1. News

ITOTY അവാർഡ് 2022: മഹീന്ദ്രയും മാസി ഫെർഗൂസണും ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് നേടി

ഡൽഹിയിലെ പുൾമാൻ എയ്റോസിറ്റി ഹോട്ടലിലാണ് അവാർഡ് ദാനം നടക്കുന്നത്. പരിപാടിയിൽ അഗ്രി മീഡിയ എക്സ്ക്ലൂസീവ് പാർടണറാണ് കൃഷി ജാഗരൺ.

Darsana J

1. ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ 2022 അവാർഡുകൾ പ്രഖ്യാപിച്ചു.മഹീന്ദ്ര 575 DI XP പ്ലസും മാസി ഫെർഗൂസൺ 246 ഉം ഇന്ത്യയിലെ മികച്ച ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് നേടി. മികച്ച ട്രാക്ടർ നിർമാതാവിനുള്ള അവാർഡ് മഹീന്ദ്രയും സ്വരാജും ചേർന്നാണ് നേടിയത്. സൊണാലിക ബാഗ്ബാൻ RX32 ഓർച്ചാർഡ് ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് നേടിയപ്പോൾ Eicher 557 വാണിജ്യ അടിസ്ഥാനത്തിലുള്ള മികച്ച ട്രാക്ടറിനുള്ള അവാർഡ് നേടി. ക്യുബോട്ട mu 5502 മികച്ച ട്രാക്ടർ ഡിസൈനുള്ള അവാർഡും ക്ലാസിക് ട്രാക്ടർ ഓഫ് ദി ഇയറായി സൊണാലിക സിക്കന്ദർ DI 740 അവാർഡ് നേടി. ഡൽഹിയിലെ പുൾമാൻ എയ്റോസിറ്റി ഹോട്ടലിലാണ് അവാർഡ് ദാനം നടന്നത്. അഗ്രി മീഡിയ എക്സ്ക്ലൂസീവ് പാർടണറായി കൃഷി ജാഗരണും പരിപാടിയിൽ പങ്കാളിയായി.

2. അഗ്രികൾച്ചർ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ലോഗോയും ഔദ്യോഗിക സൈറ്റും പ്രകാശനം ചെയ്യും. ജൂലൈ 21 വ്യാഴാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് കൃഷി ജാഗരൺ മീഡിയ ഹൌസിൽ വച്ചാണ് പരിപാടി നടക്കുക. ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കാർഷിക മാധ്യമ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

3. കൃഷി ജാഗരൺ പദ്ധതിയായ ഫാർമർ ദി ജേർണലിസ്റ്റിന്റെ ഭാഗമായി കർഷക മാധ്യമ പ്രവർത്തകർക്കായി രണ്ടാമത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള കർഷകർക്ക് മാധ്യമ പ്രവർത്തനത്തിലേക്ക് ചുവടു വയ്ക്കാനുള്ള അവസരത്തിന് നേതൃത്വം നൽകുകയാണ് ഫാർമർ ദി ജേർണലിസ്റ്റിന്റെ ലക്ഷ്യം. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.

ബന്ധപ്പെട്ട വാർത്തകൾ: ITOTY 2022 Live Updation: ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് 2022 പ്രഖ്യാപിക്കുന്നു

4. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നത്.
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച് മൂന്ന്- നാല് ദിവസത്തിനകം ഇവിടെത്തന്നെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കാനായത് വലിയ നേട്ടമാണ്. ഇതിലൂടെ എന്‍ഐവി പൂനയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത് മൂലമുള്ള കാലതാമസം ഒഴിവാക്കാനാകും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 28 ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യമുണ്ട്. കേസുകള്‍ കൂടുകയാണെങ്കില്‍ കൂടുതല്‍ ലാബുകളില്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതാണ്.

5. എന്റെ തൊഴില്‍ എന്റെ അഭിമാനം' രണ്ടാംഘട്ടത്തിന് തുടക്കമായി. കേരള നോളജ് എക്കണോമി മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം രണ്ടാംഘട്ട ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍ ആര്‍.പി മാര്‍ക്കും കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുമായിട്ടാണ് പരിശീലനം നടന്നത്. കേരള നോളജ് എക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പരിപാടി ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശിൽപശാലയുടെ വിഷയാവതരണം കെകെഇഎം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.സി മധുസൂദനന്‍ നായര്‍ നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ അനിതാ കെ.നായര്‍, കെ.കെ.ഇ.എമ്മിന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ജെ. പാര്‍വതി, സുമദേവി, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ സ്മിതാ തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

6. എറണാകുളത്തെ അങ്കണവാടികളിൽ 'തേന്‍കണം' പദ്ധതിയ്ക്ക് തുടക്കം. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് കേരള സംസ്ഥാന ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്. പദ്ധതി വഴി 2,858 അങ്കണ വാടികളിലായി 29,188 കുട്ടികള്‍ക്കാണ് തേന്‍ നല്‍കുന്നത്. അഗ്മാര്‍ക്ക് എ ഗ്രേഡ് ഗുണ നിലവാരമുള്ള തേനാണ് ഹോര്‍ട്ടികോര്‍പ്പ് വഴി ലഭ്യമാക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിലുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ മൂന്നു മാസത്തേക്ക് 300 ഗ്രാം തേന്‍ വീതം ഓരോ അങ്കണവാടികളിലും ലഭ്യമാക്കിയിട്ടുണ്ട്. 
 
7. ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് 29.4 ഹെക്ടറിൽ കൃഷി ആരംഭിച്ചു. വടുവുകോട് ബ്ലോക്കിൽ 1.59 ഹെക്ടറിൽ പച്ചക്കറി കൃഷിയും  50 സെന്റിൽ വൻപയറുമാണ് കൃഷി ചെയ്യുന്നത്. തിരുവാണിയൂർ പഞ്ചായത്തിൽ ഒരു ഹെക്ടറിൽ പച്ചക്കറി കൃഷിയാണ് ചെയ്യുന്നത്. മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിൽ 50 സെന്റ് വീതവും വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തുകളിലായി 25 സെന്റ് സ്ഥലത്തും പച്ചക്കറി കൃഷി ആരംഭിച്ചു. പൂത്തൃക്ക പഞ്ചായത്തിൽ 21 സെന്റിൽ വെണ്ടയും, കുന്നത്തുനാട് പഞ്ചായത്തിൽ 50 സെന്റിൽ വൻപയറുമാണ് കൃഷി ചെയ്യുന്നത്. 
 
8. വയനാട്ടിലെ കൃഷി നാശം സംബന്ധിച്ച സ്​ഥിതി വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ വയനാട് ജില്ലയിൽ വ്യാപക കൃഷി നാശം ഉണ്ടായി. നിലവിലെ സ്ഥിതി വിലയിരുത്തി റിപ്പോർട്ട് ചെയ്യാനും മറ്റു നടപടികൾ എടുക്കുന്നതിനുമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടടം സംഭവിച്ചത് വാഴ കർഷകർക്കാണ്. ജൂലൈ ഒന്നു മുതൽ ഇതുവരെ ജില്ലയിൽ 56.5 കോടിയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

9. അതിർത്തി പ്രദേശമായ മണ്ടെക്കോലിൽ കാട്ടാന ശല്യം രൂക്ഷം. മണ്ടെക്കോലിലെ മാവഞ്ചിയിൽ വിവിധ സ്ഥലങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴ, തെങ്ങ്, കമുക് തുടങ്ങി വിവിധ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. കുട്ടിയാന ഉൾപ്പെടെ നാലു ആനകളുടെ കൂട്ടമാണു കൃഷി നശിപ്പിച്ചത്. തുരുത്തി അകറ്റിയാലും കൂടുതൽ ദൂരം പോകാതെ ജനവാസ കേന്ദ്രത്തിനു സമീപത്തു തന്നെ തമ്പടിക്കുന്ന ആനകൾ രാത്രി കാലങ്ങളിൽ വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. അതിർത്തി പ്രദേശമായ മണ്ടെക്കോലിൽ വർഷങ്ങളായി കാട്ടാന ശല്യം മൂലം കർഷകർ പൊറുതി മുട്ടിയിരിക്കുകയാണ്. മഴക്കാലം തുടങ്ങിയതോടെ കാട്ടാന ശല്യം രൂക്ഷമായി.

10. കാര്‍ഷിക ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി പദ്ധതിയ്ക്കുള്ള യോഗം വ്യാഴാഴ്ച ചേരും. ചെറുകിട നാമമാത്ര കർഷകർക്കായി നടപ്പാക്കുന്ന സൗജന്യ വൈദ്യുതി പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള യോഗം നാളെ രാവിലെ 10.30 ന് അതാത് കൃഷിഭവനുകളുടെ നേതൃത്വത്തില്‍ ചേരുമെന്ന് കീഴ്മാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പദ്ധതി പ്രകാരം സബ്സിഡി തുക ഡി.ബി.ടി മുഖേനയായിരിക്കും നൽകുന്നത്. കീഴ്മാട് കാര്‍ഷിക ബ്ലോക്കിലെ കിഴക്കമ്പലം, ചൂർണ്ണിക്കര, എടത്തല, വെങ്ങോല, വാഴക്കുളം, കീഴ്മാട് കൃഷി ഭവനുകളുടെ കീഴിലായിരിക്കും യോഗം ചേരുന്നത്. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഹാൾ, എടത്തല കൃഷി ഭവൻ, വാഴക്കുളം കൃഷി ഭവൻ, കീഴ്മാട് കൃഷിഭവൻ, വെങ്ങോല കമ്മ്യൂണിറ്റി ഹാൾ, ചൂർണ്ണിക്കര പഞ്ചായത്ത് ഹാൾ എന്നീ സ്ഥലങ്ങളിലായിരിക്കും യോഗം നടക്കുന്നത്. ഗ്രൂപ്പിൽ അംഗങ്ങളാകുന്നവർക്ക് മാത്രമായിരിക്കും തുടർന്നും കാർഷിക ആവശ്യത്തിനായി സൗജന്യ വൈദ്യുതിയുടെ സബ്സിഡി അനുവദിക്കുക. അര്‍ഹരായവര്‍ കരം അടച്ച രസീത്, ആധാർ കാർഡ്, പമ്പ് സെറ്റിന്റെ വിശദാംശങ്ങൾ എന്നിവ സഹിതം കൃഷി ഭവനൻറെ യോഗത്തിൽ പങ്കെടുത്ത് പേര് രജിസ്റ്റര്‍ ചെയ്യണം.

11. കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മധ്യ വടക്കൻ ജില്ലകളിലായിരിക്കും ഏറ്റവും കൂടുതൽ മഴ ലഭിക്കുക. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

English Summary: ITOTY 2022 distributing Indian Tractor of the Year Award 2022

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds