News

വിദേശ വളർത്തു മൃഗങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് വിദേശ ഇനം പക്ഷിമൃഗാദികളെ വളർത്തുന്നവർ തങ്ങളുടെ അരുമകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന്  കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കി .കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്നോണമാണ്‌  പുതിയ നടപടി. അരുമകളുടെ ആരോഗ്യ വിവരങ്ങളും കൈമാറുന്നതിനായി  ഉടമകൾക്ക് ആറു മാസത്തെ സാവകാശവും നൽകിയിട്ടുണ്ട്.  വിദേശ പക്ഷി, മൃഗ, ഉരഗ, മത്സ്യ ഇനങ്ങളിൽപ്പെട്ടവ രാജ്യത്തേക്കു വ്യാപകമായി എത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് വ്യാപിക്കുന്ന ജന്തുജന്യ രോഗങ്ങൾ (zoonotic) ഇത്തരം ജീവജാലങ്ങളിലൂടെയും വ്യാപിക്കാമെന്ന സാധ്യതയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കേന്ദ്രത്തെ നയിച്ചത്.  ഇതാദ്യമായാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടി.

വിദേശ പക്ഷിമൃഗാദികൾ നിയമാനുസൃതമായി കൈവശം വയ്ക്കാവുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാർമൊസെറ്റ് മങ്കി ( pocket monkey)), മഡഗാസ്കർ ഹിസ്സിങ് കോക്റോച്ച്, ഇഗ്വാന(iguana), ഓസ്ട്രേലിയൻ ഷുഗർഗ്ലൈഡർ, മക്കാവുകൾ(macaque) തുടങ്ങി ഓട്ടേറെ പക്ഷിമൃഗാദികളാണ് ഇന്ത്യൻ പെറ്റ് മാർക്കറ്റ് അടക്കിവാഴുന്നത്. ഇവയെല്ലാം ഇന്ത്യയിൽ എത്തിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഇവയുടെ എണ്ണത്തിൽ കൃത്യതയില്ല. മാത്രമല്ല നിയമാനുസൃതമല്ലാതെയുള്ള കള്ളക്കടത്തും വേട്ടയാടലുകളും നടക്കുന്നു. പുതിയ തീരുമാനത്തിലൂടെ കള്ളക്കടത്തും വേട്ടയാടലുമെല്ലാം കുറയുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു.  പുതിയ നിയമപ്രകാരം രാജ്യത്തെ എല്ലാ വിദേശ ജീവി ഉടമകളും ബ്രീഡർമാരും തങ്ങളുടെ ഇറക്കുമതി ചെയ്ത ജീവജാലങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കണം. പരിസ്ഥിതിമന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടലിൽ ഇതിനുള്ള സൗകര്യം ഒരുക്കും. 

വിദേശ ജീവികൾ കൺവെൻഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേൻജേർഡ് സ്പീഷിസിൽ (convention of international trade in endangered species)പെട്ടതായിരിക്കരുത്. മാത്രമല്ല രാജ്യത്തെ വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ഏതൊരു ഷെഡ്യൂളിലും ഉൾപ്പെട്ടതുമായിരിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ആറു മാസത്തിനുള്ളിൽ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിർദേശം. ആറു മാസം കഴിഞ്ഞാണ് ഉടമ വെളിപ്പെടുത്തുന്നതെങ്കിൽ നടപടികൾ ദുഷ്കരമാകും. അതായത് സംസ്ഥാന വൈൽഡ്‌ലൈഫ് മേധാവി നേരിട്ടു കണ്ടു ബോധ്യപ്പെട്ടു നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടി വരും. വെളിപ്പെടുത്തലിനുശേഷം വാങ്ങൽ, വിൽപന, മരണം, ഉടമസ്ഥതാ കൈമാറ്റം എന്നിവ 30 ദിവസത്തിനുള്ളിൽ വൈൽഡ്‌ലൈഫ് മേധാവിയെ അറിയിച്ചിരിക്കണം. നിബന്ധനകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ശിക്ഷാനടപടികളുണ്ടാകുമെന്നും ഉത്തരതവിൽ പറയുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാലത്തു റബ്ബര് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്


English Summary: Information about foreign pets should be registered - Central Government

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine