വയനാട്ടിലെ ആയിരക്കണക്കിന് കര്‍ഷകരെ പ്രതിസന്ധിയില്‍ ആഴ്ത്തികൊണ്ട് ഇഞ്ചിയുടെ വില കുത്തനെ ഇടിഞ്ഞു. പുതിയ ഇഞ്ചിയും, പഴയ ഇഞ്ചിയും ആര്‍ക്കും വേണ്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മുടക്ക് മുതല്‍ പോലും കിട്ടാത്ത സാഹചര്യത്തില്‍ ജില്ലയിലെ പലകര്‍ഷകരും ഇഞ്ചി വിളവെടുക്കാതെ ഇട്ടിരിക്കുകയാണ്. വിലയിടിവിനെ തുടര്‍ന്ന് ഇഞ്ചി വിളവെടുക്കാത്തതിനാല്‍ ചേകാടിപ്പാടത്ത് നെല്‍കൃഷി മുടങ്ങി. ഒരു ഏക്കര്‍ സ്ഥലത്ത് ഇഞ്ചി നടാന്‍ ജില്ലയില്‍ നാലരലക്ഷം രൂപയാണ് ശരാശരി ചിലവ് വരുന്നത്. നിലവില്‍ വിളവെടുത്താല്‍ ഇതിന്റെ നാലിലൊന്ന് പോലും വിപണിയിലെ വില കൊണ്ട് ലഭിക്കില്ല.
മാത്രമല്ല, ഇഞ്ചി വ്യാപാരികള്‍ എടുക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. വിത്ത്, വളം, പണിക്കൂലി, ജലസേചനമടക്കമുള്ള മറ്റ് കാര്യങ്ങള്‍ എന്നിവക്കെല്ലാം ചിലവാക്കിയ പണം പോലും തിരികെ കിട്ടാത്ത സാഹചര്യത്തില്‍ ഇഞ്ചി പറിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. വിളവെടുക്കാതെ ഇട്ടിരിക്കുന്നവയില്‍ തന്നെ വയലില്‍ നട്ട ഇഞ്ചികളില്‍ ഭൂരിഭാഗവും വെള്ളം കയറി ചീഞ്ഞുതുടങ്ങിയ അവസ്ഥയിലുമാണുള്ളത്. കര്‍ണാടകയിലെ പാട്ടകര്‍ഷകരുടെ സ്ഥിതിയും സമാനമാണ്. വയനാട്ടിലെ ആയിരക്കണക്കിന് കര്‍ഷകരാണ് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പാട്ടകൃഷി നടത്തിവരുന്നത്. ഭൂരിഭാഗം കര്‍ഷകരും ഇഞ്ചിക്ക് വിലയില്ലാതായതോടെ വീണ്ടും പാട്ടപണം നല്‍കി വിളവെടുക്കാതെയിട്ടിരിക്കുകയാണ്.
മുന്നോട്ടുള്ള കര്‍ഷകരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഇഞ്ചികര്‍ഷകനായ മുള്ളന്‍കൊല്ലി സ്വദേശി ഷെല്‍ജന്‍ പറയുന്നു. കര്‍ണാടകയില്‍ പാട്ടക്കാലാവധി കഴിഞ്ഞ സ്ഥലത്തിന് കര്‍ഷകര്‍ക്ക് ഏക്കറിന് 25000 മുതല്‍ 50000 രൂപ വരെയാണ് നല്‍കേണ്ടിവരുന്നത്. പാട്ടക്കാലവധി കഴിയുന്നതിന് മുന്നെ വിലയില്ലാത്തതിനാല്‍ വിളവെടുക്കാന്‍ സാധിക്കാതെ വരുന്നതാണ് ഇത്തരത്തില്‍ വീണ്ടും പണം നല്‍കേണ്ട സാഹചര്യമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പഴയ ഇഞ്ചി 60 കിലോ തൂക്കം വരുന്ന ഒരു ചാക്കിന് 1,750ഉം പുതിയ ഇഞ്ചിയ്ക്കു 450-500ഉം രൂപയുമായിരുന്നു രണ്ടാഴ്ച മുമ്പ് വരെയുള്ള വില.
ഇഞ്ചിയുടെ പ്രധാനപ്പെട്ട അഞ്ച് ഉപയോഗങ്ങൾ
കൃഷി ചെയ്യാം ഗുണമേന്മയുള്ള ചുവന്ന ഇഞ്ചി
ഇഞ്ചി ഇനമറിഞ്ഞുകൃഷി ചെയ്താൽ ഉല്പാദനം ലാഭകരമാക്കാം