News

അധിനിവേശ സസ്യ സസ്യനിർമ്മാർജ്ജനം സർക്കാർ കർമ്മപദ്ധതി സ്വാഗതാർഹം

-- ദിവാകരൻ ചോമ്പാല

സാമൂഹിക വനവൽക്കരണത്തിൻെ ഭാഗമായി കേരളത്തിലെത്തിച്ചേർന്ന അധിനിവേശ സസ്യങ്ങളെ ഘട്ടം ഘട്ടമായി പിഴുതെറിയാനും പൂർണ്ണമായി വെട്ടിമാറ്റാനും പകരം സ്വാഭാവിക വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കാനുമായി ''അധിനിവേശ സസ്യനിർമ്മാർജ്ജന പദ്ധതി'' എന്നപേരിൽ  സർക്കാർ ബൃഹത് കർമ്മപദ്ധതി  ആരംഭിക്കുന്നതായി കേരള വനം വകുപ്പ് മന്ത്രി ശ്രീ .കെ രാജുവിൻറെ പ്രഖ്യാപനം ആശാവഹവും അനിവാര്യവുമായ കാർഷിക സംസ്‌കൃതിയിലേയ്ക്ക് വിരൽ ചൂണ്ടുന്നു .

The announcement of The Minister of Forests, Kerala, Mr. K. Raju, that the government is launching a massive " invasive plants eradication project" to phase out the invasive plants that have come to Kerala as part of social forestry, to completely remove them and replace them with natural tree saplings, points to the hopeful and essential agricultural culture.

നമ്മുടെ പ്രാദേശിക സസ്യങ്ങൾ അഥവാ  വിളവിനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പോഷകവസ്തുക്കൾ ,  ജലാംശം , സൂര്യപ്രകാശം തുടങ്ങിയവ  അപഹരിച്ചുകൊണ്ട് വളർച്ചാനിരക്കിൽ കടുത്ത മത്സരവുമായി അതിവേഗം വളർന്നു പിടിക്കുന്നതും പുറം നാടുകളിൽനിന്നും നമ്മുടെ നാട്ടിലെത്തിച്ചേർന്നതുമായ വിദേശ സസ്യങ്ങളെയാണ് അധിനിവേശ സസ്യങ്ങൾ എന്ന് വിളിയ്ക്കുന്നത് .

ഇത്തരം അധിനിവേശസസ്യങ്ങളുടെ നീണ്ടനിരതന്നെ നമ്മുടെ ചുറ്റുപാടിലുണ്ട് .
കാലാകാലങ്ങളായി കേരളത്തിലെത്തി നമ്മുടെ മണ്ണിൽ ആധിപത്യം സ്ഥാപിച്ച  ചില അധിനിവേശ സസ്യങ്ങളുടെ ചില പേരുകളാവട്ടെ ഏറെ വിചിത്രവും അതിലേറെ ഹാസ്യാത്മകവും .വ്യക്തികൾ , വസ്‌തുക്കൾ , സ്ഥലങ്ങൾ ,തുടങ്ങി പലതിൻറെയും പേരുകൾ നമ്മൾ മറക്കാതെ ഓർമ്മയിൽ സൂക്ഷിക്കാറുണ്ട് .
എന്നാൽ അത്യാവശ്യ നേരങ്ങളിൽ പലപ്പോഴും ചില പേരുകൾ ഓർത്തെടുക്കാൻ പ്രയാസമാവാറുമുണ്ട് .മറവിയുടെ മാറലക്കുള്ളിൽകുടുങ്ങാതെ, അശേഷം വിസ്‌മൃതി തൊട്ടുതീണ്ടാതെ തെളിഞ്ഞുനിൽക്കുന്ന അപൂർവ്വം ചില പേരുകളുണ്ട് .
അത്തരത്തിൽ ചിലപേരുകളാണ്  രാക്ഷസ കൊന്ന , കമ്യുണിസ്റ് പച്ച  , കോൺഗ്രസ്സ്‌ പച്ച ,ധൃതരാഷ്ട്രപ്പച്ച ,  തുടങ്ങിയവ . വിചിത്രവും അത്ഭുതകരവുമായ ഇത്തരം പേരുകളുടെ പെരുമയിലേക്കും അർത്ഥതലങ്ങളിലേക്കും   ഉറവിടങ്ങളുടെ പിന്നാമ്പുറങ്ങളിലേയ്ക്കും കൂടി വെറുതെ ഒരെത്തിനോട്ടം .

zoom

രാക്ഷസകൊന്ന  (Senna spectabilis )

  • രാക്ഷസകൊന്ന  (Senna spectabilis )

സാമൂഹിക വനവൽക്കരണത്തിൻറെ ഭാഗമായി വയനാട്ടിലെ മുത്തങ്ങ ഫോറസ്ററ് ഓഫീസ് പരിസരത്ത്   സെന്നാ സ്പെക്റ്റാബിലിസ്  എന്ന രാക്ഷസകൊന്നയുടെ  8 തൈകളാണ്  1986  ൽ കർണ്ണാടകയിൽ നിന്നും കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചത് .

നറും മഞ്ഞനിറത്തിലുള്ള ഇതിൻറെ  പൂക്കളുടെ ആകർഷണീയതയിൽ ആകൃഷ്ടരായിക്കൊണ്ടാവാം ഒരുപക്ഷെ ഈ ചെടിയെ ഓമനിച്ച് വളർത്താൻ പരിസ്ഥിതി സ്നേഹികളായ ബന്ധപ്പെട്ട അധികൃതർ ആ കാലത്ത് മുതിർന്നതെന്നുവേണം കരുതാൻ .

എന്നാൽ ഇപ്പോൾ  മുത്തങ്ങ വന്യജീവി സങ്കേതത്തിലെ  നാൽപ്പത്തിയഞ്ചിലധികം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലുള്ള  വനമേഖല പൂർണ്ണമായും ഇതിൻറെ  പിടിയിലകപ്പെട്ടതായാണ് സമീപകാല വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് .

കേരള വനം വകുപ്പിൻറെ നിർദ്ദേശത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേൺസ് കൺസർവേഷൻ  സൊസൈറ്റി നടത്തി സമർപ്പിച്ച പഠനറിപ്പോർട്ട് അത്യന്തം ആശങ്കാജനകവും ഭീകരവുമാണെന്നും സമീപകാല വാർത്തകളിൽ കാണുന്നു .

ഇത്രയും സ്ഥലത്ത് വ്യാപിച്ച് നാശം വിതയ്ക്കുന്ന  ഈ ചെടിയെ  ഉന്മൂലനാശം വരുത്തണമെങ്കിൽ  12  വർഷക്കാലം നീണ്ടുനിൽക്കുന്ന നിരന്തര അദ്ധ്വാനമെങ്കിലും വേണ്ടിവരുമെന്നും പ്രസ്‌തുത നശീകരണപ്രവർത്തനത്തിനായി  500 കോടിയോളം രൂപ ചിലവാക്കേണ്ടിവരുമെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയതായാണറിവ് .

ഓരോ വർഷവും ശരാശരി അഞ്ച് ചതുരശ്രകിലോമീറ്റർ വനമേഖ രാക്ഷസകൊന്ന കൈയ്യടക്കുന്നുണ്ടത്രെ . അധിനിവേശ സസ്യങ്ങൾ വേരോടെ പിഴുതെറിയൽകർമ്മം  നമ്മളോരോരുത്തരുടെയും ദിനചര്യയുടെ ഭാഗമാക്കാൻ ഇനിയും വൈകിക്കൂടാ .

plant

കമ്യുണിസ്റ് പച്ച (Chromolaena odorata.)

കമ്യുണിസ്റ് പച്ച (Chromolaena odorata.)

സൂര്യകാന്തിച്ചെടിയുടെ വംശപരമ്പരയിൽപെട്ട ആസ്റ്ററേഷ്യ കുടുംബത്തിലുള്ള ഏകവാർഷികച്ചെടിയായ ഈ കുറ്റിച്ചെടി ഉഷ്ണമേഖല പ്രദേശങ്ങളിൽ നിന്നാണ്‌ ഇന്ത്യയിലെത്തിയത് ,അമേരിക്കയിലെ ഫ്ളോറിഡ ,ടെക്‌സാസ് എന്നിവിടങ്ങളിൽ ഇവ സുലഭം .

ആന്റി ഓക്സിഡന്റ് അടങ്ങിയ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീര വേദന കുറയ്ക്കാൻ സഹായകമാവുമെന്നറിയുന്നു .
ഇതിന്റെ ഇലയുടെ നീരും അൽപ്പം പച്ചമഞ്ഞളും അരച്ചുപുരട്ടിയാൽ ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാകുമെന്നും പ്രമൂഖ ആയുർവ്വേദ ചികിത്സകർ സാക്ഷ്യപ്പെടുത്തുന്നു,
 കമ്യുണിസ്റ് പച്ചയുടെ തളിരിലകൾ  പിഴിഞ്ഞെടുത്ത നീര് പുരട്ടിയാൽ മുറിവുകൾ എളുപ്പത്തിൽ ഉണങ്ങുമെന്നും  മുറിവ്കുട്ടി എന്ന ഔഷധച്ചെടിയെക്കാൾ  എത്രയോ മടങ്ങ് ഔഷധവീര്യമുള്ളതാണ് ഈ ഇലച്ചാറെന്നും അറിയുന്നു .

നേച്ചുറൽ ബെറ്റാർഡിൻ എന്ന വിശേഷണത്തിലും  ഈ ചെടിഅറിയുന്നു
സംരക്ഷിത വനമേഖലകൾക്കും അതാത് പ്രദേശങ്ങളിലെ ജൈവ വൈവിധ്യത്തിനുംവരെ കനത്ത പ്രഹരമേൽപ്പിൽക്കുന്നതാണ്  കമ്യുണിസ്റ്പച്ച എന്ന ഈ അധിനിവേശ സസ്യം .
 പ്രാദേശിക  വിളവുകൾക്കെല്ലാം പ്രഹരമേൽപ്പിച്ചുകൊണ്ട് ഫലഭൂയിഷ്ഠമായ കേരളത്തിൻറെ മണ്ണിൽ വിത്തുകളിലൂടെയും തണ്ടുകളിലൂടെയും വ്യാപകമായ തോതിലുള്ള  വംശവർധനശേഷിയുമായി    കടന്നാക്രമണം നടത്തി ആഴത്തിൽ വേരുറപ്പിച്ച ക്രോമോലിന ഒഡോറാറ്റ  എന്ന കളച്ചെടി അറിയപ്പെടുന്നതാകട്ടെ കമ്യുണിസ്റ്റ് പച്ച എന്നപേരിൽ .

കമ്യുണിസവും ഈ ചെടിയും തമ്മിലെന്താണാവോ  ബന്ധം ?.
വിചിത്രവും അത്ഭുതകരവും എന്നല്ലാതെന്തുപറയാൻ ?.
 
ഈ പേരിൻറെ പിന്നിൽ കൃത്യവും വ്യക്തവുമായ അറിവുകളൊന്നുമില്ലെങ്കിലും ചില ഊഹാപോഹങ്ങളും സാഹചര്യത്തെളിവുകളും ഈ  കാര്യത്തിൽ ഇല്ലാതെയുമല്ല .
കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻറെ വേരോട്ടം കേരളത്തിൽ വന്നതോടെ കമ്യുണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ ലോകത്തിൽ ആദ്യമായി ഒരു ജനാധിപത്യ ഗവർമ്മെണ്ടിൻറെ തുടക്കം 1950 ൽ . ഈ കാലയളവിനോടടുത്താണത്രെ  ഈ ചെടിയും വ്യാപകമായി കേരളത്തിൽ വ്യാപമായി വളർന്നുകണ്ടത്  .
മാത്രവുമല്ല ആ കാലയളവിനു തൊട്ടു മുൻപ്  പാർട്ടിസഖാക്കൾ ഒളിവിൽ താമസിക്കേണ്ടിവന്നപ്പോൾ യാദൃശ്ചികമായി ശരീരത്തിനേറ്റ മുറിവുകളിൽനിന്നും രക്ഷപ്പെട്ടത് ഈ ചെടിയുടെ തളിരിലകൾ ഞെരടിപ്പിഴിഞ്ഞെടുത്ത നീര് പുരട്ടിയിട്ടാണത്രെ അക്കാലത്ത്  മുറിവുണക്കിയത് , പിൽക്കാലത്ത് ഐ മു പച്ച എന്ന ചുരുക്കപ്പേരിൽ ഐക്യമുന്നണി പച്ചയെന്നും ഈ ചെടിക്ക്  വിളിപ്പേരുള്ളതായും അറിയുന്നു .ഇതിൽ ശരിയേത് ശരികേടേത് എന്നത് തികച്ചും വ്യക്തവുമല്ല .

plant

ധൃതരാഷ്ട്രപച്ച (Mikania micrantha )

  • ധൃതരാഷ്ട്രപച്ച (Mikania micrantha )

കമ്യുണിസ്റ് പച്ചപോലെ മറ്റൊരു കൗതുകമുള്ള പേരാണ് ധൃതരാഷ്ട്രപച്ച . ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒന്നായ ധൃതരാഷ്ട്രരുടെ പേരിലാണ് ഈ ചെടി അറിയപ്പെടുന്നുവെന്നതതും മറ്റൊരുവിസ്‌മയക്കാഴ്ച്ച  .
 ധൃതരാഷ്ട്രർ  തന്റെ ശത്രുക്കളെ വകവരുത്തിയിരുന്നത്  തന്റേതായ ഒരു  പ്രത്യേകരീതിയിലും തന്ത്രത്തിലും .ശത്രുക്കളെ ഗാഡാലിംഗനത്തിലൂടെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതായിരുന്നു  അദ്ദേഹത്തിന്റെ വേറിട്ട രീതി .
 ശത്രുസംഹാരത്തിനായി മിത്രഭാവത്തിൽ നടത്തുന്ന സ്‌നേഹപ്രകടനത്തെയാണ് ഭാഷയിൽ  ധൃതരാഷ്ട്രാലിംഗനം എന്ന് പറയുന്നത്  .
തൊട്ടടുത്ത്‌ ലഭിയ്ക്കുന്ന താങ്ങുതണ്ടിലും മരങ്ങളിലും ആശ്ലേഷിക്കുന്നതരത്തിൽ വളരെ പെട്ടെന്ന് പടർന്നുകയറാൻ  മിടുക്കുള്ള  ധൃതരാഷ്ട്രപ്പച്ചയുടെ ഇടപെടലിലൂടെ ഓക്സിജൻ കിട്ടാതെ താങ്ങുചെടി  എളുപ്പം നശിച്ചുപോകും .ധൃതരാഷ്ട്രപ്പച്ചയുടെ തണ്ടിൽ നിന്നും വരുന്ന പ്രത്യേക രാസഘടകങ്ങൾ കാരണം ചുറ്റിപ്പടരുന്ന വൃക്ഷം കാലതാമസമില്ലാതെ വളർച്ച മുരടിച്ച് നശിച്ചുപോകുമെന്നതും തീർച്ച  .
ധൃതരാഷ്ട്രാലിംഗനത്തിൻറെ  തനിയാവർത്തനം എന്നും വേണമെങ്കിൽ ഇതിനെ  പറയാം  .
ഒരുപക്ഷെ ഈ  കാരണം കൊണ്ടുതന്നെയാവാം ഈ ചെടിയ്ക്ക്  ധൃതരാഷ്ട്രപ്പച്ച എന്ന് പേര് വീണത് . ഒരു ദിവസത്തെ സമയദൈർഘ്യത്തിനുള്ളിൽ 10 സെന്റിമീറ്ററിലധികം ഉയരത്തിൽവളരാൻ കഴിവുള്ള  ധൃതരാഷ്ട്രപ്പച്ച എന്ന ഈ ചെടിയ്ക്ക് 25 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലുള്ള ഭൂമിയിൽ  പടർന്നുകയറി സ്വന്തമാക്കാൻ ഏതാനും മാസങ്ങൾ മാത്രം മതിയാകുമത്രേ .

നാല്പത്തിനായിരത്തിലധികം വിത്തുകൾ  ഒരു വർഷം കൊണ്ട് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ ചെടി കാറ്റിലൂടെയും മനുഷ്യരുടെ ഇടപെടലിലൂടെയും  

പൂമ്പാറ്റകളിലൂടെയുമാണ് മുഖ്യമായി വിത്തുവിതരണം നടത്തുക.
ഒന്നാം ലോക മഹായുദ്ധകാലത്ത് വിമാനത്താവളങ്ങളെയും പട്ടാളത്താവളങ്ങളെയും ശത്രുക്കളിൽനിന്നും മറച്ചുപിടിയ്ക്കാൻ പലരാജ്യങ്ങളും  ഈ ചെടി വളർത്തിയിരുന്നതായും അറിയുന്നു.

കോൺഗ്രസ്സ് പച്ച  (Parthenium hysterophorus )

കോൺഗ്രസ്സ് പച്ച  (Parthenium hysterophorus )

മധ്യഅമേരിക്കൻ  സ്വദേശിയായ Parthenium hysterophorus എന്ന ഈ പാഴ്‌ച്ചെടി 1950 കാഘട്ടങ്ങളിലാണത്രെ  നമ്മുടെ രാജ്യത്തെത്തിയത്. ഇന്ത്യയിലാദ്യമായി ഈ ചെടി  കണ്ടത് 1955ൽ പൂനയിൽ , അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്‌ത  ഗോതമ്പ് ചാക്കുകളായിലൂടെയാവാം  ഇതിന്റെ വിത്തുകൾ നമ്മുടെ നാട്ടിലെത്തിയതെന്നുവേണം കരുതാൻ . കാർഷികമേഖലകൾക്കുമപ്പുറം പരിസ്ഥിതിക്കും ചുറ്റുപാടിലുള്ള മനുഷ്യരുടെ  ആരോഗ്യത്തിനുംവരെ  കടുത്ത ഭീഷണയായി മാറിയതിന് പുറമെ ഇതിന്റെ പൂമ്പൊടി ശ്വസിക്കുന്നവർക്ക് തുടർച്ചയായ തുമ്മൽ ,മൂക്കൊലിപ്പ് ,കണ്ണിൽനിന്നും വെള്ളം വരിക  പോലുള്ള അസ്വസ്ഥതകളും തൊലിപ്പുറത്ത് അലർജി ,ശ്വാസകോശസംബന്ധമായ 

അസുഖങ്ങൾ തുടങ്ങിയവയും കണ്ടുവരുന്നതായുമറിയുന്നു .
ഈ ചെടിയിലടങ്ങിയ പാർത്തേനിയം എന്ന രാസവസ്‌തുവാണത്രേ ഇതിൻ്റെയൊക്കെ മൂലകാരണം  .വെള്ളത്തൊപ്പിവെച്ചപോലുള്ള ഇതിൻറെ പൂക്കൾ കാരണമാവാം ഒരുപക്ഷെ ഏതെങ്കിലും രസികന്മാർ അധിനിവേശ വിഭാഗത്തിൽപ്പെടുന്ന ഈ ചെടിയ്ക്ക്  കോൺഗ്രസ്സ് പച്ച എന്ന് പേരിട്ടത്  .അല്ലെങ്കിൽ കമ്യുണിസ്റ്റ് പച്ച എന്നതിന്  ബദലായി കോൺഗ്രസ്സ്‌ പച്ച എന്ന് ആരെങ്കിലും നാമകരണം ചെയ്തതുമാകാം .കേവലം കേട്ടുകേൾവി എന്നതിനപ്പുറം മറ്റു തെളിവുകളൊന്നുമില്ലെന്നതും സത്യം .ഉപ്പുകലക്കിയ വെള്ളം തളിക്കുന്നത് ഈ കളയെ ഉണക്കാൻ സഹായിക്കുമെന്നറിയുന്നു

അനുബന്ധ വാർത്തകൾ

നെന്മേനി ജലശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടം ചെയ്തു


English Summary: government scheme on removal of invasive plants

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine