1. News

എന്റെ സംരംഭം നാടിന്റെ അഭിമാനം: ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ മലപ്പുറത്ത്

എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് മലപ്പുറത്ത്. 5803 സംരംഭങ്ങളാണ് ജില്ലയിൽ പുതുതായി ആരംഭിച്ചത്.

Darsana J

1. സേഫ് കേരള പദ്ധതി ഈ വർഷം തന്നെ തുടങ്ങും. പട്ടികജാതി കുടുംബങ്ങൾക്ക് വീട് നവീകരണത്തിന് സഹായം നൽകുന്ന പദ്ധതിയാണിത്. പദ്ധതിയ്ക്കായി പട്ടികജാതി വികസനവകുപ്പ് മാർഗരേഖ തയ്യാറാക്കി കഴിഞ്ഞു. സെക്യുർ അക്കൊമഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്മെന്റ് എന്നാണ് പദ്ധതിയുടെ പൂർണ രൂപം. ഈ വർഷം തന്നെ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി വികസനമന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. പദ്ധതി വഴി ഒരു കുടുംബത്തിന് രണ്ടരലക്ഷം രൂപ ലഭിക്കും.

20 വർഷംവരെ പഴക്കമുള്ളതും അപൂർണവുമായ വീടുകൾ മുൻഗണനാടിസ്ഥാനത്തിലാകും പരിഗണിക്കുക. ശൗചാലയങ്ങളില്ലാത്ത, വിധവ കുടുംബനാഥയായ, വിദ്യാർഥികൾ കൂടുതലുള്ള കുടുംബങ്ങൾ താമസിക്കുന്ന വീടുകളാണ് പ്രധാനമായും പരിഗണിക്കുക. മേൽക്കൂര പൂർത്തീകരണം, ശൗചാലയനിർമാണം, വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കളനവീകരണം, പാചകവാതകസൗകര്യം, ഇലക്ട്രിക് വയറിംഗ്, അധികമുറി നിർമാണം എന്നിവയ്ക്കാണ് തുക അനുവദിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മലപ്പുറത്ത് വിറ്റത് 1.65 കോടി രൂപയുടെ പൂക്കൾ

2. 26-ാം വാർഷികാഘോഷത്തിന്റെ നിറവിൽ കൃഷി ജാഗരൺ. 1996ൽ സ്ഥാപിതമായ കൃഷി ജാഗരൺ ഇന്ത്യയിലുടനീളമുള്ള കർഷകരുടെ വഴികാട്ടിയായി ഇന്നും യാത്ര തുടരുന്നു. 12 ഭാഷകളിൽ കർഷകർക്ക് വേണ്ടി മാത്രം മാസിക അവതരിപ്പിക്കുന്നു എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും കെജെ ഇടം നേടിയിട്ടുണ്ട്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കും ഡയറക്ടർ ഷൈനി ഡൊമിനിക്കും ചേർന്ന് കെജെ ഡൽഹി ഓഫീസിൽ വച്ച് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കർഷകർ ആഘോഷ പരിപാടികളിൽ പങ്കാളികളായി.

3. എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് മലപ്പുറത്ത്. 5,803 സംരംഭങ്ങളാണ് ജില്ലയിൽ പുതുതായി ആരംഭിച്ചത്. 384 കോടി രൂപയുടെ നിക്ഷേപവും 13,497 തൊഴിലവസരങ്ങളും ജില്ലയിൽ സൃഷ്ടിക്കാൻ സാധിച്ചതായി വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു.

4. ഓണക്കിറ്റ് വിതരണത്തിനായി കൊല്ലം ജില്ലയിലെ റേഷൻ കടകൾ ഞായറാഴ്‌ച‌‌യും തുറന്ന് പ്രവർത്തിച്ചു. അവധി ദിവസമായതുകൊണ്ട് കിറ്റ് വാങ്ങാന്‍ വലിയ തിരക്കാണ് ഉണ്ടായത്. നേരത്തെ അറിയിച്ച തീയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്ത കാർഡ് ഉടമകളാണ് ഞായറാഴ്ച കിറ്റ് വാങ്ങാനെത്തിയത്. ആഗസ്ത്‌ 23 മുതൽ സെപ്‌തംബർ 3 വരെയാണ് സൗജന്യ കിറ്റ് വിതരണം നടന്നത്. കിറ്റ് വിതരണം ഈ മാസം 7 വരെ തുടരും.

5. പന്തളം തെക്കേക്കരയിലെ കുടുംബശ്രീ വിപണന മേളയിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ്. കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് മേള സംഘടിപ്പിച്ചത്.
കുടുംബശ്രീ അംഗങ്ങളുടെ സംരംഭങ്ങളിലെ ഉൽപന്നങ്ങളാണ് മേളയിൽ വിൽക്കുന്നത്.

6. തിരുവനന്തപുരം ആനയറയിൽ വേള്‍ഡ് മാര്‍ക്കറ്റ് എക്‌സ്‌പോ 2022ന് തുടക്കം. കാര്‍ഷിക നഗര-വ്യാപാര മൊത്ത വിപണിയും കച്ചവട സ്ഥാപനങ്ങളും സംയുക്തമായാണ് എക്സ്പോ നടത്തുന്നത്. പുത്തന്‍ കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം, മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും, ആധുനിക കൃഷി സമ്പ്രദായങ്ങളുടെ നേര്‍ക്കാഴ്ചകള്‍, ഫാം ടൂറിസം, ഓണവിപണികള്‍ തുടങ്ങിയവ മേളയിൽ നടക്കും. ഈ മാസം 11ന് മേള സമാപിക്കും.

7. പത്തനംതിട്ടയിൽ കര്‍ഷകമിത്ര ഇക്കോഷോപ്പ് ആരംഭിച്ച് കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി. കര്‍ഷകരുടെ ഉൽപന്നങ്ങള്‍ ശേഖരിച്ച് മൂല്യവര്‍ധിത ഉൽപന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനാണ് ഇക്കോഷോപ്പ് ആരംഭിച്ചത്. നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇക്കോഷോപ്പ് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് ആവശ്യമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള സൗകര്യവും ഇക്കോഷോപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

8. കോഴിക്കോട് മൂടാടി ഗ്രാമപഞ്ചായത്തില്‍ ഔഷധ സസ്യകൃഷിക്ക് തുടക്കം. ബയോഡൈവേഴ്സിറ്റി-ഇക്കോ ടൂറിസം-കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് നൂറ് ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചത്. ചിറ്റരത്തയുടെ തൈ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ കൃഷിയ്ക്ക് തുടക്കം കുറിച്ചു. സംസ്ഥാന ഔഷധ്യ സസ്യബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

9. കേരളത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിൽ ആരംഭിച്ച മൂന്നാമത്തെ സുഭിക്ഷ ഹോട്ടലാണിത്.

10. സൗദി അറേബ്യയിൽ 2022 ഖഹ്‌വ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സൗദി വിമാനക്കമ്പനിയായ ഫ്ലൈ നാസ്. ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് ഈ വർഷം അവസാനം വരെ 'ഇയർ ഓഫ് സൗദി കോഫി' എന്ന പേരിൽ സൗജന്യമായി കോഫി വിതരണം ചെയ്യുമെന്ന് ഫ്ലൈ നാസ് അറിയിച്ചു. കൂടാതെ ബോർഡിങ് പാസുകളിലും പാസഞ്ചർ രജിസ്ട്രേഷൻ സ്ലിപ്പുകളിലും ഖഹ്‌വയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പൈതൃക പാനീയമാണ് ഖഹ്‌വ. 'ഖൗലാനി ഖഹ്‌വ'എന്ന കാപ്പി ഇനം സൗദിയിൽ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വില കൂടിയതും അപൂർവവുമായ കാപ്പി ഇനമാണിത്.

11. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ സെപ്തംബര്‍ അഞ്ചുമുതല്‍ 7 വരെ മത്സ്യബന്ധനം പാടില്ല.

English Summary: Malappuram has the highest number of startups in Kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters