News

വയനാട്ടിൽ കുരങ്ങു പനി സ്ഥിരീകരിച്ചു  

monkey fever
വയനാട്  ജില്ലയില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുനെല്ലി സ്വദേശിയായ ഒരു യുവാവിലാണ് കുരങ്ങുപനി ആദ്യം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി.അരോഗ്യ വകുപ്പ് ജില്ലയില്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വനത്തില്‍ പോകുന്നതിന് കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.2015 ല്‍ രോഗബാധയെ തുടര്‍ന്ന് വയനാട്ടില്‍ 11 പേര്‍ മരണമടഞ്ഞിരുന്നു.

എന്താണ് കുരങ്ങുപനി 

ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി.) എന്ന പേരിലറിയപ്പെടുന്ന കുരങ്ങുപനി 1957-ൽ കർണാടക ശിവമോഗ ജില്ലയിലെ ക്യാസന്നൂരിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്.  കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം.  ചെള്ളിന്റെ കടിയേറ്റ് മൂന്ന് മുതൽ എട്ടു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കും. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുമുള്ള സമ്പർക്കം വഴിയും മനുഷ്യരിലേക്ക് രോഗം പടരാം.

ലക്ഷണങ്ങള്‍‌‍ 
 
♦   ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി 
♦  തലകറക്കം , ഛര്‍ദ്ദി 
♦  കടുത്ത ക്ഷീണം 
♦  രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം
♦  ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍ 
 
പ്രതിരോധം 

രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കഴിവതും പ്രവേശിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ പ്രതിരോധം. ഫലപ്രദമായ കുത്തിവെപ്പ് രോഗപ്രതിരോധത്തിന് ലഭ്യമാണ്. വനത്തിനുള്ളിൽ പ്രവേശിക്കുന്നവർ ശരീരം മൂടുന്ന തരം വസ്ത്രങ്ങൾ, കൈയുറകൾ, കാലുറകൾ, വലിയ ബൂട്ടുകൾ എന്നിവ ധരിക്കണം. വളർത്തുമൃഗങ്ങളിൽ രോഗം പ്രകടമാവുമ്പോൾ തന്നെ സുരക്ഷാനടപടികൾ സ്വീകരിച്ചാൽ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളർത്തുമൃഗങ്ങളിലെത്തുന്ന ചെള്ളുകളെ ലേപനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി തടയാം. ചികിത്സയിലൂടെ പൂർണമായും രോഗം തടയാമെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. രോഗലക്ഷണങ്ങൾ കണ്ടയുടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. സ്വയം ചികിത്സ അരുത്. രോഗലക്ഷണങ്ങൾക്കനുസരിച്ച് തന്നെ ചികിത്സ ലഭ്യമാണ്. പ്രാരംഭ ഘട്ടത്തിൽ പി.സി.ആർ. ടെസ്റ്റ് വഴിയും അഞ്ച്-ഏഴ് ദിവസത്തിന് ശേഷമാണെങ്കിൽ എലിസാ ടെസ്റ്റ് വഴിയും രോഗം സ്ഥിരീകരിക്കാം.മനുഷ്യവാസകേന്ദ്രങ്ങളോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിൽ ചെള്ളിനെ കണ്ടാൽ നിയന്ത്രിത രീതിയിൽ കരിച്ചു കളയുകയോ  രാസവസ്തുക്കൾ തളിക്കുകയോ ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ്  നിർദേശിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന കന്നുകാലി ഉടമസ്ഥരും വളര്‍ത്തു നായ്ക്കള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് ഉപയോഗിക്കണം.വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും അതാത് മൃഗാശുപത്രികളുമായി ബന്ധപ്പെടണം. 

English Summary: monkey fever reported in Wayanad/ causes/ solution

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine