1. News

PM കിസാൻ സമ്മാൻനിധി: കൃഷി ഭൂമി വിവരങ്ങൾ AIMS പോർട്ടൽ വഴി നൽകണം, കൂടുതൽ കാർഷിക വാർത്തകൾ

പിഎം കിസാന്റെ ആനുകൂല്യം തുടർന്ന് ലഭിക്കുന്നതിനായി ജൂലൈ 31നു മുൻപ് എയിംസ് പോർട്ടലിൽ സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങൾ നൽകണം. കൂടാതെ, പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇകെവൈസിയും നിർബന്ധമാക്കിയിട്ടുണ്ട്.

Anju M U

  1. പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ AIMS പോർട്ടൽ വഴി നൽകണമെന്ന് നിർദേശം. പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ സംയുക്ത ഡാറ്റ ബേസ് രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്. പിഎം കിസാന്റെ ആനുകൂല്യം തുടർന്ന് ലഭിക്കുന്നതിനായി ജൂലൈ 31നു മുൻപ് എയിംസ് പോർട്ടലിൽ സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങൾ നൽകണം. കൂടാതെ, പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇകെവൈസിയും നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ എല്ലാ പിഎം കിസാൻ ഗുണഭോക്താക്കളും ജൂലൈ 31നു മുൻപ് പോർട്ടൽ വഴി നേരിട്ടോ അക്ഷയ, CSC തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ EKYCയും ചെയ്യണം.
  1. ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടായി കൃഷി ജാഗരൺ പരിചയപ്പെടുത്തുന്ന അജയ് യുടെ ലോഗോയും ഔദ്യോഗിക വെബ്സൈറ്റും പ്രകാശനം ചെയ്തു. അഗ്രികൾച്ചർ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന അജൈയുടെ ലോഗോ അനാച്ഛാദനം, കേന്ദ്ര ഫിഷറീസ്, ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല ഓൺലൈനായി നിർവഹിച്ചു. അഗ്രി ജേണലിസത്തിന്റെ വിവിധ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്ലാറ്റ്‌ഫോമായ AJAIയുടെ വെബ്സൈറ്റ്, IFAJയുടെ പ്രസിഡന്റ് ലെന ജൊഹാൻസൺ പ്രകാശനം ചെയ്തു. ഇന്ന് വൈകുന്നരം നാല് മണിക്ക് ഡൽഹി കൃഷി ജാഗരൺ ഓഫീസിൽ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിച്ച വിപുലമായ പരിപാടിയിൽ കാർഷിക മേഖലയിലെയും മാധ്യമമേഖലയിലെയും പ്രമുഖർ പങ്കെടുത്തു.
  1. പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി വില വർധനവ്, സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉത്പന്നങ്ങൾക്കും ബാധകമാകും. സപ്ലൈകോ അവശ്യവസ്തുക്കൾ മുഖ്യമായും വിൽക്കുന്നത് അരക്കിലോയുടെയും ഒരുകിലോയുടെയും പാക്കറ്റുകളിലായാണ്. അതിനാൽ, 25 കിലോയിൽ താഴെയുള്ള പാക്കറ്റിന് ബാധകമായ 5 ശതമാനം GST അരി, പയർ പോലുള്ള ധാന്യങ്ങൾക്കും ബാധകമാകും.  GST ഭാരം കൂടി സർക്കാർ ഏറ്റെടുത്ത് വിൽപ്പന തുടരുന്നത് വൻ സാമ്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തും. എന്നിരുന്നാലും, വില കൂട്ടാതിരിക്കാനുള്ള ഇടപെടലുകൾക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്. ഓണം അടുത്തിരിക്കെ ജി.എസ്.ടി. ഏൽപ്പിക്കുന്ന ഭാരം സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും. വില കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണ് സപ്ലൈകോ.
  2. ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ് മിൽ വളപ്പിലെ സംയോജിത കൃഷി പ്രാഥമിക സഹകരണ മേഖലക്ക് മികച്ച മാതൃകയെന്ന് മുൻ മന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ MA Baby. ബാലരാമപുരം സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന സംയോജിത കൃഷി സന്ദർശിച്ചാണ്, അദ്ദേഹം പ്രശംസ അറിയിച്ചത്. കേന്ദ്ര സർക്കാർ കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം ആശയങ്ങൾ മാതൃകപരമാണ്. കൂടുതൽ പ്രാഥമിക സഹകരണ സംഘങ്ങൾ സംയോജിത കൃഷിരീതിയിൽ കൃഷിയുമായി മുന്നോട്ടു വരുന്നതോടെ, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും, കാർഷിക സ്വയം പര്യാപ്തത സാധ്യമാക്കാനാകുമെന്നും MA Baby പറഞ്ഞു.
  1. പാലക്കാട് ജില്ലയില്‍ നിലവിലുള്ള അഞ്ച് കാര്‍ഷിക ഫാമുകള്‍ വികസിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍. ജില്ലയില്‍ മുതലമട, കുന്നനൂര്‍, അനങ്ങടി, ആലത്തൂര്‍, കോങ്ങാട് എന്നിവിടങ്ങളിലായി അഞ്ച് ഫാമുകളാണുള്ളത്. ഇതില്‍ അനങ്ങനടി, ആലത്തൂര്‍, കോങ്ങാട് ഫാമുകളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് കാര്യങ്ങള്‍ പഠിക്കാവുന്ന വിധം മാറ്റങ്ങള്‍ കൊണ്ട് വരും. ഈ സാമ്പത്തിക വര്‍ഷം തന്നെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും വിധം ആലത്തൂരില്‍ നഴ്സറി നിർമിക്കും. മുതലമടയില്‍ മാമ്പഴ കോര്‍ഡ് സ്റ്റോറേജ് സംഭരണ യൂണിറ്റ് നിർമിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കൂടാതെ, മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്കുള്ള മാറ്റം ജില്ലയ്ക്ക് ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
  2. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ ശുദ്ധജല മത്സ്യ കൃഷിയുടെ വിജയഗാഥയുമായി കണ്ണൂർ ചടച്ചിക്കുണ്ടത്ത് വിളവെടുപ്പ് ഉത്സവം. പഴശ്ശിരാജ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചടച്ചിക്കുണ്ടത്ത് നടത്തിയ മീൻ കൃഷിയിൽ നൂറുമേനി നേട്ടം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർഷകരും പ്രദേശവാസികളും. 1.8 ഹെക്ടർ വിസ്തൃതിയുള്ള കുളത്തിൽ ഫിഷറീസ് വകുപ്പ് നൽകിയ 13, 500 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കട്‌ല, റോഹു, മൃഗാൾ, ഗ്രാസ് കാർപ്, കോമൺകാർപ്, അസാം വാള, തിലാപ്പിയ ഇനം മീനുകളെല്ലാം  പ്രതീക്ഷിച്ച തൂക്കം കൈവരിച്ചതായി ഫിഷറീസ് വകുപ്പ് പ്രതിനിധികൾ പറഞ്ഞു. പഴശ്ശി സംഭരണി പ്രദേശത്തെ ഒഴുക്കുള്ള സ്വാഭാവിക കുളം ആയതിനാൽ ഇവിടെ നിന്നു ലഭിക്കുന്ന മീനുകൾക്ക് സ്വാദ് കൂടുതലാണെന്ന് കർഷകർ പറയുന്നു.
  1. എറണാകുളം, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്‌ കർഷക സഭ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി തുളസി സോമൻ അധ്യക്ഷത വഹിച്ചു. വൈപ്പിൻ എം എൽ എ കെ.എൻ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ ഓരോ വീടുകളെയും കൃഷിയിലേക്ക് കൊണ്ടുവരാൻ കഴിയണമെന്നും, വിവിധ കൃഷി ഗ്രുപ്പുകൾ കൃഷിയുടെ  ഉൽപ്പാദനം, വിപണനം, മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കൽ തുടങ്ങി മൂന്ന് മേഖലയിലും ശ്രദ്ധിക്കണമെന്നും MLA ആവശ്യപ്പെട്ടു. വിവിധ കൃഷി ഓഫീസർമാർ പഞ്ചായത്ത്‌ തല വികസന കാഴ്ച്ചപ്പാട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കർഷകർ, CDS പ്രതിനിധികൾ, കുഴുപ്പിള്ളി scb പ്രസിഡന്റ്‌ സുനിൽ കുമാർ തുടങ്ങിയവരും പരിപാടിയിൽ സാന്നിധ്യമറിയിച്ചു.
  2. കോഴിക്കോട് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ നടപ്പിലാക്കിയ റിങ് കമ്പോസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുൽ ഹാരിസ്, കെ സുധ ,സന്ധ്യ എം പി തുടങ്ങിയവർ സന്നിഹിതരായി. പഞ്ചായത്തിലെ 200 ഓളം വീടുകളിൽ ഈ പദ്ധതി വഴി റിങ് കമ്പോസ്റ് ലഭിച്ചു.
  1. ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി കാലിവളം ഉണക്കല്‍ യന്ത്രവുമായി വയനാട് നൂല്‍പുഴ ഗ്രാമപഞ്ചായത്ത്. ആവശ്യമുള്ള കർഷകർക്ക് വീടുകളിലെത്തി ചാണകം ഉണക്കി നൽകുന്ന സേവനം ലഭ്യമാക്കും. കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഈ പദ്ധതി നടപ്പിലാക്കുന്നത്. 34 ലക്ഷം രൂപ ചെലവിൽ ഇറ്റലില്‍ നിന്നാണ് കാലിവളം ഉണക്കല്‍ യന്ത്രം എത്തിച്ചത്. മഴക്കാലത്ത് ഉള്‍പ്പടെ ചാണകം ഉണക്കുന്നതിന് ക്ഷീരകര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ക്ഷീരമേഖല വികസന സംഘത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
  2. രാജ്യത്ത് ഫിഷറീസ് സബ്‌സിഡികൾ നിർത്തലാക്കാൻ നീക്കങ്ങളില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ലോക്സഭയിൽ പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ രാഘവൻ എംപി ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഈ വർഷം ജൂൺ 17 ന് ലോകവ്യാപാര സംഘടനയിലെ 164 അംഗ രാജ്യങ്ങളുടെ വാണിജ്യമന്ത്രിമാരുടെ യോഗം സബ്‌സിഡികൾ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ തീരുമാനിച്ചു എന്നതരത്തിൽ വാർത്തകൾ വന്നിരുന്നു. കൂടാതെ, അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവർക്കും, പരിധിയിൽ കവിഞ്ഞ മത്സ്യബന്ധനം നടത്തുന്നവർക്കുമുള്ള സബ്സിഡികൾ ഒഴിവാക്കുമെന്നും വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രി വ്യക്തത നൽകിയിട്ടില്ല. അതേ സമയം, ഇന്ത്യയിൽ മത്സ്യബന്ധനം നടത്തുന്നവരിൽ ബഹുഭൂരിപക്ഷവും ചെറുകിടക്കാരാണെന്നും, നിലവിൽ വ്യാവസായികാടിസ്ഥാനത്തിൽ മത്സ്യബന്ധനങ്ങളൊന്നും തന്നെ നടക്കുന്നില്ലെന്നും ഫിഷറീസ് മന്ത്രി വിശദമാക്കി.
  1. കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. എന്നാൽ സംസ്ഥാനമൊട്ടാകെ പരക്കെ മഴയുണ്ടാകില്ലെങ്കിലും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 4 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം , എറണാകുളം , ഇടുക്കി , മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യൂന മർദ്ദപാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം, കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

ബന്ധപ്പെട്ട വാർത്തകൾ: അലങ്കാര മത്സ്യ രോഗ ലക്ഷണങ്ങൾ തിരിച്ചറിയാം

English Summary: PM Kisan New Instruction To Farmers, Know More Agri News

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds