1. News

ആൻ്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

സംസ്ഥാനത്തിന്റെ ആന്റി ബയോഗ്രാം റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു. മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകളിലും ജില്ലാതല ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ യോഗം ചേരുകയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.

Saranya Sasidharan
Kerala becomes the first state in the country to launch Anti-Biogram
Kerala becomes the first state in the country to launch Anti-Biogram

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ആന്റി ബയോഗ്രാം റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു.

മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകളിലും ജില്ലാതല ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ യോഗം ചേരുകയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കര്‍മ്മപദ്ധതി ആവിഷ്‌ക്കരിച്ച് ഇത് കുറയ്ക്കാനും ആന്റി ബയോഗ്രാം റിപ്പോര്‍ട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോര്‍ട്ടില്‍ നിന്നും ആന്റിബയോട്ടിക് പ്രതിരോധ തോത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടിവരുന്നതായാണ് വ്യക്തമാകുന്നത്. ഇതിനെത്തുടര്‍ന്ന് ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതപ്പെടുത്തി.

എല്ലാ വര്‍ഷവും നവംബര്‍ 18 മുതല്‍ 24വരെ ലോക ആന്റിബയോട്ടിക് അവബോധ വാരാചരണമായി ആചരിച്ചുവരുന്നു. ആന്റിബയോട്ടിക്കിനെപ്പറ്റിയുള്ള അവബോധം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരുമിച്ച് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിനെ തടയാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. വണ്‍ ഹെല്‍ത്തില്‍ ഊന്നി ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ സഹകരിച്ചാണ് അവബോധ പരിപാടികള്‍ സംഘടിപ്പിച്ചത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ എല്ലാ ജില്ലകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജുകള്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ആന്റി ബയോട്ടിക് സാക്ഷരത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനം പ്രാധാന്യം നല്‍കിയത്.

ആന്റിബയോട്ടിക് പ്രതിരോധത്തില്‍ നമുക്കും പങ്കാളികളാകാം

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.
2. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ.
3. ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
4. ചികിത്സ കഴിഞ്ഞു ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

6. രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.
7. ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല.
8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.
9. രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക.
10. പ്രതിരോധ കുത്തിവയ്പുകള്‍ കാലാനുസൃതമായി എടുക്കുക.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും: ആലോചനാ യോഗം ചേര്‍ന്നു

English Summary: Kerala becomes the first state in the country to launch Anti-Biogram

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters