കൊല്ലം കൃഷിഭവനിൽ ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് വിതരണം പദ്ധതി അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ശ്രീ. റ്റി.പ്രകാശ് കൃഷിജാഗരൺ മാസികയുടെ ലേഖകൻ അരുൺ.റ്റിയിക്ക് പച്ചക്കറി വിത്ത് കിറ്റും ,സുരക്ഷിത പച്ചക്കറികൃഷിക്ക് ഒരു മാർഗ്ഗരേഖ എന്ന കൈപുസ്തകവും നൽകി ഉത്ഘാടനം ചെയ്‌തു. ഇതിനോട് അനുബന്ധിച്ചു കൃഷിഭവനിൽ വന്ന കർഷകർക്ക് വിത്തും കൈപുസ്തകവും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ ശ്രീ.സജികുമാർ.ബി, അഗ്രികൾച്ചറൽ അസ്സിസ്റ്റൻ്റുകളായ ശ്രീ.പ്രമോദ്.വി , ജയശ്രീ.പി.ജെ എന്നിവർ പങ്കെടുത്തു.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ( Onam vegetable scheme)
70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വലിയൊരു ജനകീയ കാമ്പയിൻ തന്നെയാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. സംസ്ഥാന കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് (vegetable seed) പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത് .
ഓണം സീസൺ മുന്നിൽകണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിൻ്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പദ്ധതി. .
പദ്ധതി പ്രകാരം കർഷകർക്കും, വിദ്യാർഥികൾക്കും,വനിത ഗ്രൂപ്പ്കൾക്കും, സന്നദ്ധസംഘടനകൾക്കും കൃഷിഭവൻ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂൺ പകുതിയോടെ ലഭ്യമാക്കും.
കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുക എന്നതുതന്നെയാണ് പദ്ധതി ലക്ഷ്യം.
കഴിഞ്ഞ അഞ്ച് വർഷവും വളരെ ജനകീയമായി നടപ്പിലാക്കപ്പെട്ട പദ്ധതിയായിരുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി. കഴിഞ്ഞ വർഷം ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കുവാൻ കഴിഞ്ഞിരുന്നു.
ഇത് വർധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും വീട്ടുവളപ്പിലെ കൃഷി (Backyard farming) വ്യാപകമാക്കുകയും ചെയ്യുക എന്നതായിരിക്കും പദ്ധതി ലക്ഷ്യമിടുന്നത് .
കൃഷിവകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ, കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും വിതരണത്തിനായി തയ്യാറായിട്ടുള്ളത്.