിലും ജീവശാസ്ത്രശാഖകളില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍, ഗവേഷകര്‍, മോളിക്യുലാര്‍ ബയോളജിയുമായോ, ബയോടെക്‌നോളജിയുമായോ ബന്ധപ്പെട്ട മേഖലകളില്‍ ജോലികളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ കോഴ്‌സില്‍ ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ training@rubberboard.org.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

10. ഇടുക്കി ജില്ലയില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് തുടക്കം കുറിച്ചു. സെന്‍സസിന്റെ ഭാഗമായ വിവരശേഖരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക പദ്ധതികള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും, നടപ്പാക്കാനും ആവശ്യമായ കൃത്യതയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന ഈ സെന്‍സസ് സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ, ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നിര്‍ദേശപ്രകാരമാണ്, കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് മൂന്ന് ഘട്ടമായി കാർഷിക സെൻസസ് നടത്തുന്നത്.

11. തൃശ്ശൂർ ജില്ലയിൽ മൃഗചികിത്സാ സംവിധാനങ്ങൾ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ മൊബൈൽ വെറ്ററിനറി യുണിറ്റുകളുടെ പ്രവർത്തനം തുടങ്ങുന്നു. പഴയന്നൂർ, മതിലകം ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളാണ് ജില്ലയിൽ ഇതിനായി പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന 1962 എന്ന ടോൾഫ്രീ നമ്പറിൽ ഒരു കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തിക്കുക. കന്നുകാലികളെ വളർത്തുന്നവർ / മൃഗ ഉടമകൾ എന്നിവരിൽ നിന്ന് കോളുകൾ സ്വീകരിക്കുകയും അവ കോൾ സെന്ററിലെ വെറ്ററിനറി ഡോക്ടർക്ക് കൈമാറുകയും ചെയ്യും.

12. ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ എറണാകുളം പറവൂര്‍, കൊച്ചി, ഇരുമ്പനം, കാക്കനാട് എന്നീ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. നാല് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. ജില്ലയിലെ 50 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയ 4 ഹോട്ടലുകളും, ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 2 ഹോട്ടലുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 19 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള നോട്ടീസും 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിനും നോട്ടീസ് നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ അറിയിച്ചു.

13 . രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയാണ് കാർഷിക മേഖലയെന്നും, അതിന്റെ വികസനത്തിന് കേന്ദ്ര ധനസഹായത്തിന് തടസ്സമില്ലെന്നും കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയെ പരാമർശിച്ച്, ജൈവകൃഷിയുടെ സാധ്യതകൾ കണക്കിലെടുത്ത് കാർഷിക മേഖല വികസിപ്പിക്കാൻ കേന്ദ്രവും വടക്കുകിഴക്കൻ സംസ്ഥാന സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

14. വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി ജനുവരി 12-13 തീയതികളിൽ നടക്കും, G20 ഇതര രാജ്യങ്ങൾക്ക് അവരുടെ ആശങ്കകൾ, ആശയങ്ങൾ അതോടൊപ്പം കാഴ്ചപ്പാടുകൾ പങ്കിടാനും ഇത് വേദി ഒരുക്കുന്നു. രാഷ്ട്രത്തലവന്മാരുമായുള്ള സെഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കും.

15. ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്കുകിഴക്ക് ദിശയിൽ നിന്നോ, കിഴക്ക് ദിശയിൽ നിന്നോ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കർഷക കടാശ്വാസം - ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്; കൂടുതൽ കൃഷി വാർത്തകൾ

English Summary: Farmer's loan relief scheme apply before June 30 says Agriculture Minister P. Prasad

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds