- കര്‍ഷകര്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച കിസാന്‍ മേളയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലവസ്ഥാ വ്യതിയാനം മൂലം കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിള ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കേരളത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന്റെ തോത് കുറയ്ക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും, ഇതിനായി കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
- കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡും, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് നാളികേര അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ വെർച്ചൽ വ്യാപാരമേള സംഘടിപ്പിക്കുന്നു. 26ന് ആരംഭിച്ച മേള നാളെ അവസാനിക്കും. നാളികേര അധിഷ്ഠിത ഭക്ഷ്യോല്പന്നങ്ങൾ, മധുരപലഹാരങ്ങൾ, പാനീയങ്ങൾ മുതൽ ഭക്ഷ്യേതര ഉൽപ്പന്നങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നു. പുതിയ നാളികേര ഉൽപ്പന്നങ്ങൾ പരിചയപ്പെടുവാനും നാളികേര ഉൽപ്പന്നങ്ങൾ വാങ്ങാനുമുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ - 9 7 4 6 9 0 3 5 5 5
ബന്ധപ്പെട്ട വാർത്തകൾ: 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ എലോൺ മസ്‌ക് കരാർ ഒപ്പിട്ടു
- ചെലവ് കുറഞ്ഞ കൃഷിരീതികൾ സംസ്ഥാനത്ത് വ്യാപകമാക്കണമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ സഹകരണത്തോടെ ആത്മയും കൃഷി വിജ്ഞാൻ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക ഉത്പാദനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കർഷകർ ഉൽപാദിപ്പിക്കുന്ന വിളകൾക്ക് ന്യായവില ഉറപ്പാക്കണമെന്നും, ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷി നാശ നഷ്ടങ്ങൾ അതിജീവിക്കാൻ കർഷകർ ഇൻഷുറൻസ് കവറേജ് എടുക്കാനും മന്ത്രി ജി.ആർ. അനിൽ നിർദേശിച്ചു.
- സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ, കോഴിക്കോട് പൂക്കാട് എഫ് എഫ് ഹാളിൽ മാമ്പഴക്കാലം പ്രവർത്തിപരിചയ ചിത്രകല ശില്പശാല സംഘടിപ്പിക്കുന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: അപ്നാ ഘർ പദ്ധതി: തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കി തൊഴിൽ വകുപ്പ്
- സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപാദിപ്പിക്കുന്ന മേന്മയേറിയ bv- 380 മുട്ട കോഴികൾ വിൽപ്പനയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ- 9 8 9 5 0 0 0 9 1 8
- കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ ഈ മാസം 29, 30 തീയതികളിൽ മുട്ട കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. താല്പര്യമുള്ളവർ 0 4 7 1 - 2 7 3 2 9 1 8 എന്ന നമ്പരിൽ വിളിക്കുക.
- കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷനും നെറ്റ് നെഗറ്റീവ് എമിഷൻ പദവിയും കരസ്ഥമാക്കി കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയില നിർമാണ സ്ഥാപനവും ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ അസോസിയേറ്റ് കമ്പനിയുമാണ് കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻ. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ പ്രതിബദ്ധതകളിലൂടെയാണ് കമ്പനി പ്രവർത്തിച്ചിട്ടുള്ളതെന്ന് കെ.ഡി.എച്ച്.പി മാനേജിങ് ഡയറക്‌ടറും സി.ഇ.ഒ.യുമായ കെ മാത്യു എബ്രഹാം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Fertilizer Subsidy Update: വളം വില കൂടില്ല, സബ്സിഡി 50% വർധിപ്പിച്ച് കേന്ദ്ര സർക്കാർ
- കേരളത്തിൽ ഏപ്രിൽ 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുനമർദ്ദ പാത്തി, കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. കൂടാതെ, മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ബന്ധപ്പെട്ട വാർത്തകൾ: വസ്‌തു ഈടു നൽകി ഏറ്റവും കുറഞ്ഞ പലിശയിൽ ലോൺ എങ്ങനെ നേടാം?