1. News

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പലിശയിളവ് തുടരും..കൃഷി വാർത്തകളിലേയ്ക്ക്

രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയി ആലുവ സ്റ്റേറ്റ് സീഡ് ഫാം. ഫാമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Darsana J

1. കാർഷിക വായ്പകൾക്ക് പലിശയിളവ് തുടരാൻ കേന്ദ്രസർക്കാർ അനുമതി. കിസാൻ ക്രെഡിറ്റ് വഴി ലഭ്യമാകുന്ന 3 ലക്ഷം വരെയുള്ള ഹ്രസ്വകാല വായ്പകൾക്കുള്ള പലിശയിളവ് തുടരും. 3 ശതമാനം പലിശയിളവിൽ ലഭ്യമാകുന്ന പദ്ധതി ഈ സാമ്പത്തിക വർഷവും (2023 മാർച്ച 31 വരെ) അടുത്ത സാമ്പത്തിക വർഷവും തുടരും. തിരിച്ചടവ് കൃത്യമായി തുടരുന്നവർക്ക് 3 ശതമാനം പലിശ തിരികെ ലഭിക്കും. 7 ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. കൃഷി, അനുബന്ധ മേഖലകൾ, ഫിഷറീസ്, തേനീച്ച വളർത്തൽ, മൃഗപരിപാലനം എന്നിവയ്ക്കാണ് പ്രധാനമായും വായ്പ അനുവദിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ മുഴുവൻ അതിദരിദ്രർക്കും റേഷൻ കാർഡ്..കൂടുതൽ കൃഷി വാർത്തകൾ

2. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയി ആലുവ സ്റ്റേറ്റ് സീഡ് ഫാം. ഫാമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൃഷിമന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഫാം സന്ദർശിച്ചു. ഫാം പ്രഖ്യാപന ശിലാഫലകം മുഖ്യമന്ത്രി അനാഛാദനം ചെയ്തു. നെല്ലും താറാവും കൃഷി രീതിയാണ് ഫാമിൽ നടത്തുന്നത്. കാസർകോട് കുള്ളൻ പശുക്കൾ, കുട്ടനാടൻ താറാവ്, മലബാറി ആടുകൾ എന്നിവയ്ക്ക് പുറമെ നാടൻ നെല്ലിനമായ രക്തശാലി മുതൽ കുമോൾ റൈസ് വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

3. കേരളത്തിലെ റേഷൻ കടകളുടെ സ്ഥല സൗകര്യം വർധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സ്ഥലപരിമിതി കുറഞ്ഞ കടകൾക്ക് സർക്കാർ ഗ്യാരന്റിയിൽ ബാങ്കുകൾ വഴി കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകും. സംസ്ഥാനത്തെ 3,300 റേഷൻ കടകൾ സ്ഥല പരിമിതിയുടെ പ്രശ്നം നേരിടുന്നുണ്ട്. ഇത്തരം കടകൾക്ക് 300 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ നിർമാണം നടത്തുന്നതിനാണ് വായ്പ നൽകുന്നത്. ബാങ്ക് ഈടാക്കുന്ന പലിശയിൽ 3 ശതമാനം സർക്കാർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് നിർവഹിച്ചു. ഹരിത സമൃദ്ധി പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് തൈകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് ഷെയ്ഡ് ഹൗസിൽ ഹരിത കർമ്മ സേനാ പ്രവർത്തകരാണ് തൈകൾ ഉൽപാദിപ്പിച്ചത്.

5. ചെറുതാഴം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം. സംയോജിത വിളപരിപാലന മുറകളിലൂടെ നാളികേരത്തിന്റെ ഉത്പ്പാദനക്ഷമത വർധിപ്പിക്കാനുള്ള നിരവധി സഹായങ്ങളാണ് കർഷകർക്ക് പദ്ധതി വഴി ലഭ്യമാകുന്നത്. മൂല്യ വർദ്ധിത ഉത്പന്നങ്ങളിലൂടെ കർഷകന് അധിക വരുമാനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 3 വർഷക്കാലം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ഇത്. പദ്ധതി നിർവഹണത്തിന്റെ ഭാഗമായി കേരസമിതി രൂപീകരിച്ചിട്ടുണ്ട്.

6. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുമായി സഹകരിച്ച് കണ്ണൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റിവ് മാനേജ്മെന്റ്. ആലങ്ങാട് സഹകരണ ബാങ്കിൽ വച്ച് സംഘടിപ്പിച്ച AIF പരിശീലന പരിപാടിയിൽ പദ്ധതിയുടെ കോ ഓർഡിനേറ്റർ എംപി വിജയൻ സംസാരിച്ചു. അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി, പദ്ധതിയിൽ സഹകരണ ബാങ്കുകളുടെ പങ്കാളിത്തം, അതിലൂടെ കർഷകർക്ക് ഇടനിലക്കാരില്ലാതെ കൂടുതൽ മെച്ചപ്പെട്ട വില ലഭ്യമാക്കുക, കേരള ബാങ്കിന്റെ പദ്ധതികൾ എന്നിവയെക്കുറിച്ച് പരിപാടിയിൽ ചർച്ച ചെയ്തു.

7. ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് സബ്സിഡി നൽകാനൊരുങ്ങി തൃശൂർ ജില്ല പഞ്ചായത്ത്. കർഷകർക്ക് സബ്സിഡി ഇനത്തിൽ ജില്ലയിൽ വിതരണം ചെയ്യാൻ പോകുന്നത് 175 ലക്ഷം രൂപയാണ്. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലൂടെ ക്ഷീര വികസന വകുപ്പ് വഴിയാണ് സബ്സിഡി നൽകുന്നത്. അളക്കുന്ന ഒരു ലിറ്റർ പാലിന് 3 രൂപ നിരക്കിൽ ബാങ്ക് അക്കൗണ്ട് ​വഴി സബ്സിഡി ലഭിക്കും. 2023 മാർച്ചോടെ പദ്ധതി ജില്ലയിൽ മുഴുവൻ നടപ്പിലാക്കാനാണ് തീരുമാനം.

8. കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ പദ്ധതി പുതുക്കി കേരളം. കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2023–2030 എന്ന പേരിലാണ് പുതുക്കിയ ആക്ഷൻ പ്ലാൻ. ഇതിൽ കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ വരുന്ന 7 വർഷം സംസ്ഥാനത്ത് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും മേഖലകളെക്കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നു. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പാർട്ണേഴ്സ് മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കർമപദ്ധതി പ്രകാശനം ചെയ്തത്. കൃഷി, കന്നുകാലിവളർത്തൽ, മത്സ്യബന്ധനം, വനം, ജൈവ ആവാസവ്യവസ്ഥ, ആരോഗ്യം, ജലവിഭവം എന്നീ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിയാണ് കർമ പദ്ധതി നടപ്പാക്കുക.

9. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ ആരംഭിച്ചത് 10,028 സംരംഭങ്ങൾ. ഈ സാമ്പത്തിക വർഷത്തിൽ 13,533 സംരംഭങ്ങൾ എന്ന ലക്ഷ്യമാണ് ജില്ല കൈവരിക്കേണ്ടത്. ഇതിന്റെ 74.1 ശതമാനം ഇതിനോടകം പൂർത്തീകരിച്ചു. 520.04 കോടി രൂപയുടെ മൂലധന നിക്ഷേപവും, 21,214 പേർക്ക് തൊഴിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിച്ചു. ഉത്പാദന – സേവന മേഖലകളിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതും, കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയതും തൃശൂർ ജില്ലയിൽ തന്നെ ആയിരുന്നു.

10. തൃശൂർ കടങ്ങോട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി സ്കിൽ ട്രെയിനിങ്ങ് ആരംഭിച്ചു. കുടുംബശ്രീ സിഡിഎസും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പരിശീലനം. തയ്യൽ മേഖലയിൽ 32 ദിവസങ്ങളിലായി 40 പേർക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

11. ജൈവകൃഷി മേഖലയിൽ SPCയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. മേക്കിങ് ഇന്ത്യ ഓർഗാനിക് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ രേഖ SPC ചെയർമാൻ എൻ.ആർ ജയ്മോൻ കേന്ദ്രസർക്കാരിന് നൽകി. ഇന്ത്യയിലെ രണ്ടര ലക്ഷം പഞ്ചായത്തുകളിൽ ജൈവകൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ പിഎം കൃഷി സമൃദ്ധികേന്ദ്ര, പിഎം പ്രണാം പദ്ധതി എന്നിവ SPCയുമായി ചേർന്ന് നടപ്പാക്കാനും തീരുമാനമായി. ഇതിലൂടെ നിരവധി തൊഴിലവസരങ്ങളും സംരംഭക സാധ്യതകൾക്കും വഴി തുറക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

12. ഒരു പൈനാപ്പിളിന് ഒരു ലക്ഷം രൂപ വില. ഇംഗ്ലണ്ടിൽ ഉൽപാദിപ്പിക്കുന്ന ഹെലിഗൻ (Heligan) എന്ന ഇനം പൈനാപ്പിളിനാണ് ഏകദേശം 100 പൗണ്ട്സ് സ്റ്റെർലിങ് അഥവാ ഒരു ലക്ഷം രൂപ വില വരുന്നത്. കോൺവാളിൽ കൃഷി ചെയ്യുന്ന ഈ ഇനം പൈനാപ്പിളിന്റെ വളർച്ചാകാലം, പരിപാലനം എന്നിവ കണക്കിലെടുത്താണ് വില ഈടാക്കുന്നത്. ഇവയുടെ വിളവെടുപ്പിന് ഏകദേശം രണ്ടോ മൂന്നോ വർഷം ആവശ്യമാണ്. പോഷക ഘടകങ്ങൾ ധാരാളം അടങ്ങിയ പൈനാപ്പിൾ ലേലം ചെയ്താൽ 10 ലക്ഷം വരെ ലഭിക്കുമെന്ന് അധികൃതർ പറയുന്നു.

13. മാൻഡൂസ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾ യെല്ലോ അലർട്ടിലാണ്.

English Summary: Interest relief will continue for short-term agricultural loans malayalam agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds