1. News

കേരളപ്പിറവിയിൽ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതിനകം പ്രഖ്യാപിച്ച പദ്ധതികളില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് അവലോകനയോഗത്തിനു ശേഷം വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Saranya Sasidharan
Kerala will be made a poverty-free state by birth of Kerala: Chief Minister
Kerala will be made a poverty-free state by birth of Kerala: Chief Minister

പൂര്‍ണ്ണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇതിനകം പ്രഖ്യാപിച്ച പദ്ധതികളില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് അവലോകനയോഗത്തിനു ശേഷം വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യനീക്കത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഈ നേട്ടം കൂടുതല്‍ മെച്ചപ്പെടുത്താനാണ് മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഞ്ചാരികള്‍ക്ക് നല്ല രീതിയില്‍ കേരളം കണ്ട് മടങ്ങുന്നതിനുള്ള അവസരം സൃഷ്ടിക്കണം. സമയബന്ധിതമായി ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം.

വിദ്യാഭ്യാസം, ആരോഗ്യം, ഹരിത കേരളം മിഷന്‍ എന്നിവയിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മനസോടിത്തിരി മണ്ണ് ക്യാംപയ്ന്‍ കൂടുതല്‍ സജീവമാക്കണം. ജനങ്ങള്‍ സ്വമനസാലേ തരുന്ന മണ്ണ് ആണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിന് കൂടുതല്‍ പേരെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകണം ഇതു നിര്‍വഹിക്കേണ്ടത്. ഇതുവഴി കുറച്ചുകൂടി ഭൂമി ലഭ്യമാക്കണം. ഭൂമി ഇല്ലാത്തതുകൊണ്ട് വീട് നിര്‍മ്മിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ലഭിക്കുന്ന ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കണം.

പൈപ്പ് വെള്ളം എല്ലാ വീടുകളിലുമെത്തിക്കുന്ന ജലജീവന്‍ മിഷനിലൂടെ വലിയ മാറ്റമാണ് നാട്ടിലുണ്ടാകാന്‍ പോകുന്നത്. ഇത് വേഗത്തില്‍ പൂര്‍ണതയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുന്നു.

യോഗത്തില്‍ ചര്‍ച്ച ചെയ്ത പദ്ധതികള്‍ക്ക് പുറമേ സര്‍ക്കാര്‍ നടപ്പാക്കുന്ന മറ്റു പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പുതിയ ഭരണ സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണരംഗവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് നല്ല സംതൃപ്തി ലഭിക്കുന്ന സാഹചര്യമുണ്ടാകണം. ഇത് കൂടി ഉള്‍പ്പെട്ടതാണ് നവകേരളം. ജില്ലകളില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള ഇടപെടലുണ്ടാകണം. ഇതിനാവശ്യമായ ഇടപെടല്‍ എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മന്ത്രിമാരായ കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആര്‍. ബിന്ദു, പി.പ്രസാദ്, പി.രാജീവ്, കെ. രാധാകൃഷ്ണന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, വി.എന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, കെ.എന്‍ ബാലഗോപാല്‍, എം.ബി രാജേഷ്, ജി.ആര്‍. അനില്‍, വി. അബ്ദുറഹിമാന്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍മാര്‍, സെക്രട്ടറിമാര്‍, നാലു ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English Summary: Kerala will be made a poverty-free state by birth of Kerala: Chief Minister

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds