1. News

സബ്‌സിഡി ഉത്‌പന്നങ്ങൾക്ക് ജി. എസ്. ടി ചുമത്തില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ

സബ്‌സിഡി ഉത്‌പന്നങ്ങൾക്ക് ജി എസ് ടി ചുമത്തില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങളുടെ കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും, സപ്ലൈക്കോ പൊതു മേഖല സ്ഥാപനം ആണെന്നും മന്ത്രി വ്യക്തമാക്കി. അവിടെ ജി എസ് ടി ഒഴിവാക്കുന്നതിലടക്കമുള്ള പ്രായോഗികത നോക്കിയാകും തുടർ നടപടി സ്വീകരിക്കുക.

Saranya Sasidharan

1. സബ്‌സിഡി ഉത്‌പന്നങ്ങൾക്ക് ജി എസ് ടി ചുമത്തില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങളുടെ കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും, സപ്ലൈക്കോ പൊതു മേഖല സ്ഥാപനം ആണെന്നും മന്ത്രി വ്യക്തമാക്കി. അവിടെ ജി എസ് ടി ഒഴിവാക്കുന്നതിലടക്കമുള്ള പ്രായോഗികത നോക്കിയാകും തുടർ നടപടി സ്വീകരിക്കുക. ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ജി എസ് ടി ഒഴിവാക്കി ജനങ്ങൾക്ക് മേലുള്ള അമിത ഭാരം കുറക്കുകയാണ് സർക്കാരിന്‍റെ താൽപര്യമെന്നും എന്നും മന്ത്രി പറഞ്ഞു.

2. വൈറ്റില കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കാര്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സഹൃദയയുടെ സഹകരണത്തോടെ ബ്ലോക്കിൻ്റെ പ്രവർത്തനപരിധിയിലുള്ള 7 കൃഷിഭവനുകളിൽ നിന്നുള്ള കർഷകരെ പങ്കെടുപ്പിച്ചു കൊണ്ട് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ബ്ലോക്കുതല കർഷകസഭയും കാർഷിക പ്രദർശനവും സംഘടിപ്പിച്ചു. പൊന്നുരുന്നി സഹൃദയയിൽ ആത്മ എറണാകുളം ജില്ലാ പ്രോജക്ട് ഡയറക്ടർ ഷീല പോളിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേബി തമ്പി ഉദ്‌ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടർ സിന്ധു പി. ജോസഫ് പദ്ധതി വിശദീകരണം നടത്തി. കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, നടീൽ വസ്തുക്കളുടെ വിപണനം, മൊബൈൽ മണ്ണ് പരിശോധനാ ലബോറട്ടറിയുടെ സഹകരണത്തോടെയുള്ള മണ്ണ് സാംപിൾ പരിശോധന എന്നിവയും കർഷക സഭയുടെ ഭാഗമായിരുന്നു. വിവിധ കൃഷി വിദഗ്‌ധർ കാർഷിക സെമിനാറിന് നേതൃത്വം നൽകി

3. രാസവളങ്ങള്‍ ഒഴിവാക്കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അതിരമ്പുഴ ഗ്രാമപഞ്ചായത്തും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയും ചേര്‍ന്ന് ആരംഭിച്ച, ജൈവ വള ഉത്പാദന യൂണിറ്റ് ഉത്പാദിപ്പിച്ച 'നൈപുണ്യ' ജൈവവളം വിപണിയില്‍. ' എൻ്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി. ഐയില്‍ മൂന്നു ലക്ഷം രൂപ ചെലവില്‍ ശുചിത്വ മിഷന്‍ നിര്‍മിച്ച തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് വഴിയാണ് ജൈവവള ഉത്പാദനം നടത്തുന്നത്. ഐ.ടി.ഐ. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മറ്റും ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചാണ് ജൈവവളം ഉത്പാദിപ്പിക്കുന്നത്. കിലോയ്ക്ക് 20 രൂപയാണ് വില വരുന്നത്. കോളജിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം കഴിഞ്ഞ് അധികമായി വരുന്ന ജൈവവളം കുടുംബശ്രീയുടെ സഹായത്തോടെ വില്‍പ്പന നടത്തും. . നൈപുണ്യ ജൈവവളത്തിന്റെ വിപണനോദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമലയും സൂസി ആന്റണി അധ്യക്ഷതയും നിർവഹിച്ചു.

4. 2022 ജൂൺ മാസം ഒന്നാം തീയതി മുളംന്തുരുത്തി ഗ്രാമ പഞ്ചായത്ത്‌ പെരുമ്പിള്ളി 13 വാർഡ് ബാല സഭ കുട്ടികൾ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ജോയൽ കെ ജോയി നിർവഹിച്ചു. കേരള സർക്കാരിന്റെ "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഭാഗമായി 2022 ജൂൺ മാസം ഒന്നാം തീയതിയാണ് പച്ചക്കറി കൃഷി ഉത്ഘാടനം ചെയ്തത്.

5. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പും സംസ്ഥാന ഹോർട്ടികോർപ്പുമായി ചേർന്നു സംസ്ഥാനത്തെ അംഗൻവാടികളിലെ കുട്ടികൾക്കു തേൻ വിതരണം ചെയ്യുന്ന പരിപാടിയായ തേൻകണം പദ്ധതിയുടെ ഉദ്ഘാടനം അങ്ങാടിപ്പുറം പഞ്ചായത്തിലെ 5-ാം വാർഡ് തണ്ടാംപാറ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് സഈദ ടീച്ചർ നിർവഹിച്ചു. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളില്‍ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഒരു കുട്ടിക്ക് ആറ് തുള്ളി തേന്‍ വീതമാണ് അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മൂന്നു മാസത്തേക്ക് 300 ഗ്രാം തേന്‍ വീതം ഓരോ അങ്കണവാടികളിലും ലഭ്യമാക്കിയിട്ടുണ്ട്. മേഖലാ അടിസ്ഥാനത്തില്‍ സംയോജിത ശിശു വികസന സേവന പദ്ധതി ഓഫീസുകളില്‍ എത്തിച്ച തേന്‍ അതാത് അങ്കണവാടി പ്രവര്‍ത്തകര്‍ക്കാണ് കൈമാറുന്നത്.

6. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജീവനക്കാര്‍ക്കുള്ള 2022-23 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക സര്‍വ്വെയുടെ ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഷീന അധ്യക്ഷത വഹിച്ചു. . കാര്‍ഷിക നയരൂപീകരണത്തിന് സാമ്പത്തിക സ്ഥിതിവിവര കണക്ക് ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് ഏറെ സഹായകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

7. എലത്തൂര്‍ പുതിയാപ്പ ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച ഫിംഗര്‍ ജെട്ടികളുടെയും ലോക്കര്‍ മുറികളുടെയും മറ്റു വികസന പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞബദ്ധമായ നിലപാടുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും നാടിന്റെ സ്വന്തം സൈന്യമായി പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഗൗരവതരമായ പരിഗണനയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെക്കേ പുലിമുട്ടില്‍ നിന്ന് 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളാണ് പൂര്‍ത്തീകരിച്ചത്. കൈവിരല്‍ ആകൃതിയില്‍ കടല്‍പ്പാലം മാതൃകയിലാണ് പുതിയ ജെട്ടികള്‍. ഇരുവശങ്ങളിലുമുള്ള യാനങ്ങള്‍ക്ക് സുഗമമായി അടുപ്പിക്കുവാന്‍ സാധിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായി ഫിംഗര്‍ ജെട്ടി സ്ഥാപിക്കുന്നത്. ജെട്ടിയിലേക്കുള്ള 300 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡും ശുദ്ധജല വിതരണ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. തീരദേശത്തിന്റെയും ഹാര്‍ബറുകളുടെയും സുരക്ഷ മുന്‍നിര്‍ത്തി ചുറ്റുമതിലും ലോക്കര്‍ മുറികളും നിര്‍മ്മിച്ചിട്ടുണ്ട്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.


8. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീകൾ 50 ലക്ഷം ദേശീയ പതാകകൾ നിർമ്മിച്ച്‌ വിതരണം ചെയ്യുമെന്ന് എം. വി ഗോവിന്ദൻ മാസ്റ്റർ. ആഗസ്റ്റ് പന്ത്രണ്ടിനകം എല്ലാ സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയെത്തിക്കും. ഇതിനായി കുടുംബശ്രീക്ക് കീഴിലുള്ള അഞ്ഞൂറിലേറെ തയ്യല്‍ യൂണിറ്റുകളില്‍ നിന്നായി മൂവായിരത്തോളം അംഗങ്ങൾ പതാക നിര്‍മാണം ആരംഭിച്ചുകഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.


9. ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടും അതോടൊപ്പം സർക്കാർ, അർദ്ധ സർക്കാർ പൊതു സ്ഥാപനങ്ങളും ഒഴിവാക്കിക്കൊണ്ടും ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിന് വനം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ഇതിനകം കേന്ദ്ര സർക്കാരിന് സമർപ്പിച്ച 23 നിർദ്ദേശങ്ങളിൽ 22 എണ്ണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. മതി കെട്ടാൻ ഷോല ദേശീയോദ്യാനത്തിന്റെ ഇക്കോ സെൻസിറ്റീവ് സോൺ കേന്ദ്രസർക്കാർ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും, രണ്ടെണ്ണം ഒഴികെ മറ്റുള്ളവ കേന്ദ്ര വിദഗ്ദ്ധ സമിതി യോഗം പരിഗണിച്ചിട്ടുള്ളതുമാണ്. കരട് വിജ്ഞാപനം തയ്യാറാക്കുന്നതിനായി 2019-ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന് ഇനി പ്രസക്തിയില്ലെന്നും മന്ത്രിസഭാ തീരുമാന പ്രകാരം പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും നിർബന്ധമായും ഒരു കി.മീ. ഇക്കോ സെൻസിറ്റീവ് സോൺ ഉണ്ടായിരിക്കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാൻ വനം-വന്യജീവി വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിട്ടുണ്ട്.

10. കേന്ദ്ര സർക്കാറിൻ്റെ പതിനൊന്നാമത് കാർഷിക സെൻസസ് രാജ്യവ്യാപകമായി കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ ആരംഭിച്ചു.ജനസംഖ്യയുടെ പകുതിയോളം പേർ ഇപ്പോഴും കൃഷിയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഒരു രാജ്യത്ത് നയരൂപീകരണത്തിന് നിർണായകമായ കാർഷിക-സാമ്പത്തിക ഡാറ്റ ശേഖരിക്കുന്നതിനായി ഓരോ അഞ്ച് വർഷത്തിലും നടത്തുന്ന കാർഷികസെൻസസ് ആണിത്. പ്രവർത്തനപരമായ ഭൂമിയുടെ സ്വഭാവം, അവയുടെ വലുപ്പം, ക്ലാസ് പ്രകാരമുള്ള വിതരണം, ഭൂവിനിയോഗ സ്ഥിതിവിവരക്കണക്കുകൾ, കൃഷി രീതികൾ എന്നിവ ഉൾപ്പെടെയാണ് സെൻസസ്. കാർഷിക സെൻസസ് പൂർണ്ണമായും ഡിജിറ്റലായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

11. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ മഴ സാധ്യതയെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. മലയോര മേഖലകയിൽ കൂടുതൽ മഴയ്ക്ക് സാധ്യത.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, അതേ സമയം കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ : കയർ ഫാക്ടറി തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം മൂന്ന് രൂപയിൽ നിന്ന് 667 രൂപയാക്കി വർധിപ്പിച്ചു

English Summary: Food Minister G R Anil will not impose GST on subsidized products

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds