സംസ്ഥാനത്തിന്റെ ഔദ്യോഗികഫലമായ ചക്ക ഇതാദ്യമായി കൃഷിവകുപ്പ് സംഭരിക്കുന്നു. ഇക്കൊല്ലത്തെ സീസൺ തീരുകയാണെങ്കിലും വയനാട്ടിൽ സംഭരണത്തിനു നടപടി തുടങ്ങിയെന്നും അടുത്ത ദിവസം ഇടുക്കിയിലും ലഭ്യതയനുസരിച്ചു മറ്റിടങ്ങളിലും സംഭരിക്കുമെന്നും മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു.
ഈ സീസണിൽ കിലോയ്ക്ക് 6 രൂപ വരെ കർഷകനു ലഭിക്കും. രണ്ടു മാസം മുൻപു പൊതുവിപണിയിൽ 10 രൂപ വിലയുണ്ടായിരുന്നു. ചക്ക സംഭരണത്തിനും വിപണനത്തിനും ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വിഎഫ്പിസികെ) മുഖേനയാണു സംഭരണം. സംഭരിക്കുന്ന ചക്ക വിവിധ സംസ്കരണ കമ്പനികൾക്കു നൽകും.
സംസ്ഥാനത്തു വൻതോതിൽ ചക്ക പാഴാകുന്ന സാഹചര്യമാണെങ്കിലും ഈ വർഷം ലോക്ഡൗൺ കാലത്ത് പരമാവധി ഉപയോഗമുണ്ടായി. ചക്കയുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾ ആവശ്യം വർധിപ്പിച്ചു.
മാംഗോസ്റ്റിൻ തുടങ്ങിയ ഫലങ്ങളുടെ വിപണനവും കൃഷിവകുപ്പ് നടത്തും. 10 വർഷത്തേക്കുള്ള പദ്ധതി കാർഷിക സർവകലാശാല, വിഎഫ്പിസികെ, ഹോർട്ടികോർപ് എന്നിവയുടെ സഹകരണത്തോടെ തയാറാക്കി. പദ്ധതിയുടെ ഫണ്ട് വാഹനങ്ങൾ വാങ്ങാനോ ശമ്പളം നൽകാനോ ഉപയോഗിക്കരുതെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പഴങ്ങൾ സൂക്ഷിക്കാനുള്ള ശീതീകരണശൃംഖല വ്യാപിപ്പിക്കാൻ പ്രത്യേകം തുകയുണ്ട്. പാലക്കാട് മുതലമട, വയനാട് പഴഗ്രാമങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നേന്ത്രവാഴക്കര്‍ഷകര്‍കർക്ക് തിരിച്ചടിയായി നേന്ത്രനിൽ കുഴിപുള്ളി രോഗം വ്യാപിക്കുന്നു