News

ജില്ലയിലെ ഏറ്റവുംവലിയ പക്ഷിഗ്രാമമാകാന്‍ കിദൂര്‍ ചിറകുവിരിക്കുന്നു

kidoor

ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പക്ഷികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വിളനിലമൊരുങ്ങുന്നത്. ജനസമൂഹം വികസിക്കുന്നതിനനുസരിച്ച് വനപ്രദേശങ്ങള്‍ ചുരുങ്ങുകയും പക്ഷി മൃഗാദികള്‍ക്കുള്ള ആവാസവ്യവസ്ഥതന്നെ തകിടം മറിയുകയും ചെയ്യുന്ന വേളയിലാണ് പറവകള്‍ക്ക് വേണ്ടി കിദൂര്‍ ഗ്രാമം ചിറകുവിരിക്കുന്നത്. നെല്‍പാടങ്ങളും പാറപ്രദേശങ്ങളുള്ള ലാറ്ററൈറ്റ് ഭൂമിയും ചെറിയ വനപ്രദേശവുമുള്‍പ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്ന കിദൂര്‍ ഗ്രാമത്തിന് പൊന്നരഞ്ഞാണം ചാര്‍ത്തിയൊഴുകിപ്പോകുന്ന ഷിറിയ പുഴയുടെ സാന്നിധ്യവും പക്ഷികളുടെ സ്വതന്ത്ര്യ വിഹാരത്തിന് അനുകൂലഘടകമായി വര്‍ത്തിക്കുന്നു. ഇതുവരെ ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെയാണ് വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുള്ളത്. 

വംശനാശം നേരിടുന്ന ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ളഅരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിയവയുള്‍പ്പടെ 38 ദേശാടനപ്പക്ഷികളെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കണ്ടുവരുന്നു. ഇന്ത്യയില്‍, ഈ പ്രദേശത്ത് മാത്രം കൂടുതലായി കണ്ടുവരുന്ന മഞ്ഞ വരിയന്‍ പ്രാവ് പ്രധാന ആകര്‍ഷണമാണ്. പക്ഷി നിരീക്ഷണത്തിനായി കുമ്പള പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രതിവര്‍ഷം എട്ടോളം ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നവംബറില്‍ സോഷ്യല്‍ ഫോറസ്ട്രി, കാസര്‍കോട് ബേര്‍ഡേസ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കിദൂര്‍ ബേര്‍ഡ്ഫെസ്റ്റ് പക്ഷി നിരീക്ഷകരുടെ പ്രശംസ നേടിയിരുന്നു. പരിശീലന ക്യാമ്പുകളില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പക്ഷിനിരീക്ഷകരുമാണ് പങ്കെടുക്കുന്നത്. 

സാമൂഹിക വനവല്‍ക്കരണവിഭാഗത്തിന്റെ 'ബഡ്ഡിങ് ബേര്‍ഡേര്‍സ്' പദ്ധതി പ്രകാരം നല്‍കിയ പക്ഷി നിരീക്ഷണ പരിശീലനം വഴിയാണ് പക്ഷി നിരീക്ഷണ കൂട്ടായ്മകള്‍ ജില്ലയില്‍ ഉയര്‍ന്നു വന്നത്. പരിശീലന ക്യാമ്പുകളിലൂടെ സാങ്കേതികജ്ഞാനം നേടിയ പക്ഷിസ്‌നേഹികളാണ് ജില്ലയിലെ പക്ഷി നിരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പക്ഷി നിരീക്ഷകരുള്ളത് കിദൂര്‍ ഗ്രാമത്തിലാണ്. വനംവകുപ്പ്-സാമൂഹിക വനവല്‍ക്കരണവിഭാഗം ഉദ്യോഗസ്ഥരും പക്ഷി നിരീക്ഷകരും മാര്‍ഗദര്‍ശികളായി മുന്നില്‍ നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ, പക്ഷി വിവരങ്ങള്‍ ശേഖരിക്കുന്ന പൊതുജന കൂട്ടായ്മയായ 'ഇ ബേര്‍ഡ്‌സില്‍'കിദൂരില്‍ നിന്നും 160 തരം പക്ഷി വര്‍ഗ്ഗങ്ങള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകനായ രാജുകിദൂര്‍, എം.എസ്.സി വിദ്യാര്‍ഥിയായ മാക്‌സിം റോഡ്രിഗസ്, പ്രശാന്ത് കൃഷ്ണ, രായന്‍ പ്രദീപ്, പത്താംതരം വിദ്യാര്‍ഥി ഗ്ലാന്ഡ പ്രീതേഷ് തുടങ്ങിയവരാണ് മേഖലയിലെ പക്ഷി നിരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.  പക്ഷി സങ്കേതമുയര്‍ന്നു വരുന്നതിലൂടെ കാലങ്ങളായി കിദൂര്‍ ഗ്രാമം ഉയര്‍ത്തിപ്പിടിച്ച സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയ്ക്കാണ് അംഗീകാരം ലഭിക്കുന്നത്.


English Summary: largest bird village in district kidoor

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine