1. News

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇടക്കൊച്ചി ഗവ.ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Meera Sandeep
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്

എറണാകുളം: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇടക്കൊച്ചി ഗവ.ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബന്ധപ്പെട്ട വാർത്തകൾ: SRESHTA Scheme: സ്‌കോളർഷിപ്പ് തുകയോടെ മികച്ച വിദ്യാഭ്യാസം നൽകാൻ 'ശ്രേഷ്ഠ'

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 3000കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.  സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 76 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തുവരികയാണ്. മെയ്  20ന് മുന്‍പ് എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കും. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കാന്‍ തീരുമാനമായതായും ഇടക്കൊച്ചി ഗവണ്‍മെന്റ് സ്‌കൂളിനെ ഹയര്‍സെക്കണ്ടറി സ്കൂൾ ആക്കി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ മികച്ച തയ്യാറെടുപ്പുകള്‍  നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ എത്തുന്നതിന് മുന്‍പ് തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. സ്‌കൂളും പരിസരവും ക്ലാസ്മുറികളും ടോയ്‌ലറ്റുകളും വൃത്തിയാക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കും. വിദ്യാലയങ്ങളിലെ കുടിവെള്ളടാങ്കുകള്‍, കിണറുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കി കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നൽകും. ജൂണ്‍മാസം ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് കൊച്ചി നഗരസഭയുടെ കീഴില്‍ വരുന്ന ഇടക്കൊച്ചി ഗവ.ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതി പ്രകാരം 2019ല്‍ അംഗീകാരം ലഭിച്ച കെട്ടിടമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

തൃപ്പുണിത്തുറ എം.എല്‍.എ. കെ. ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍, വിദ്യാഭ്യാസ കായിക കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍മാരായ അഭിലാഷ് തോപ്പില്‍, ജീജ ടെന്‍സന്‍,  എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്) ശ്രീദാസ് കെ.എസ്,  മട്ടാഞ്ചേരി എ.ഇ.ഒ സുധ എൻ, ബി.പി.സി രമ്യ ജോസഫ്, എസ്.എം.സി ചെയര്‍മാന്‍ മാനുവല്‍ നിക്‌സണ്‍, പ്രധാനാധ്യാപിക (ഇൻചാർജ്) രമണി ടീച്ചർ, പി.ടി.എ പ്രസിഡന്റ് കെ.വി. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Govt is spearheading efforts to protect public schools

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds