1. News

വിപണി കയ്യടക്കാനൊരുങ്ങി ആറളം കശുവണ്ടി പരിപ്പ്

ഏഷ്യയിലെ തന്നെ മികച്ച ഗുണമേന്മയുണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശുവണ്ടിയാണിത്

Darsana J
വിപണി കയ്യടക്കാനൊരുങ്ങി ആറളം കശുവണ്ടി പരിപ്പ്
വിപണി കയ്യടക്കാനൊരുങ്ങി ആറളം കശുവണ്ടി പരിപ്പ്

കണ്ണൂർ: ആറളം കശുവണ്ടി പരിപ്പിന്റെ വിപണി സാധ്യത വർധിപ്പിക്കാൻ പദ്ധതിയുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്. ഏഷ്യയിലെ തന്നെ മികച്ച ഗുണമേന്മയുണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശുവണ്ടിയാണിത്. നബാര്‍ഡ് ആദിവാസി വികസന ഫണ്ട് ഉപയോഗിച്ച് ആറളം പുനരധിവാസ മേഖലയില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിന്റെ നേതൃത്വത്തിലാണ് കശുവണ്ടി നിലവിൽ വിപണനം ചെയ്യുന്നത്. ഇതിന്റെ വില്‍പ്പന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

കൂടുതൽ വാർത്തകൾ: ചക്രവാതച്ചുഴിയ്ക്ക് സാധ്യത; കേരളത്തിൽ മഴ മുന്നറിയിപ്പ് തുടരും

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് വ്യവസായ കേന്ദ്രം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഒന്നേമുക്കാല്‍ ലക്ഷം രൂപ വകയിരുത്തി. നിലവില്‍ ആറളം വളയന്‍ചാല്‍, കക്കുവ മാര്‍ക്കറ്റിങ് കോംപ്ലക്സ്, എടൂര്‍ റൂറല്‍മാര്‍ട്ട് എന്നിവിടങ്ങളില്‍ കശുവണ്ടി പരിപ്പ് വില്‍പ്പന ചെയ്യുന്നുണ്ട്. ഇതിന് പുറമെ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാന നഗരങ്ങളിലും, മറ്റ് പ്രദേശങ്ങളിലും വിപണി ഒരുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആറളം കശുവണ്ടിയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഈ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

ആറളം കോട്ടപ്പാറയില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ 5 അംഗങ്ങളെ ഉള്‍പ്പെടുത്തി സിആര്‍ഡി രൂപീകരിച്ച ഉജ്ജ്വല ജെഎല്‍ജി ഘടകമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നത്. മല്ലിക സുകു, ഉഷ സുഭാഷ്, ജിഷ, സിബി, നന്ദു മോള്‍ തങ്കമ്മ എന്നിവരാണ് അംഗങ്ങള്‍. നബാര്‍ഡിന്റെ ആദിവാസി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം ഒരുക്കിയത്. കേരളാ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പയെടുത്താണ് യൂണിറ്റ് ആരംഭിച്ചത്. നബാര്‍ഡില്‍ നിന്ന് സബ്സിഡിയായി 3.75 ലക്ഷം രൂപയും ലഭിച്ചു. 100 കിലോ കശുവണ്ടിയാണ് പരിപ്പുണ്ടാക്കുന്നതിന് ദിവസവും പുഴുങ്ങിയെടുക്കുന്നത്. ശേഷം യന്ത്രത്തില്‍ മുറിച്ചെടുക്കുന്ന കശുവണ്ടി എട്ട് മണിക്കൂര്‍ വൈദ്യുത ഡ്രയറില്‍ ഉണക്കി പായ്ക്കറ്റില്‍ നിറയ്ക്കും.

100 കിലോ കശുവണ്ടിയില്‍ നിന്ന് 40 കിലോ വരെ പരിപ്പ് ലഭിക്കും. കിലോയ്ക്ക് 1,000 രൂപയാണ് വില. 250 മുതല്‍ 500 ഗ്രാം വരെ പായ്ക്കിലും ലഭ്യമാണ്. ജൂണ്‍ 6നാണ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്. 1 മാസം പിന്നിടുമ്പോള്‍ പ്രതിദിനം 10 കിലോ വരെ കശുവണ്ടി പരിപ്പ് വില്‍പന നടക്കുന്നുണ്ട്. ആറളം കശുവണ്ടി പരിപ്പ് നേരിട്ട് വേണ്ടവര്‍ക്ക് 9747220309 എന്ന നമ്പറില്‍ വിളിച്ചാല്‍ എത്തിച്ചു നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സിആര്‍ഡി പ്രോഗ്രാം ഓഫീസര്‍ ഇ.സി ഷാജി അറിയിച്ചു. 

English Summary: Iriti Block Panchayat planning to increase the market potential of Aralam cashew nuts

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds