1. News

സാധാരണക്കാരനും നേരിട്ട് നിക്ഷേപം നടത്താൻ ആർഡിജി; സർക്കാർ ബോണ്ടിനെ കുറിച്ച് കൂടുതൽ അറിയാം

സർക്കാർ ബോണ്ടുകളിൽ സാധാരണക്കാര്‍ക്കും നിക്ഷേപം നടത്താനായി റിസർവ് ബാങ്ക് രൂപകല്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് ആർഡിജി.

Anju M U
RDG
റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട്

സുരക്ഷിതത്വവും സുഗമവുമായി ദീര്‍ഘകാല സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ നൽകുന്ന സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട് അഥവാ ആർഡിജി. സർക്കാർ ബോണ്ടുകളിൽ സാധാരണക്കാര്‍ക്കും നിക്ഷേപം നടത്താനായി റിസർവ് ബാങ്ക് രൂപകല്പന ചെയ്ത പ്ലാറ്റ്‌ഫോമാണിത്.

സർക്കാർ പുറത്തിറക്കുന്ന ട്രഷറി ബിൽ, ഗവ.ഓഫ് ഇന്ത്യ സെക്യൂരിറ്റീസ്, സോവറിൻ ഗോൾഡ് ബോണ്ട്, സ്‌റ്റേറ്റ് ഡെവലപ്മന്റ് ലോൺ, സർക്കാർ ബോണ്ട് തുടങ്ങിയവയിൽ സാധാരണക്കാരനും നിക്ഷേപിക്കാനുള്ള അവസരമാണ് ഇതുവഴി സാധ്യമാക്കുന്നത്.

പലിശ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ നിക്ഷേപകരെ മറ്റ് സ്ഥിര നിക്ഷേപ മാർഗങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുമ്പോൾ, വിശ്വസ്തതയോടെയും സ്ഥിരതയോടെയും സമീപിക്കാവുന്ന സുരക്ഷിതമായൊരു ബദല്‍ മാര്‍ഗം കൂടിയായി സര്‍ക്കാര്‍ ബോണ്ടുകള്‍ മാറി.

ബോണ്ട് വാങ്ങുന്നതിലൂടെ പോര്‍ട്ട്‌ഫോളിയോയുടെ വൈവിധ്യവത്കരണത്തിനും സ്ഥിരവരുമാനത്തിനും സഹായകമാകുന്നു. അതിനാൽ തന്നെ ആർഡിജിയിലേക്ക് കടക്കുന്നതിന് മുൻപ് ബോണ്ടുകൾ എന്താണെന്ന് അറിയാം.

എന്താണ് ബോണ്ടുകള്?

കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും പണ സമാഹരണത്തിനായി പുറത്തിറക്കുന്നതാണ് സർക്കാർ ബോണ്ടുകൾ. 

ഒരു വായ്പ വാങ്ങുന്ന പോലെയാണ് ഒരു ബോണ്ട് വാങ്ങുന്നതെന്ന് വേണമെങ്കിൽ പറയാം. ബോണ്ടുകളുടെ കാലാവധി അനുസരിച്ച് ഇവയെ തരംതിരിക്കുന്നു. 

മൂന്ന് മാസം മുതൽ 40 വർഷം വരെ കാലാവധിയുള്ള സർക്കാർ ബോണ്ടുകളുണ്ട്. ഹ്രസ്വ കാലയളവിലുള്ളവയെ ട്രഷറി ബില്ലുകളെന്നും, ഒരു വര്‍ഷത്തിന് മുകളിലുള്ളവയെ ഗവണ്‍മെന്റ് ബോണ്ടുകളെന്നും അറിയപ്പെടുന്നു. ധനകാര്യ മേഖലയിലെ കമ്പനികളും കോര്‍പ്പറേറ്റ് ബോണ്ടുകള്‍ പുറത്തിറക്കുന്നു.

ഇവ നിയന്ത്രിക്കുന്നത് പൂർണമായും സർക്കാരായതിനാൽ തന്നെ സുരക്ഷിത പ്രശ്നങ്ങളെ സംബന്ധിച്ചോ, തിരിച്ചടവിന്റെ കാര്യത്തിലോ ആശങ്കയുടെ ആവശ്യവുമില്ല. ബോണ്ട് വാങ്ങി, കാലാവധി പൂര്‍ത്തിയാകുന്നത് ഒരു സ്ഥിര വരുമാനം നേടാനും ഇതിലൂടെ സാധിക്കും.

ഏതൊരു സാധാരണക്കാരനും നിക്ഷേപകനായി ബോണ്ടിൽ പങ്കാളിയാകാനുള്ള അവസരമാണ് ആർഡിജി. 

റീട്ടെയില്ഡയറക്ട് ഗില്റ്റ് അക്കൗണ്ട്

റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് (RDG)അക്കൗണ്ടിലൂടെ സാധാരണക്കാരനും നേരിട്ട് നിക്ഷേപം നടത്താൻ സാധിക്കുന്നു.  റിസര്‍വ് ബാങ്കില്‍ നിന്ന് ഓണ്‍ലൈന്‍ മുഖേന സര്‍ക്കാര്‍ ബോണ്ടുകള്‍ നേരിട്ട് വാങ്ങാനും തിരിച്ചു നല്‍കാനും ഇതിലൂടെ സാധിക്കും. സര്‍ക്കാര്‍ പുറത്തിറക്കുന്ന ട്രഷറി ബില്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ട് (SGB),സര്‍ക്കാര്‍ ബോണ്ട്, സ്റ്റേറ്റ് ഡെവലപ്മന്റ് ലോണ്‍ എന്നിവയില്‍ നിക്ഷേപിക്കാൻ സാധാരണക്കാരനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുൻപ്, ചെറുകിട നിക്ഷേപകര്‍ക്ക്

മ്യൂച്വല്‍ ഫണ്ടുകളിലൂടെയായിരുന്നു (GILT FUND)സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നത്. എന്നാൽ, ഇവ പരോക്ഷമായുള്ള നിക്ഷേപമായിരുന്നു. ബാങ്കിൽ സേവിങ്സ് അക്കൗണ്ട് തുറക്കുന്നത് പോലെ തനിച്ചോ ഗ്രൂപ്പായോ വ്യക്തികൾക്ക് ആർഡിജിയിൽ അക്കൗണ്ട് തുടങ്ങാം.

റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോമിലൂടെ (https://www.rbiretaildirect.org.in/)പ്രവാസികള്‍ക്കും നിക്ഷേപം നടത്താം. കെവൈസി (തിരിച്ചറിയല്‍ രേഖ) നടപടിക്രമത്തിലൂടെ പാന്‍ കാര്‍ഡ്, ഇ-മെയില്‍ ഐഡി, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് അക്കൗണ്ട് തുടങ്ങേണ്ടത്. ഇടപാടുകൾക്ക് ആർബിഐ ഫീസ് ഈടാക്കുന്നില്ല.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെയാണ് ഇടപാടുകള്‍ നടത്താനാകുന്നത്. നിക്ഷേപകന് രണ്ടു പേരെ വരെ അക്കൗണ്ട് നോമിനികളായും നിര്‍ദേശിക്കാനാകുന്നു.

പലിശ നിരക്ക്

10 വര്‍ഷ കാലാവധിയുള്ള ബോണ്ടിന്റെ ആദായം നിലവില്‍ 6.5 ശതമാനമാണ്. മൂന്നു വര്‍ഷ കാലാവധിയുള്ള ബോണ്ടിന്റെ പലിശ നിരക്ക് 5.1 ശതമാനവുമാണ്. അടിയന്തരമായുള്ള സാഹചര്യങ്ങളിൽ, ആര്‍ഡിജി അക്കൗണ്ടിലെ കടപ്പത്രങ്ങള്‍ ഈടുവച്ചും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വായ്പ നേടാം.

ഇങ്ങനെ ബോണ്ടുകളിലൂടെയും കടപ്പത്രങ്ങളിലൂടെയും നിക്ഷേപകനിൽ നിന്ന് പണം വാങ്ങുന്നത് സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന ആശങ്കകൾക്കും ഇവിടെ സ്ഥാനമില്ല.

നിക്ഷേപം തിരിച്ചെടുക്കുന്നത്

മെച്ചൂരിറ്റി കാലാവധി പൂര്‍ത്തിയാക്കിയാകുമ്പോൾ, പലിശ നിരക്കും നിക്ഷേപ തുകയും ഗുണഭോക്താവിന് തിരികെ ലഭിക്കും. കൂടാതെ, കാലാവധി പൂർത്തിയായില്ലെങ്കിലും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി എപ്പോള്‍ വേണമെങ്കിലും വിറ്റ് പണം തിരിച്ചെടുക്കാനുമാകും.

എന്നാൽ ഇതിന് ഡീ-മാറ്റ് അക്കൗണ്ട് ഉണ്ടാകണമെന്നത് നിർബന്ധമാണ്. സ്ഥിര വരുമാന പദ്ധതികളില്‍ ഏറ്റവും സുരക്ഷിതമാണ് സര്‍ക്കാര്‍ ബോണ്ടുകൾ എങ്കിലും, പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഇവയുടെ ആദായത്തിലും വ്യത്യാസമുണ്ടാകാം.

English Summary: Government bond retail direct gilt account is safe investment facility for common people

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds