News

രക്ഷാപ്രവര്‍ത്തനത്തില്‍ കോട്ടയം ജില്ല മികവു പുലര്‍ത്തി, ഇനി വേണ്ടത് പുനര്‍ നിര്‍മ്മാണം: മന്ത്രി കെ.രാജു

പ്രളയവുമായി  ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കോട്ടയം ജില്ല മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് വനം-വന്യജീവി- ക്ഷീരവികസന വകുപ്പ്  മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. കോട്ടയം കളക്ട്രേറ്റ് ചേമ്പറില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ട പ്രവര്‍ത്തനത്തില്‍ വെള്ളപ്പൊക്ക കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. പുനര്‍നിര്‍മ്മാണത്തിനൊപ്പം പുനരധിവാസത്തിനും പ്രാധാന്യം നല്‍കണം. 

വീടുകളിലേക്ക് തിരിച്ചു പോകുന്നതിനു മുന്‍പായി പൂര്‍ണ്ണ ശുചിത്വം ഉറപ്പുവരുത്തുക, നാശനഷ്ടം സംഭവിച്ച വീടുകളുടെ വൈദ്യുതി പുനസ്ഥാപിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. വകുപ്പുകള്‍ കൃത്യമായി നാശനഷ്ടങ്ങളുടെ കണക്കെടുക്കണം. മൃഗങ്ങള്‍ക്കായുള്ള ക്യാമ്പുകളില്‍ വെള്ളവും ഭക്ഷണവും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം അദ്ദേഹം പറഞ്ഞു.

വെള്ളം കയറി വീടുകളില്‍ ടോയ്ലറ്റുകള്‍ നശിച്ചിട്ടുണ്ടെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണം. പ്രളയക്കെടുതിയില്‍  വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപയും വീട് മാത്രം നഷ്ടപ്പെടവര്‍ക്ക് നാലു ലക്ഷം രൂപയും  വീടിന് കേടുപാട് സംഭവിച്ചവര്‍ക്ക് കേടുപാടിന്റെ തോതനുസരിച്ച് നാലു ലക്ഷത്തിന്റെ നിശ്ചിത ശതമാനവും നഷ്ടപരിഹാരം നല്‍കും. വീടുകളുടെ ശുചീകരണത്തിനുള്ള മാനവവിഭവശേഷി ഉറപ്പു വരുത്തണം. സന്നദ്ധ സംഘടനകളും വൊളണ്ടിയര്‍മാരും ഈ കാര്യത്തില്‍ ഉണര്‍വ്വോടെ പ്രവര്‍ത്തിക്കണം.

ഇതിനാവശ്യമായ പ്രഷര്‍ പമ്പുകളുടെയും സാധനസാമഗ്രികളുടെയും ലഭ്യത ഉറപ്പു വരുത്തണം. കക്കൂസ്, കിണര്‍, വീട് പരിസരം എന്ന രീതിയില്‍ എല്ലാ മേഖലയിലും ശുചീകരണം ഉറപ്പു വരുത്തണം. രണ്ട് ദിവസത്തില്‍ കൂടുതല്‍ വെള്ളം കയറുകയും എന്നാല്‍ ക്യാമ്പുകളില്‍ എത്താതിരിക്കുകയും ചെയ്തവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. വീടിന്റെയും പൊതു കെട്ടിടങ്ങളുടെയും നഷ്ടം എല്‍.എസ്.ജി.ഡി എഞ്ചിനീയര്‍ കണക്കാക്കണം. എല്ലാ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോയതിന് ശേഷവും മെഡിക്കല്‍ ക്യാമ്പുകള്‍ തുടര്‍ച്ചയായി നടത്തണം. ക്ഷീര വികസന വകുപ്പ് വഴി ജില്ലയില്‍ മില്‍മ, കേരള ഫീഡ് എന്നിവയുടെ സഹായം എത്തിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കോട്ടയം പൂര്‍ണ പ്രളയ ബാധിത പ്രദേശമായാണ് കണക്കാക്കിയിട്ടുള്ളത്. അതിനാല്‍ കൂടുതല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയബാധിത മേഖലകളിലെ ചിലയിടങ്ങളില്‍ വെള്ളം ഇറങ്ങിയിട്ടുണ്ടെന്നും അത്തരം ഇടങ്ങളില്‍ ക്യാമ്പുകള്‍ പിരിച്ചുവിടാന്‍ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വീടിന്റെ പരിസരപ്രദേശങ്ങളില്‍ വെള്ളം ഇറങ്ങാത്തവര്‍ക്കും ക്യാമ്പുകളില്‍ തുടരുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. പൊതുജനങ്ങള്‍ മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചതായും അദ്ദേഹം പറഞ്ഞു. 

ഫിഷറീസ് വകുപ്പിന്റെ 15 വള്ളങ്ങളും 18 മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി  ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സ്പെഷല്‍ ഓഫീസര്‍ ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി പറഞ്ഞു. കൂടാതെ തിരുവനന്തപുരത്ത് നിന്ന് 10 ബോട്ടുകളും കൊല്ലത്ത് നിന്ന് മൂന്ന് ബോട്ട് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ ചെറുവള്ളങ്ങള്‍ ഒറ്റപ്പെട്ട ക്യാമ്പുകളിലും വീടുകളിലും സഹായങ്ങള്‍ എത്തിക്കുന്നതിന് തുടര്‍ന്നും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ ഏകോപിപ്പിച്ച ജില്ലാ കളക്ടറെയും ഉദ്യോഗസ്ഥരെയും മന്ത്രി അനുമോദിച്ചു. അവലോകന യോഗത്തില്‍ കോട്ടയം ജില്ലയുടെ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സ്പെഷല്‍ ഓഫീസര്‍ എസ്. വെങ്കിടേസപതി, ജില്ലാ പൊലീസ്  മേധാവി ഹരിശങ്കര്‍, എ ഡി എം അലക്സ് ജോര്‍ജ്ജ്, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Remya, Kottayam

English Summary: Kottayam excelled in rescue

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine