റബ്ബർ ഷീറ്റിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് പുതിയ യന്ത്രം വികസിപ്പിച്ചെടുക്കാൻ റബ്ബർ ബോർഡ് ഒരുങ്ങുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെയാണ് റബ്ബർ ബോർഡിന്റെ പുതിയ സംരംഭം.
രാജ്യത്തെ ഷീറ്റ് റബ്ബറിന്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിക്കാനുള്ള യന്ത്രസംവിധാനമാണ് ലക്ഷ്യം. ഇതിനായി വിവിധ കമ്പനികളിൽനിന്ന് ബോർഡ് താത്‌പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിന് കേരളത്തിലെ അഞ്ച് സ്റ്റാർട്ടപ്പ് കമ്പനികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
25-ാം തീയതിക്കുള്ളിൽ ഉപകരണത്തിന്റെ രൂപരേഖ സമർപ്പിക്കാനാണ് റബ്ബർ ബോർഡ് ആവശ്യപ്പെട്ടിട്ടുള്ളത്. അനുയോജ്യമെന്ന് കണ്ടെത്തുന്ന കമ്പനിക്ക് നിർമാണക്കരാർ നൽകും. ഇതിനുമുന്നോടിയായി പാലാ ഐങ്കൊമ്പിലെ റബ്ബറുത്പാദക സംഘത്തിൽ ഷീറ്റ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ കമ്പനി പ്രതിനിധികളെ പരിചയപ്പെടുത്തിയിരുന്നു.
ഗ്രീൻ ബുക്ക് ഓഫ് സ്റ്റാൻഡേർഡ്പ്രകാരം സൂര്യപ്രകാശത്തിന് നേരേ പിടിച്ചാണ് ഇപ്പോഴും ഷീറ്റ് റബ്ബർ ഗ്രേഡ്-നാല്, അഞ്ച് എന്നിങ്ങനെ തരംതിരിക്കുന്നത്. നിലവിലെ ഗ്രേഡിങ് രീതി ശാസ്ത്രീയമല്ലെന്നാണ് ടയർ കമ്പനികളുടെയും റബ്ബർ വ്യാപാരികളുടെയും പരാതി
ഷീറ്റ് റബ്ബർ കെട്ടുകളാക്കി കമ്പനികൾക്ക് കൈമാറിയാൽ പിന്നീട് നിലവാരം പുനഃപരിശോധിക്കാൻ ശാസ്ത്രീയമായ സംവിധാനം ഇന്നില്ല. യന്ത്രസംവിധാനത്തോടെയുള്ള പരിശോധന ഇതിന് പരിഹാരമാകുമെന്ന് റബ്ബർ ബോർഡ് ചെയർമാനും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.രാഘവൻ പറഞ്ഞു.