1. News

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ തീരശോഷണം, റെയിൽവേ, എയർപോർട്ട് നവീകരണം തുടങ്ങിയവയുടെ കാര്യത്തിലും കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Anju M U
cm kerala
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കാൻ കേന്ദ്രം സജീവ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ തീരശോഷണം, റെയിൽവേ, എയർപോർട്ട് നവീകരണം തുടങ്ങിയവയുടെ കാര്യത്തിലും കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോവളത്ത് നടന്ന 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൺകറണ്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമനിർമാണങ്ങൾ പാർലമെന്റ് പാസാക്കുന്നതിനു മുൻപ് ഫലപ്രദമായ ചർച്ചകൾ നടത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ തർക്കങ്ങളുണ്ടാകാം. പക്ഷേ, ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായ വ്യത്യാസങ്ങൾ കുറയ്ക്കാനും സമവായമുണ്ടാക്കാനും കഴിയും. ഇതാണ് ആരോഗ്യകരമായ ഫെഡറൽ ജനാധിപത്യത്തിന്റെ അന്തസത്ത. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും നിയമ നിർമാണതലങ്ങളെക്കുറിച്ചു ഭരണഘടനയിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾക്കിടയിലുമുണ്ടാകുന്ന തർക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും ഭരണഘടനയിൽ വ്യക്തമായ വ്യവസ്ഥകളുമുണ്ട്. ഇതിന്റെ ഭാഗമായാണ് 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെ ഭാഗമായി സോണൽ കൗൺസിലുകൾ രൂപീകരിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 263 പ്രകാരം ഇന്റർ സ്റ്റേറ്റ് കൗൺസിലുകൾ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്‌തെങ്കിലും ഒരു വിജ്ഞാപനത്തിലൂടെ അതു യാഥാർഥ്യമാക്കാൻ 40 വർഷമെടുത്തു.

സഹകരണ ഫെഡറലിസം വളർത്തിയെടുക്കുന്നതിൽ സൗണൽ കൗൺസിലുകൾക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നു മുഖ്യമന്ത്രി പഞ്ഞു. പ്രശ്‌നങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരമുണ്ടാക്കുകയെന്നത് പ്രധാന പ്രവർത്തനമാണ്. ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ജനങ്ങളാലാണു നടക്കുന്നത്. അധികാര ഘടനയിൽ സർക്കാരിന്റെ ഓരോ ഘടനയ്ക്കും അതിന്റേതായ അധികാരപരിധിയുണ്ട്. ഇവയ്ക്കിടയിൽ ഉയർന്നുവരാനിടയുള്ള അഭിപ്രായ വൈരുദ്ധങ്ങളെ ഇല്ലാതാക്കുന്നതിന് പരസ്പര സഹകരണവും കൂടിയാലോചനയും സഹായിക്കും.

സാംസ്‌കാരിക, മത, ഭാഷാ വൈവിധ്യങ്ങൾക്കിടയിലും നമുക്കുള്ള ഏകത്വത്തിന്റെ ഫലമാണത്. ഓരോ സംസ്ഥാനങ്ങളുടേയും വിജയഗാഥകളും വ്യത്യസ്ത അനുഭവങ്ങളും പങ്കുവയ്ക്കുകയും പഠിക്കുകയും സാഹചര്യങ്ങൾക്കനുസരിച്ച് മറ്റു സംസ്ഥാനങ്ങൾക്ക് അനുയോജ്യമായവിധം അവയെ രൂപപ്പെടുത്തുകയുമാണ് വേണ്ടത്.

കോവിഡ് മഹാമാരിയുടെ ഫലമായുണ്ടായ അഭൂതപൂർവമായ സാഹചര്യത്തെ നാം നേരിട്ടത് സഹകരണമനോഭാവംകൊണ്ടാണ്. ഭിന്നതകൾ മറന്ന്, ജനങ്ങളുടെ സംരക്ഷണമെന്ന കാലഘട്ടത്തിന്റെ ആവശ്യത്തിലേക്ക് എല്ലാവരും ഉയർന്നു.
കോവിഡ് മഹാമാരി സമ്പദ് ഘടനയിൽ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിന് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും സാമ്പത്തിക ശാക്തീകരണം പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശേരി-മൈസൂർ, നിലമ്പൂർ-നഞ്ചങ്കോട് റെയിൽപ്പാത വികസനവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയുമായി പ്രത്യേക ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: മലപ്പുറത്ത് വിറ്റത് 1.65 കോടി രൂപയുടെ പൂക്കൾ

English Summary: Centre should intervene in building capacity to boost economy: Kerala CM

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds