1. News

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് വന്‍ പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി

അതിദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കേരളത്തിന് ഇതിനകം വലിയ പുരോഗതി കൈവരിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ മേഖലാതല അവലോകന യോഗത്തില്‍ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Meera Sandeep
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് വന്‍ പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് വന്‍ പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി

മലപ്പുറം: അതിദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കേരളത്തിന് ഇതിനകം വലിയ പുരോഗതി കൈവരിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ മേഖലാതല അവലോകന യോഗത്തില്‍ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ നവംബര്‍ ഒന്നോടെ സംസ്ഥാനത്തെ അതിദരിദ്രരില്‍ വലിയൊരു ശതമാനം ആളുകള്‍ അതിദാരിദ്ര്യാവസ്ഥയില്‍ നിന്ന് മോചിതരാവും. അടുത്ത നവംബറോടെ ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതി കൈവരിക്കാനാവും. 2025ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിയുന്ന രീതിയിലാണ് പദ്ധതി മുന്നോട്ടുപോവുന്നത്. വിവിധ മേഖലകളില്‍ ഇതിനകം കേരളം കൈവരിച്ച നേട്ടങ്ങളുടെ മാറ്റ് വര്‍ധിപ്പിക്കുന്ന ചുവടുവയ്പ്പായി ഇത് മാറുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപന തലത്തില്‍ നല്ല രീതിയില്‍ നടന്നുവരുന്നതായും മുഖ്യമന്ത്രി വിലയിരുത്തി. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സെക്രട്ടറി തലത്തില്‍ നല്ല ഇടപെടലുകള്‍ ഉണ്ടാവണം. നിസ്സാര കാര്യങ്ങളുടെ പേരില്‍ നിര്‍മാണം തടസ്സപ്പെട്ടു നില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. ജലജീവന്‍ മിഷന്‍ പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതിന് നല്ല രീതിയിലുള്ള ഇടപെടല്‍ എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവണം.

മാലിന്യ സംസ്‌ക്കരണ രംഗത്ത് കൂടുതല്‍ ശക്തമായ ഇടപെടല്‍ എല്ലാ തലങ്ങളിലും നടക്കേണ്ടതായിട്ടുണ്ട്. കേരളം പൂര്‍ണമായും മാലിന്യമുക്തമാകുന്ന പുതിയൊരു സംസ്‌കാരത്തിലേക്ക് വളരാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല വെള്ളമെന്ന് കരുതി നാം കുടിക്കുന്ന കിണര്‍ വെള്ളത്തില്‍ പോലും മനുഷ്യവിസര്‍ജ്യത്തിന്റെ അംശങ്ങള്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ അവ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിന് മികച്ച സംവിധാനങ്ങളുണ്ടാവണം. എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തി ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഇത്തരം ലാബുകള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങളുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ ലക്ഷ്യമിടുന്ന ഇ-ഹെല്‍ത്ത് പദ്ധതി സാധാരണ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കണം. തീരദേശ ഹൈവേ പൂര്‍ത്തിയാവുന്നതോടെ വലിയ തോതിലുള്ള മാറ്റമാണ് കേരളത്തില്‍ ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ടുപോവുന്ന സ്ഥിതിയുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയൊരു ഭരണ സംസ്‌കാരത്തിലേക്ക് കേരളം നീങ്ങുകയാണ്. അതിന്റെ ഭാഗമായാണ് ഇത്തരം അവലോകന യോഗങ്ങള്‍. സവിശേഷമായ ഇടപെടല്‍ എന്ന രീതിയില്‍ ഈ യോഗങ്ങള്‍ക്ക് നല്ല പ്രതികരണമാണ് പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരുമാനിച്ച കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാനാവണം. പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയുണ്ടാവുകയെന്നത് ഏറ്റവും പ്രധാനമാണ്. അഴിമതിയെ ഗൗരവമായി കണ്ട് അത് ഇല്ലാതാക്കുന്നതിനുള്ള ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ഓരോരുത്തരും മുന്നോട്ടുവരണം. ഉത്തരവാദിത്ത നിര്‍വഹണത്തിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സംതൃപ്തിയായിരിക്കണം നാം പ്രതിഫലമായി ലക്ഷ്യംവയ്‌ക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു സെഷനുകളിലായി നടന്ന മേഖലാതല അവലോകനത്തില്‍ രാവിലെ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ഉച്ചകഴിഞ്ഞ് മൂന്ന് ജില്ലകളിലെ ക്രമസമാധാന അവലോകനവും നടന്നു. വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനം, ദേശീയപാത, മലയോര, തീരദേശ ഹൈവേ വികസനം ഉള്‍പ്പെടെ ജില്ലകളിലെ പ്രധാന വികസന പദ്ധതികളുടെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്. ഇവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള നയപരമായ സുപ്രധാന തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. 

തൃശൂര്‍ കിഴക്കേക്കോട്ട ലൂര്‍ദ്ദ് പള്ളി ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, ജി ആര്‍ അനില്‍, എം ബി രാജേഷ്, പി പ്രസാദ്, വി ശിവന്‍കുട്ടി, ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുറഹിമാന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കലക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Kerala has made huge progress in eradicating extreme poverty: Chief Minister

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds