Updated on: 31 July, 2022 11:34 AM IST

1. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പന്ത്രണ്ടാം ഗഡു ഉടൻ കർഷകരുടെ കൈയിൽ എത്തും. എന്നാൽ ഇ - കെവൈസി പൂർത്തിയാക്കിയവർക്ക് മാത്രമേ പദ്ധതിയുടെ പന്ത്രണ്ടാം ഗഡു ലഭിക്കുകയുള്ളൂ. ഇ - കെവൈസി പൂർത്തിയാക്കാൻ ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇ - കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ പദ്ധതിയുടെ പന്ത്രണ്ടാം ഗഡുവിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള പന്ത്രണ്ടാം ഗഡു പ്രകാരമുള്ള പണം കർഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12-ാം ഗഡുവായി 2000 രൂപയാണ് ലഭിക്കുന്നത്. ഈ പദ്ധതി പ്രകാരം കർഷകർക്ക് ധനസഹായമായി പ്രതിവർഷം 6000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പയറിലെ പ്രാണികളെ തുരത്താനുള്ള എളുപ്പവഴികൾ

2022 മെയ് 31 ന് പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. ജൂലൈ 31 ന് ശേഷം ഇ-കെ‌വൈ‌സി അപ്ഡേറ്റ് ചെയ്യാന്‍ അവസരം ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കർഷകരെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. 2019 ലാണ് കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.

പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കർഷകർക്ക് 6,000 രൂപ വീതം ലഭിക്കും. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകർക്ക് ലഭിക്കുന്നത്. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി ആരംഭിച്ചപ്പോൾ 2 ഹെക്ടറുകൾ വരെ മാത്രം ഭൂമിയുള്ളവർക്കാണ് ഈ പദ്ധതി പ്രകാരം പണം ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് എല്ലാ കർഷകരെയും ഈ പദ്ധതിക്ക് അർഹരാക്കിയിരുന്നു. (കടപ്പാട്: സീ മലയാളം)


2. തൃശൂരിലെ മൂന്നാമത്തെ ട്രാൻസ് ജെൻഡർ കുടുംബശ്രീ രൂപീകരിച്ചു. കോർപറേഷൻ പരിധിയിലെ ആദ്യത്തെ ട്രാൻസ്‌ കുടുംബശ്രീ യൂണിറ്റാണിത്. സംസ്ഥാന സർക്കാരിന്റെ ബിഫോർ സുരക്ഷ ട്രാൻസ്ജെൻഡർ പദ്ധതിയുടെ കീഴിലാണ്‌ യൂണിറ്റ്‌ രൂപീകരിച്ചത്. 'ഐക്യ' എന്ന പേരിൽ ആരംഭിച്ച കുടുംബശ്രീയിൽ 11 അംഗങ്ങളാണുള്ളത്‌. കോർപറേഷൻ മേയർ എം കെ വർഗീസ്‌ അംഗത്വ വിതരണം നടത്തി.

ഡെപ്പ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്‌ഘാടനം ചെയ്‌തു. റെജില കൃഷ്‌ണകുമാർ അധ്യക്ഷയായി. സത്യഭാമ വിജയകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി എസ്‌ നിർമൽ, മെമ്പർ സെക്രട്ടറി പി ബി ബിന്നു, ജിഷ സന്തോഷ്‌ എന്നിവർ സംസാരിച്ചു‌. ഐക്യ‌യുടെ പ്രസിഡന്റായി എ വി നക്ഷത്ര, സെക്രട്ടറിയായി അഭിരാമി ആർ നായർ എന്നിവരെ തെരഞ്ഞെടുത്തു. (കടപ്പാട്: ദേശാഭിമാനി)

3. നെൽ കർഷകർക്ക് ആശ്വാസമായി വടക്കൻ കേരളത്തിൽ ആദ്യമായി ട്രൈക്കോഗ്രമ മിത്രകീട ഉൽപാദന യൂണിറ്റ് കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു. നെൽച്ചടിയിലുണ്ടാകുന്ന തണ്ടുതുരപ്പൻ, ഓലചുരുട്ടിപ്പുഴ എന്നിവയ്ക്കെതിരെ ഒരു തുള്ളി വിഷം പോലും പ്രയോഗിക്കാതെ ട്രൈക്കോഗ്രമ എന്ന മിത്രകീടത്തെ ഉപയോഗിച്ചു തുരത്താൻ സാധിക്കും.

നിലവിലുള്ള സാഹചര്യത്തിൽ പട്ടാമ്പിയിലും തൃശ്ശൂരും പോയി ഇവയെ വാങ്ങേണ്ടി വരുന്ന വടക്കൻ മേഖലയിലെ കർഷകരുടെ അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും. നെൽപ്പാടങ്ങളിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മുട്ടക്കാർഡുകൾ ആയിട്ടാണ് ഇവ വാങ്ങാൻ കിട്ടുക. മുട്ടയിൽ നിന്നു പുറത്തു വരുന്ന പരാദജീവികളുടെ പുഴുക്കൾ ശത്രുവിന്റെ മുട്ടകളെ തിന്നു നശിപ്പിക്കുന്നു. ഇങ്ങനെ കീടനാശിനികൾ ഒന്നും പ്രയോഗിക്കാതെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് ശത്രുകീടങ്ങളെ നശിപ്പിക്കാൻ ഇവ വളരെയധികം ഫലപ്രദമാകുന്നു. (കടപ്പാട്: മനോരമ)

 

4. പുതുതായി സ്ഥാനമേൽക്കുന്ന കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കുള്ള പഞ്ചദിന പരിശീലന പരിപാടിയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി ‘ചുവട് 22’ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള 150 സി.ഡി.എസ് ചെയർപേഴ്‌സൺമാരാണ് തിരുവനന്തപുരം നാലാഞ്ചിറയിലെ മാർ ഗ്രിഗോറിയസ് റിന്യുവൽ സെൻററിൽ നടക്കുന്ന ആദ്യ ബാച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

ആകെ ഏഴ് ബാച്ചുകളിലായാണ് ഈ റെസിഡൻഷ്യൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തുള്ള 1070 സി.ഡി.എസ് ചെയർപേഴ്‌സൺമാരും പരിശീലനം നേടും. കുടുംബശ്രീ പരിശീലന ടീം അംഗങ്ങളായ 30 പേർ ചേർന്നാണ് ‘ചുവട് 22’ പരിശീലനം നയിക്കുന്നത്. സെപ്റ്റംബർ അഞ്ചിനകം പരിശീലനം പൂർത്തിയാക്കും.

5. പാലക്കാട് : അട്ടപ്പാടിയിൽ ഉത്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളും തേനും സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കാൻ അട്ടപ്പാടിക്കാർക്ക് തമിഴ്നാടിനെ ആശ്രയിക്കേണ്ട. ചെറുധാന്യങ്ങൾ സംഭരിച്ച് സംസ്കരിക്കാൻ സംസ്കരണശാലയൊരുങ്ങി. റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ്-അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി, പുതൂർ പഞ്ചായത്തിലെ ചീരക്കടവിലാണ് സംസ്കരണശാല തുടങ്ങിയത്.

അഹാഡ്സ് ഗുണഭോക്തൃ സംഘത്തിന്റെ ഓഫീസ് പ്രാഥമിക സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുകയും കെട്ടിടം നവീകരിച്ച് യന്ത്രസാമഗ്രികൾ വാങ്ങി സ്ഥാപിക്കയുമായിരുന്നു. 31.92855 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചു.സംസ്കരണശാലയുടെ ഉദ്ഘാടനവും കർഷകരെ ആദരിക്കലും വെള്ളിയാഴ്ച രാവിലെ 11-ന് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. (കടപ്പാട്: മാതൃഭൂമി)

6. ശുചിത്വ-മാലിന്യ സംസ്കരണ രംഗത്തെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുമെന്ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ. ഖരമാലിന്യ പരിപാലനം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രവര്‍ത്തന ഘടകങ്ങളെ ഗ്രേഡിംഗിനായി വിലയിരുത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലും ആകെ രൂപപ്പെടുന്ന ജൈവ-അജൈവ മാലിന്യത്തിന്‍റെ അളവ്, ശേഖരിക്കുന്ന മാലിന്യത്തിന്‍റെ അളവ്, മാലിന്യങ്ങളുടെ കൈകാര്യം ചെയ്യല്‍, മാലിന്യ സംസ്കരണ സൗകര്യങ്ങളും ഗുണനിലവാരവും പരിപാലനവും എന്നിവയെ അടിസ്ഥാനമാക്കായാണ് വിലയിരുത്തല്‍. പൊതുശൗചാലയങ്ങളുടെ ശുചിത്വവും പരിശോധിക്കും.

70%ത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡും ഗ്രീൻ കാറ്റഗറിയും, 70%ത്തിനും 50% ത്തിനും ഇടയിലുള്ളവര്‍ക്ക് ബി ഗ്രേഡും യെല്ലോ കാറ്റഗറിയും, 50%ത്തിനും 20%ത്തിനും ഇടയിലുള്ളവര്‍ക്ക് സി ഗ്രേഡും ഓറഞ്ച് കാറ്റഗറിയും നല്‍കും. 20%ത്തില്‍ താഴെ നേടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഡി ഗ്രേഡും റെഡ് കാറ്റഗറിയുമാണ് നല്‍കുന്നത്. മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിന് നടപടി സഹായകരമാകും. ഗ്രേഡിംഗ്‌ വഴി ഓരോ പ്രദേശത്തിന്‍റെയും പോരായ്മയും, മെച്ചപ്പെടുത്തേണ്ട മേഖലകളെയും തിരിച്ചറിയാം. കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സംവിധാനം സഹായിക്കും.

7. പത്തനംതിട്ടയിൽ ലഹരി വിരുദ്ധ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് തലത്തില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ച് മാതൃക വിമുക്തി പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. തിരുവല്ല, കോന്നി, റാന്നി, പത്തനംതിട്ട, അടൂര്‍ താലൂക്കില്‍ നിന്ന് യഥാക്രമം കടപ്ര, പ്രമാടം, റാന്നി, ഇലന്തൂര്‍, ഏറത്ത് ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംസ്ഥാന ലഹരി വര്‍ജന മിഷന്റെ (വിമുക്തി) ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

വിമുക്തിയുടെ പ്രവര്‍ത്തനം വിജയിക്കുന്നതിന് എല്ലാവരുടേയും കൂട്ടായ ശ്രമം ഉണ്ടാകണമെന്നും സ്‌കൂളുകളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ക്കായി അധ്യാപകരുടെ പൂര്‍ണമായ സഹകരണം വേണമെന്നും ഡെപ്യുട്ടി കളക്ടര്‍ പറഞ്ഞു. ലഹരി ഉപയോഗം സംബന്ധിച്ചുള്ള പരാതികള്‍ ധൈര്യപൂര്‍വം എക്സൈസിനെ അറിയിക്കണമെന്നും പരാതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പോകാതെ അന്വേഷണം നടത്തുമെന്നും ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ പ്രദീപ് പറഞ്ഞു. പഞ്ചായത്തുകളിലെ ജാഗ്രത സമിതികള്‍ പ്രവര്‍ത്തനം ശക്തമാക്കണം. വിദ്യാർഥകളിലെ ലഹരി ഉപയോഗത്തിനെതിരെ സ്‌കൂളുകളില്‍ പരിശോധനയും ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

8. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വ്യാപകമായി നടപ്പാക്കുമ്പോഴും ഓണക്കാലത്ത് പച്ചക്കറി ഉൽപാദനം കുറയുമെന്ന് ആശങ്ക. കാലാവസ്ഥ വ്യതിയാനമാണ് പ്രധാന പ്രശ്നം. ശക്തമായ വേനൽമഴക്ക് ശേഷം കാലവർഷം കൂടി ശക്തമായതോടെ വിവിധ രോഗങ്ങൾ പച്ചക്കറിക്കൃഷിയെ ബാധിച്ചു. പൂപ്പൽ ബാധ, തണ്ടു ചീയൽ തുടങ്ങിയവയ്ക്ക് ഒപ്പം മരച്ചീനിക്കൃഷി നടത്തുന്ന ചില സ്ഥലങ്ങളിൽ വേര് ചീയൽ രോഗവും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികൾക്ക് പ്രതീക്ഷിച്ച വളർച്ച ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. നിലവിലെ അവസ്ഥ തുടർന്നാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാകും.

ഏതാനും വർഷങ്ങൾക്കുള്ളിൽ നെൽക്കൃഷി കൂടുതൽ മേഖലകളിലേക്കു തിരികെ എത്തിയെങ്കിലും അരി വിലയിൽ ഉണ്ടായ വർധന കർഷകർക്കു കാര്യമായ പ്രയോജനം ചെയ്യില്ല. സപ്ലൈകോ സംഭരിക്കുന്ന നെല്ല് മില്ലുകളിൽ എത്തിച്ച് അരിയാക്കി മാറ്റി റേഷൻകടകൾ, സപ്ലൈകോ വിൽപനശാലകൾ എന്നിവ വഴി വിതരണം ചെയ്യുകയാണ്. കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ലിൽ നിന്നുള്ള അരിയുടെ ചെറിയൊരു അംശം മാത്രമാണ് പൊതുവിപണിയിൽ എത്തുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. (കടപ്പാട്: മനോരമ)

9. വ്യവസായവകുപ്പ് നടപ്പിലാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതി വഴി എറണാകുളത്ത് ഇതുവരെ ആരംഭിച്ചത് 4,261 സംരംഭങ്ങള്‍. ജില്ലയിൽ 14,610 സംരംഭങ്ങളും 49,000 തൊഴിലവസരങ്ങളും ആരംഭിക്കാനാണ് ലക്ഷ്യം. 352.76 കോടി രൂപയുടെ നിക്ഷേപവും 9,972 തൊഴിലവസരങ്ങളും ഇതുവരെ നേടി. നഗര മേഖലയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് കൊച്ചി കോര്‍പ്പറേഷനിലും, ഗ്രാമീണമേഖലയില്‍ ഏറ്റവും കൂടുതല്‍ സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തത് ആലങ്ങാട് ഗ്രാമപഞ്ചായത്തിലുമാണ്. ജില്ലാ, താലൂക്ക് വ്യവസായ കേന്ദ്രങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്.

ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ പദ്ധതിയിലൂടെ വ്യവസായ മേഖല മികച്ച മുന്നേറ്റത്തിനാണ് ഒരുങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളില്‍ സംരംഭകര്‍ക്ക് സേവന സഹായങ്ങള്‍ ഉറപ്പുവരുത്താന്‍ വ്യവസായ വകുപ്പ് ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. സംരംഭം തുടങ്ങുന്നതിനാവശ്യമായ ലൈസന്‍സ്, അനുമതി എന്നിവ ലഭിക്കാൻ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍, സംരംഭകര്‍ വായ്പയ്ക്കായി ബാങ്കില്‍ നല്‍കിയിട്ടുള്ള അപേക്ഷകളുടെ തുടര്‍ നടപടികള്‍ വിലയിരുത്തി വായ്പ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയ സേവനങ്ങള്‍ ഇവര്‍ ഉറപ്പാക്കും.

 

10. ദേശീയ കാർഷിക സർവേയ്‌ക്ക് ഓഗസ്റ്റിൽ തുടക്കമാകും. സ്മാർട്ട് ഫോണുകളും ടാബ് ലെറ്റുകളും ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. കൃഷി ഭൂമി, സ്ഥലത്തിന്റെ അളവ്, വിള രീതികൾ, പാട്ടഭൂമിയുടെ വിവരങ്ങൾ എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തുക. കേന്ദ്ര വകുപ്പുകൾക്കും സംസ്ഥാന സർക്കാരുകൾക്കുമാണ് സെൻസസ് നടത്താനുള്ള ചുമതല. സെൻസസ് നടത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ വിശദീകരിക്കുന്ന കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.

ഒപ്പം ഡാറ്റ കളക്ഷൻ പോർട്ടലും ആപ്പും അവതരിപ്പിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തി മികച്ച കാർഷിക രീതികൾ സൃഷ്ടിക്കാനായി അഞ്ച് വർഷത്തെ ഇടവേളയിൽ നടത്തുന്ന കാർഷിക സർവേയാണിത്. ഇത്തരത്തിൽ ഡിജിറ്റൽ രീതിയിൽ മൊബൈൽ ആപ്പുകളുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഡാറ്റാബേസ് സൃഷ്ടിക്കുന്നതിൽ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

11. കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ഉണ്ടായിരിക്കും. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: PM Kisan Samman Nidhi: The twelfth installment will come soon
Published on: 30 July 2022, 04:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now