1. News

അന്താരാഷ്ട്ര ചക്കമഹോത്സവം വയനാട്ടില്‍

കേരള കാര്‍ഷിക സര്‍വ്വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവം തുടങ്ങി.

KJ Staff
 
കേരള കാര്‍ഷിക സര്‍വ്വകലാശാല  അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവം തുടങ്ങി. ജൂലായ് 15 വരെയാണ് ചക്ക മഹോത്സവം. തുടര്‍ച്ചയായി ഇത് ആറാം വര്‍ഷമാണ് അമ്പലവയലില്‍ ചക്ക മഹോത്സവം നടത്തുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ച ശേഷം ആദ്യത്തേതുമാണ്.

അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം, ദേശീയ അന്തര്‍ദേശീയ പ്രദര്‍ശന സ്റ്റാളുകള്‍, ഗോത്ര സംഗമം, ചക്ക സംസ്‌കരണത്തില്‍ വനിതകള്‍ക്കായുള്ള സൗജന്യ പരിശീലനം, മാജിക്കിലൂടെയുള്ള ബോധവല്‍ക്കരണം, ചക്കസദ്യ തുടങ്ങി വിവിധ മത്സരങ്ങള്‍ എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും. കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ,ശാസ്ത്രജ്ഞര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 

കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കേരള സര്‍വകലാശാലയുടെയും ആഭിമുഖ്യത്തിലാണ്  അന്താരാഷ്ട്ര ചക്ക മഹോത്സവം സംഘടിപ്പിക്കുത്. ചക്കമഹോത്സവത്തോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയത്തില്‍ ചക്കയുടെ ഫലപ്രദമായ ഉപയോഗത്തിനും വിപണനത്തിനുമുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും ചര്‍ച്ച നടത്തി. മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇത്തവണ നിരവധി ചക്ക ഉല്‍പന്നങ്ങളും ഉല്‍പാദകരുമാണ് ഇവിടെ എത്തിയത്. ചക്ക കൊണ്ടുള്ള വിഭവ - മത്സരങ്ങളും ചക്കയുമായി ബന്ധപ്പെട്ട വിവിധ ഇനം പ്രദര്‍ശനവും നടത്തി. സ്ത്രീകള്‍ക്കു മാത്രമായി മൂല്യവര്‍ദ്ധിത ഉല്‍പന്ന പരിശീലന ക്ലാസും സംഘടിപ്പിച്ചു.

ചക്കയുടെ ഉല്‍പാദനം വര്‍ദ്ധിച്ചതായി സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപെട്ടു. അന്തരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഭാഗമായി ചക്കയുടെ മൂല്യവര്‍ദ്ധിത സാധ്യതകളും വിപണന ശൃംഖലകളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറില്‍ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍മാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക പ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശാസ്ത്രീയ പഠനത്തില്‍ ഇന്ത്യയില്‍ ചക്കയുടെ ഉല്‍പാദന മേഖലയില്‍ ഗണ്യമായ വര്‍ദ്ധനവ് കണ്ടത്തിയിട്ടുണ്ട് എന്ന് പഴവര്‍ഗ പ്രോജക്റ്റ് കോ-ഓര്‍ഡിറ്റേറും ഐ.ഐ.എച്ച്.ആര്‍ ബാഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പലുമായ ഡോ. പ്രകാശ് പാട്ടീല്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ എഴുപത്തിയഞ്ചിലധികം ശതമാനം ചക്ക പാഴായി പോകുന്നുവെന്നും അതിലൂടെ കോടി കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിയെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള ചക്കയെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിപണന ശൃംഖലകളെ കണ്ടത്തി അതില്‍ നിന്നു മികച്ച വരുമാനം കര്‍ഷകര്‍ക്ക് എങ്ങനെ കൈവരിക്കാം, പുതിയ വിപണന രീതികളെക്കുറിച്ചും റിട്ടേര്‍ഡ്  അഗ്രികര്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി. പ്രസാദ് വിശദീകരിച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന 80 ശതമാനം ചക്കകളും വിപണനത്തിലെത്തുന്നു. വന്‍കിട വ്യവസായ സംരഭകര്‍ മുതല്‍ കുടില്‍  വ്യവസായകര്‍ വരെ ചക്കയുടെ മൂല്ല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍  വിപണിയിലെത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഭാഗമായി സെമിനാറുകള്‍, ചക്കയിലുള്ള കൊത്തുപണി മത്സരം, സ്ത്രീകള്‍ക്ക് ചക്ക മൂല്ല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ പരിശീലനം, സ്റ്റാള്‍ പ്രദര്‍ശനം എന്നിവയും ഉണ്ടാകും. 
English Summary: Jackfruit Festivel

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds