1. News

മെഡിക്കൽ കോളജുകളിൽ ഈ സാമ്പത്തിക വർഷം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി: മന്ത്രി വീണാ ജോർജ്

മാലിന്യ സംസ്‌കരണത്തിനായി മെഡിക്കൽ കോളജുകളിൽ ഈ സാമ്പത്തിക വർഷം തന്നെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബയോമെഡിക്കൽ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്.

Meera Sandeep
മെഡിക്കൽ കോളജുകളിൽ ഈ സാമ്പത്തിക വർഷം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി: മന്ത്രി വീണാ ജോർജ്
മെഡിക്കൽ കോളജുകളിൽ ഈ സാമ്പത്തിക വർഷം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനായി മെഡിക്കൽ കോളജുകളിൽ ഈ സാമ്പത്തിക വർഷം തന്നെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബയോമെഡിക്കൽ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കൽ കോളജുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മെഡിക്കൽ കോളജുകളിലേയും പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കൽ കോളജുകളെ മെഡിക്കൽ ഹബ്ബിന്റെ ഭാഗമാക്കി മാറ്റും. കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിന് പുറത്തു നിന്നും എത്തുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ സജ്ജീകരണം മെഡിക്കൽ കോളജുകളിൽ ഒരുക്കാൻ മന്ത്രി നിർദേശം നൽകി.

മെഡിക്കൽ കോളജുകളിൽ 10 പ്രിൻസിപ്പൽമാർ പുതുതായി ചാർജ് ഏറ്റെടുത്തവരാണ്. മന്ത്രിയുടെ നിർദേശ പ്രകാരം പ്രിൻസിപ്പൽമാർക്കായി 2 ദിവസത്തെ പരിശീലനം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമെയാണ് മെഡിക്കൽ കോളജുകളുടെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്നതിന് മന്ത്രി യോഗം വിളിച്ചത്. എല്ലാ മെഡിക്കൽ കോളജുകളിലേയും പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്ത് പരിഹാര മാർഗങ്ങൾ നിർദേശിച്ചു. മെഡിക്കൽ കോളജിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സമയബന്ധിതമായി അവ പൂർത്തിയാക്കണം. തുടർച്ചയായ നിരീക്ഷണം ഉണ്ടാകണമെന്നും മന്ത്രി നിർദേശം നൽകി.

എബിബിഎസ്, പിജി സീറ്റുകൾക്ക് പ്രാധാന്യം നൽകണം. സീറ്റുകൾ വർധിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ  നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കൽ കോളജുകളും നടപ്പാക്കണം. ആശുപത്രികൾ രോഗീസൗഹൃദവും ജനസൗഹൃദവുമാകണം. രോഗികളോട് ജീവനക്കാർ നല്ല രീതിയിൽ പെരുമാറണം. കിഫ്ബി തുടങ്ങിയ വിവിധ ഫണ്ടുകളോടെ മികച്ച സംവിധാനങ്ങൾ മെഡിക്കൽ കോളജിൽ ഒരുക്കി വരുന്നു. അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണം. പുതിയ തസ്തികകൾ സൃഷ്ടിക്കാനായി നടപടി സ്വീകരിക്കും.

എല്ലാ മെഡിക്കൽ കോളജുകളും സേഫ്റ്റി ഓഡിറ്റ് നടത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഉൾപ്പെടെ പ്രധാനയിടങ്ങളിൽ സുരക്ഷയ്ക്കായി എസ്.ഐ.എസ്.എഫ്.കാരെ നിയോഗിക്കും. ജനങ്ങൾക്ക് സഹായകമായ രീതിയിൽ കൺട്രോൾ റൂമും ഹെൽപ് ഡെസ്‌കുകളും മാറണം. ഒരു രോഗി അഡ്മിറ്റായി കഴിഞ്ഞാൽ രോഗിയുടെ വിവരങ്ങൾ ശേഖരിച്ച് അടുത്ത ബന്ധുക്കൾക്ക് നൽകേണ്ടതാണ്. ആരോഗ്യസുരക്ഷാ പദ്ധതിയ്ക്കായി രോഗികളെ പലയിടത്ത് നടത്തിക്കരുത്. ഏകജാലകം വഴി സേവനം ലഭ്യമാക്കണം.

സ്പെഷ്യൽ ഓഫീസർ, പ്ലാനിംഗ് ഓഫീസർ തുടങ്ങിയവരടങ്ങുന്ന മൂന്നംഗ സമിതി മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രൂപീകരിക്കണം. മെഡിക്കൽ കോളജുകളുടെ വികസന പുരോഗതി വിലയിരുത്തണം. റഫറലും ബാക്ക് റഫറലും ഫലപ്രദമായി നടത്തണം. പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർഎംഒ, നഴ്സിംഗ് ഓഫീസർ എന്നിവർ ആഴ്ചതോറും യോഗം ചേർന്ന് പോരായ്മകൾ പരിഹരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ജോയിന്റ് ഡയറക്ടർ, എല്ലാ മെഡിക്കൽ കോളജുകളിലേയും പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Material collection facility in medical colleges this financial year

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds