News

സംസ്ഥാനത്തെ ആദ്യത്തെ പന്നി മേള വയനാട്ടില്‍

 
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമായ മറ്റൊരു മേളയ്ക്ക് കൂടി വയനാട് സാക്ഷ്യം വഹിക്കുകയാണ്. ഗ്രീന്‍ പിഗ്ഗ്‌സ് ആന്റ് എഗ്ഗ്‌സ് എന്ന പേരില്‍  സെപ്റ്റംബര്‍ മൂന്ന് മുതല്‍ മാനന്തവാടിയിലാണ് മേള നടക്കുക. 2017 മാര്‍ച്ച് മാസത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന എഗ്ഗ് ഫെസ്റ്റ് പുതുമ കൊണ്ടും പ്രായോഗികതകൊണ്ടും  ഒരുപാട് കര്‍ഷകരെ ആകര്‍ഷിച്ചിരുന്നു. മുട്ട ഉല്‍പ്പാദനത്തിലും കോഴി വളര്‍ത്തല്‍ മേഖലയിലും അത്യപൂര്‍വമായ ഒരു കുതിച്ചു ചാട്ടം സൃഷ്ടിക്കാന്‍ എഗ്ഗ് ഫെസ്റ്റിന് കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി  മാംസോല്‍പാദനരംഗത്തും മാലിന്യ സംസ്‌കരണരംഗത്തും ശാസ്ത്രീയവും വിപ്ലവകരമായ മാറ്റം ഉണ്ടാക്കാന്‍ പര്യാപ്തമായ മറ്റൊരു മേളയാകും ഗ്രീന്‍ പിഗ്ഗ്‌സ് ആന്‍ഡ് എഗ്ഗ്‌സ്.  

മേളയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കുന്ന പന്നികളുടെ ജീവിതം ആദ്യം മുതല്‍ അവസാനം വരെ സമഗ്രമായി പ്രതിപാദിക്കും. കൂടാതെ മുട്ട ഉല്‍പ്പാദനരംഗത്തെ നൂതന പ്രവണതകളും സാങ്കേതികകളും പരിചയപ്പെടുത്തല്‍, മാലിന്യ സംസ്‌കരണ പ്രക്രിയയില്‍ ഇത്തരം സംരംഭങ്ങളെ അടിസ്ഥാനമാക്കി പുതിയ സാധ്യതകള്‍ കണ്ടെത്തല്‍ എന്നിവ മേള പരിചയപ്പെടുത്തുന്നു. സമൂഹം ഇന്ന് നേരിടുന്ന  ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ജൈവമാലിന്യ സംസ്‌കരണത്തില്‍ വയനാട്ടിലെ പന്നി കര്‍ഷകര്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്രതിദിനം നാല്‍പ്പത് ടണ്‍ ജൈവമാലിന്യങ്ങള്‍ തീറ്റവസ്തുവാക്കി മാറ്റി പത്ത് ടണ്‍ ഭക്ഷ്യയോഗ്യമായ മാംസമാക്കി മാറ്റിയെടുക്കുന്നു എന്നത് ഒരു മാലിന്യ സംസ്‌കരണ സംസ്‌കാരമാണ് പന്നി കൃഷിയിലൂടെ സമൂഹത്തെ പഠിപ്പിക്കുന്നത്.

ശുദ്ധമായ പാലും മുട്ടയും മാംസവും ആരോഗ്യകരമായ ചുറ്റുപാടുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഒരു കാര്‍ഷിക സംസ്‌കാരം ആര്‍ജിക്കുവാന്‍ വിവിധങ്ങളായ തടസ്സങ്ങളാണ് കര്‍ഷകര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍, പ്രതികൂല സാഹചര്യങ്ങള്‍, പരിഹാരങ്ങള്‍ എന്നീ ചര്‍ച്ചകള്‍ക്ക് ഒരു തുറന്ന വേദി ഈ മേള ഒരുക്കുന്നു. അയല്‍പക്കക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാതെ, പ്രകൃതി വിഭവങ്ങള്‍ക്കും ജലസാതസ്സുകള്‍ക്കും പരുക്കുകള്‍ ഏല്‍പ്പിക്കാതെ, അടുത്തും അകലെയും ജീവിക്കുന്നവന്റെ ഭക്ഷ്യ സംസ്‌കാരത്തിലും മാംസസുരക്ഷയിലും അനുകൂലമായി ഇടപെടുന്ന പുതിയ കേരളത്തിന്റെ ഹരിത സങ്കല്‍പങ്ങള്‍ക്ക് ഒരു കാര്‍ഷിക- മൃഗസംരക്ഷണ അവബോധം ഗ്രീന്‍ പിഗ്ഗ് സ് ആന്‍ഡ് എഗ്ഗ്‌സ് ഫെസ്റ്റ് വിഭാവനം ചെയ്യുന്നു. 
 
ഇതിന്റെ ഭാഗമായി കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള കന്നുകാലി വികസന ബോര്‍ഡ്, മീറ്റ് ഡക്‌സസ് ഓഫ് ഇന്ത്യ. കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, വയനാട് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍, വിവിധ എഗ്ഗര്‍ നേഴ്‌സറികള്‍, മറ്റ് സ്വകാര്യ സംരംഭകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സെപ്റ്റംബര്‍ 3, 4, 5, തിയതികളില്‍ മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആസ്ഥാനത്ത് വെച്ച് ഗ്രീന്‍ പിഗ്ഗ്‌സ്  ആന്‍ഡ് എഗ്ഗ്‌സ് സംഘടിപ്പിക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണം, ശുദ്ധമായ മാംസ- മുട്ട ഉല്‍പ്പാദനം, മൃഗസംരക്ഷണ സംരംഭങ്ങളുടെ വിപുലീകരണവും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഇതോടനുബന്ധിച്ച് നടത്തും. പന്നി, കോഴി വളര്‍ത്തല്‍ മേഖലയിലെ ആധുനിക ഉപകരണങ്ങള്‍, വ്യത്യസ്ത ജനുസ്സില്‍പ്പെട്ട് പക്ഷി, പറവകള്‍, ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനം വില്‍പ്പന തുടങ്ങിയവയും മേളയുടെ ഭാഗമായി ഉണ്ടാകും. 
 
സെപ്റ്റംബര്‍ 3 ന് ഉച്ചയ്ക്ക് 2 മണിക്ക് മേള  മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. മേളയുടെ ലോഗോ പ്രകാശനം മാനന്തവാടി ഡബ്ല്യം.എസ്.എസ്. എസ്. ഓഡിറ്റോറിയത്തില്‍  മാനന്തവാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു നിര്‍വ്വഹിച്ചു.
 

Share your comments