1. News

ഒറ്റക്കുതിപ്പിൽ ലക്ഷ്യം നേടി സംരംഭക വർഷം പദ്ധതി;എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ

ഒരു വർഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതി വഴി, ഇതിനോടകം 1,01,353 സംരംഭങ്ങൾ ആരംഭിച്ചത് ചരിത്രനേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Raveena M Prakash

1. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിൽ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി. ഈ മാസം എട്ടിന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നീട്ടിയത്. അര്‍ഹരായ മുഴുവൻ ആളുകളേയും ചേർക്കുന്നതിനും മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടര്‍പ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യര്‍ത്ഥിച്ചു. അവകാശങ്ങളും, ആക്ഷേപങ്ങളും സംബന്ധിച്ച് തീരുമാനമെടുത്ത് അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. 

2.അതിദാരിദ്ര ലഘൂകരണ പരിപാടിയിലെ ഹ്രസ്വ കാല പദ്ധതികൾ 2023 ജനുവരി മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തിൽ റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകളും ആരോഗ്യ ഇൻഷുറൻസും ക്ഷേമപെൻഷനും ലഭ്യമാക്കാനുള്ള ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്. റേഷൻ കാർഡില്ലാത്ത 7316 കുടുംബങ്ങളിൽ 2516 കുടുംബങ്ങൾക്ക് ഇതിനകം ബിപിഎൽ കാർഡ് ലഭ്യമാക്കിയിട്ടുണ്ട്. 2586 അപേക്ഷകൾ പരിഗണനയിലാണ്. അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട 14,618 പേർക്ക് ഇതിനകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം ആരംഭിച്ചിട്ടുണ്ട്.

3. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘടാനവും, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ കിസാൻ മേളയും, കാർഷിക പ്രദർശനവും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ നാളെ രാവിലെ 9 മണി മുതൽ ശാർക്കര ഗവ.യു. പി സ്കൂളിൽ വെച്ചു സംഘടിപ്പിക്കുന്നു. കേരഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം വൈകുന്നേരം 4 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് P. മുരളിയുടെ അധ്യക്ഷതയിൽ ചിറയിൻകീഴ് M.L.A. വി. ശശി നിർവഹിക്കും, ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാർ എന്നിവ സംഘടിപ്പിക്കും.

4. കുരുമുളക് വില കുത്തനെ ഇടിയുന്നത് കർഷകരെ കൂടുതൽ ആശങ്കയിലാക്കുന്നു. കേരളത്തിലെ കുരുമുളക് വിപണിയുടെ പ്രധാനകേന്ദ്രമായ കട്ടപ്പന മാർക്കറ്റിൽ, ഒരു കിലോക്ക് 485 മുതൽ 489 രൂപ വരെ മാത്രമായിരുന്നു വില. വിളവെടുപ്പ് സീസൺ അടുത്തിടെ ഉണ്ടായ വില തകർച്ച കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. നാല് വർഷം മുമ്പ് ഓഫ് സീസണിൽ കിലോക്ക് 681രൂപ വരെ വിൽപന നടന്നതിനാൽ ഇത്തവണ കാര്യമായ വർധന ഉണ്ടാകുമെന്ന വിശ്വാസത്തിൽ കുരുമുളക് സംഭരിച്ച കർഷകർക്ക് വിലയിടിവ് കനത്ത ആഘാതമായി. കഴിഞ്ഞ സീസണിൽ കേരളത്തിലടക്കം ഉൽപാദനം കുറഞ്ഞതിനാൽ ഇറക്കുമതി വർധിച്ചതാണ് വിലത്തകർച്ചക്ക് വഴിയൊരുക്കിയത്.

5. കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ ലോഗോ മന്ത്രി വി ശിവൻകുട്ടി, മന്ത്രി പി എം മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു. ആകെ 26 ലോഗോകൾ ലഭിച്ചു. 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് മൽസരങ്ങൾ നടക്കുക. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ആഘോഷത്തിന്റെ ദിനങ്ങളാണ് വരാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

6. സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന ഒമ്പതിനായിരം റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റോബോട്ടിക്സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകളെ തുറന്ന മനസോടെയാണു സർക്കാർ സമീപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

7. 6282 കോടി രൂപയുടെ നിക്ഷേപവും, രണ്ടു ലക്ഷത്തി ഇരുപത്തിനായിരത്തി അഞ്ഞുറു പേർക്ക് തൊഴിലും, 25000 ത്തിലധികം വനിതകളുടേ സംരംഭങ്ങളും, ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവരുടെ 10 സംരംഭങ്ങൾ തുടങ്ങി എട്ട് മാസക്കാലയളവിനുള്ളിൽ, സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതിക്ക് ചരിത്രനേട്ടം. ഒരു വർഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതി വഴി, ഇതിനോടകം 1,01,353 സംരംഭങ്ങൾ ആരംഭിച്ചത് ചരിത്രനേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. രണ്ടു ലക്ഷത്തി ഇരുപത്തിനായിരത്തി അഞ്ഞുറു പേർക്ക് ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു.

8. കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള അംഗങ്ങൾ ഡിസംബർ 31നു മുൻപായി കുടിശിക അടച്ച് തീർക്കാത്തപക്ഷം ക്ഷേമനിധി പദ്ധതി 909 , 11-ാം വകുപ്പ് 1, 2 ഉപവകുപ്പുകൾ പ്രകാരം അംഗത്വം റദ്ദാകുമെന്ന് ചെയർമാൻ അറിയിച്ചു. അംഗങ്ങൾക്ക് അംശദായ തുക അക്ഷയ, ജനസേവന കേന്ദ്രം വഴിയോ, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ, ഗൂഗിൾ പേ നമ്പരായ 9037044087 ലൂടെയോ അടയ്ക്കാം. ഗൂഗിൾ പേ വഴി അംശദായം അടയ്ക്കുന്നവർ ഇതേ നമ്പരിലേക്ക് തന്നെ വാട്‌സ് ആപ്പ് വഴി രജിസ്റ്റർ നമ്പർ, പേര് എന്നിവ ഉൾപ്പെടെ വിശദാംശങ്ങൾ അയക്കണം. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി അംഗങ്ങളിൽ ആധാർ നമ്പർ സമർപ്പിക്കാത്തവർ ഡിസംബർ 31നു മുൻപായി kcwfb.keltron.in എന്ന ലിങ്ക് വഴി ആധാർ നമ്പർ അപ്പ്‌ഡേറ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2720071, 2720072 എന്ന നമ്പറിൽ ബന്ധപ്പെടുക.

9. ഫിൻലാൻഡ് സഹകരണത്തോടെ ടാലൻറ് കോറിഡോറും ഇന്നവേഷൻ കോറിഡോറും വികസിപ്പിക്കുന്നതിന് ധാരണയായി. ഫിൻലാൻഡ് അംബാസിഡർ റിത്വ കൗക്കു റോണ്ടെ (Ritva Koukku - Ronde) മുഖ്യമന്ത്രി പിണറായി വി‍ജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇത് സംബന്ധിച്ച മാർഗ്ഗരേഖ ഫിൻലാൻഡിലെയും കേരളത്തിലെയും അക്കാദമിക് വിദഗ്ധർ ചേർന്ന് തയ്യാറാക്കും. നേരത്തെ ആറു മേഖലകളിൽ കേരളവും ഫിന്‍ലാന്‍ഡും തമ്മില്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

10. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ വിളവെടുക്കുന്ന നെല്ല് പൊതുവിതരണ സംവിധാനത്തിലൂടെയാണ് വിപണിയിലേക്ക് എത്തുന്നത്. വരിഞ്ഞം, മീനാട്, ഇടനാട് പാടശേഖരങ്ങളിലെ നെല്ലാണ് നെല്‍കൃഷിവികസന പദ്ധതി പ്രകാരം പൊതുവിതരണ വകുപ്പിന് കൈമാറുന്നത്. ഒന്നാംവിള നെല്‍കൃഷി ചെയ്ത 25ലധികം കര്‍ഷകരുടെ 52,000 കിലോ നെല്ലാണ് നല്‍കുക. പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് വരിഞ്ഞം പാടശേഖരത്തില്‍ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു നിര്‍വഹിച്ചു. നെല്‍കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുകവഴി കൃഷി പ്രോത്സാഹിപ്പിക്കാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു

11. പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബര്‍ 12 മുതല്‍ 17 വരെ ആറ് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ 0473 4299869, 9495390436, 9464453247 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കുകയോ, വാട്‌സാപ്പ് ചെയ്‌തോ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.

12. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മാൻദൗസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. മാൻദൗസ് ചുഴലിക്കാറ്റ് കൂടുതൽ തീവ്രത കൈവരിക്കാൻ സാധ്യതയുള്ളതിനാൽ, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ മുൻകരുതൽ നടപടികൾ പുറപ്പെടുവിക്കുകയും, എല്ലാ പാർക്കുകളും കളിസ്ഥലങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ ഉത്തരവിടുകയും ചെയ്തു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് നാളെ ബീച്ചുകൾ സന്ദർശിക്കരുതെന്ന് ചെന്നൈ കോർപ്പറേഷൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: സംരംഭക വർഷം പദ്ധതി: 8 മാസത്തിനിടെ 1 ലക്ഷം സംരംഭങ്ങൾ, 6282 കോടി രൂപയുടെ നിക്ഷേപം, 2,20,500 പേർക്ക് തൊഴിൽ

English Summary: Kerala's Kera Gramam Project and Kisan Mela

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds