1. News

PM KISAN: ബാലൻസ് അറിയാൻ പുതിയ വഴി, മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ..കൂടുതൽ കൃഷിവാർത്തകൾ

പിഎം കിസാൻ സമ്മാൻ നിധി യോജനയിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് സംബന്ധിച്ചാണ് പുതിയ മാറ്റങ്ങൾ.

Darsana J

1. PM Kisan സമ്മാൻ നിധി യോജനയിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് സംബന്ധിച്ചാണ് പുതിയ മാറ്റങ്ങൾ. അതായത്, ഇനിമുതൽ അക്കൗണ്ട് ബാലൻസ് അറിയണമെങ്കിൽ ആധാർ നമ്പറിന് പകരം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറാണ് നൽകേണ്ടത്. ഇതിനുമുമ്പ് ആധാർ നമ്പറോ, മൊബൈൽ നമ്പറോ ഉപയോഗിക്കാൻ സാധിക്കുമായിരുന്നു. e-KYC സംബന്ധിച്ചതാണ് മറ്റൊരു മാറ്റം.

ഗുണഭോക്താക്കൾ ഇകെവൈസി നിർബന്ധമായും പൂർത്തിയാക്കണം എന്നാണ് കേന്ദ്രസർക്കാർ അറിയിപ്പ്. ഇകെവൈസി പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് ഇത്തവണ തുക ലഭിച്ചിരുന്നില്ല. തുക ലഭിച്ചില്ലെന്നും അക്കൗണ്ട് ബാലൻസ് അറിയാൻ സാധിക്കുന്നില്ലെന്നുമുള്ള പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണം. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത്.

കൂടുതൽ വാർത്തകൾ: കയർ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും സെമിനാർ സംഘടിപ്പിച്ചു

2. കൃഷിയിടത്തേയും കർഷകനെയും മനസിലാക്കിയുള്ള ആസൂത്രണമാണ് കാർഷിക മേഖലയ്ക്ക് അനിവാര്യമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഫാം പ്ലാന്‍ ഡെവലപ്‌മെന്റ് അപ്രോച്ച് പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ പ്രദേശത്തും ഏത് വിളയ്ക്കാണ് കൂടുതൽ വിളവ് ലഭിക്കുന്നതെന്ന് മനസിലാക്കി ആസൂത്രണം നടത്തണമെന്നും, ഈ രീതിയിൽ ആസൂത്രണം നടപ്പിലാക്കിയാൽ എത്ര ഉൽപാദനം ലഭിക്കുമെന്ന് മനസിലാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

3. ഹോർട്ടികോർപ്പിൽ കാർഷികോൽപന്നങ്ങൾ നൽകിയ വകയിൽ സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചു ലഭിക്കാനുള്ളത് 2.5 കോടി രൂപ. കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷം ഹോർട്ടികോർപ്പിന് ലഭിച്ച വരുമാനം 24.27 കോടി രൂപയാണ്. കുടിശിക മുടങ്ങിയതോടെ കർഷകർ പ്രതിസന്ധിയിലാണ്. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ സാധാരണ ഹോർട്ടികോർപ് ഔട്ട്ലറ്റുകൾ വഴിയാണ് വിൽക്കുന്നത്. തുടർച്ചയായ കാലാവസ്ഥ വ്യതിയാനം നേരിട്ടും കടം വാങ്ങിയുമാണ് കർഷകർ കൃഷി മുന്നോട്ട് കൊണ്ടു പേകുന്നത്. അതേസമയം ഹോർട്ടികോർപ്പിന്റെ പ്രതിമാസ വിറ്റുവരവ് ശരാശരി 4 കോടി രൂപയ്ക്ക് അടുത്താണ്.

4. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള വിപുലമായ പാക്കേജാണ് 'കൃഷിദര്‍ശന്‍' എന്ന് റവന്യൂമന്ത്രി കെ രാജന്‍. കൃഷിമന്ത്രിയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് നേരിട്ട് സംസാരിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന പദ്ധതിയാണ് കൃഷിദർശൻ. അദാലത്ത് കൊണ്ട് മാത്രം അവസാനിപ്പിക്കാതെ കര്‍ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. തൃശൂർ ഒല്ലൂക്കര ബ്ലോക്കില്‍ കൃഷിദര്‍ശന്‍ പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

5. 30 വർഷമായി തരിശായി കിടന്ന കോയിപ്രം ഗ്രാമപഞ്ചായത്തിലെ കല്ലിങ്കൽ പാടശേഖരത്തിന് പുതുജീവൻ നൽകി കർഷകർ. കൃഷിയോഗ്യമാക്കിയെടുത്ത 40 ഏക്കറോളം വരുന്ന പാടശേഖരത്തിൽ വിത്തിടൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. മണിരത്നം ഇനം നെൽവിത്താണ് വിതച്ചത്. പരിപാടിയുടെ ഭാഗമായി അജയകുമാർ വെല്ലുഴത്തിൽ സ്കൂൾ കുട്ടികൾക്ക് സെമിനാറും, കർഷകരായ ഉത്തമനും സി.സി ഗോപാലനും ചേർന്ന് ക്ലാസെടുക്കുകയും ചെയ്തു. വിദ്യാർഥികളെ നല്ലപാഠം പദ്ധതിയിലുൾപ്പെടുത്തി നെൽകൃഷി പരിശീലനം നൽകുകയാണ് ലക്ഷ്യമെന്ന് പാടശേഖര സമിതി സെക്രട്ടറി മാത്യു വാടാത്ത പറഞ്ഞു.

6. നിശ്ചിത ഗുണനിലവാരം ഉറപ്പാക്കി പുറത്തിറക്കുന്ന ഉൽപന്നങ്ങളിലൂടെ കേരളത്തെ ബ്രാൻഡ് ചെയ്യുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തിന്റെ വളർച്ച ലക്ഷ്യമിട്ട് രൂപീകരിച്ച കരട് വ്യവസായ നയത്തെ സംരംഭകർ സ്വാഗതം ചെയ്തു. കെ.എസ്.ഐ.ഡി.സി കൊച്ചിയിൽ സംഘടിപ്പിച്ച ആശയ വിനിമയ പരിപാടിയിലാണ് സംഘടനകളും സംരംഭകരും നയത്തെ സ്വാഗതം ചെയ്തതായി വ്യക്തമാക്കിയത്. കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്താണ് കരട് വ്യവസായ നയത്തിന് രൂപം നൽകിയതെന്നും സൺറൈസ് മേഖലകളിലെ നിക്ഷേപവും പുരോഗതിയും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

7. വയനാട്ടിലെ വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർത്ത് സർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപയെ നോഡൽ ഓഫീസറായി നിയമിച്ചു. രാത്രികാലങ്ങളിൽ ആർ.ആർ.ടി.കളെ കുടൂതൽ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്താനും കടുവ ഭീഷണി നിലനില്‍ക്കുന്ന ചീരാല്‍ പ്രദേശങ്ങളില്‍ 5 ലൈവ് സ്ട്രീമിങ് ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.

8. എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ അനുകൂല്യങ്ങൾക്കായി അപേക്ഷ നൽകാം. സബ്‌സിഡി നിരക്കില്‍ സ്‌ക്വയര്‍ മെഷ് കോഡ് എന്റ്, ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ്, മോഡല്‍ ഫിഷിങ് ബോട്ട്, ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളിലേക്ക് താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. സ്‌ക്വയര്‍ മെഷ് കോഡ് എന്റുകള്‍ക്ക് 50 ശതമാനം ഗുണഭോക്തൃ വിഹിതവും 50 ശതമാനം സര്‍ക്കാര്‍ വിഹിതവുമാണ്. ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ്, മോഡല്‍ ഫിഷിങ് ബോട്ട് എന്നീ പദ്ധതികള്‍ക്ക് 25 ശതമാനം ഗുണഭോക്തൃ വിഹിതവും 75 ശതമാനം സര്‍ക്കാര്‍ വിഹിതവുമാണ്. ഇന്‍ഷുറന്‍സ് ഫോര്‍ ഫിഷിംഗ് വെസല്‍സ് പദ്ധതിക്ക് 10 ശതമാനം ഗുണഭോക്തൃ വിഹിതവും 90 ശതമാനം സര്‍ക്കാര്‍ വിഹിതവുമാണ്. അപേക്ഷകള്‍ ലഭിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള മത്സ്യഭവന്‍ ഓഫീസുമായോ സ്ക്രീനിൽ കാണുന്ന നമ്പറിലോ ബന്ധപ്പെടാം.

9. 11-ാംമത് കാർഷിക സെൻസസ് നവംബറിൽ ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസ് പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട ജി​ല്ല​യി​ൽ 307 എ​ന്യൂ​മ​റേ​റ്റ​ർമാ​രെ​യും 60 സൂ​പ്പ​ർവൈ​സ​ർമാ​രെ​യും നി​യ​മി​ച്ചു. വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ന​യ​രൂ​പ​വൽക​ര​ണം നടത്തുന്നതിനുമാണ് കാ​ർഷി​ക സെ​ൻസ​സ് എടുക്കുന്നത്. അ​ഞ്ചു​വ​ർഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് കേ​ന്ദ്ര​സ​ർക്കാ​ർ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ർഷി​ക സെ​ൻസ​സ് ന​ട​ത്തു​ന്ന​ത്.

10. കടകളിൽ വിൽപനയ്ക്ക് വയ്ക്കുന്ന ഈത്തപ്പഴങ്ങൾ 100 ദിവസം വരെ കേടാകാതെ സൂക്ഷിക്കാനുള്ള ഫോർമുല കണ്ടെത്തി സൗദി അറേബ്യയിലെ കിങ് ഫൈസൽ സർവകലാശാല. പ്രകൃതിദത്ത വസ്തുക്കളെ മാത്രം ഉപയോഗിച്ച് വികസിപ്പിച്ച പുതിയ രീതിയ്ക്ക് സർവലാശാലയ്ക്ക് പേറ്റന്റ് ലഭിച്ചു. 'ഫോട്ടോൺ സെൻസിറ്റൈസേഷൻ' എന്ന സാങ്കേതികത ഉപയോഗിച്ചാണ് ഈത്തപ്പഴത്തിന്റെ ആയുസ് കൂട്ടാനുള്ള മാർഗം രൂപപ്പെടുത്തിയത്. സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റിയാണ് പരിസ്ഥിതി സൗഹൃദരീതി ശാസ്ത്രത്തിന് പേറ്റന്റ് നൽകിയത്.

11. കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. മധ്യ വടക്കൻ ജില്ലകളിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തുലാവർഷം ഈ മാസം 30 മുതൽ ആരംഭിക്കുമെന്നാണ് സൂചന. അതേസമയം അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് താപനില ഉയരാനും സാധ്യതയുണ്ട്.

English Summary: PM KISAN SAMMAN NIDHI YOJANA new way to know balance and know changes more agriculture malyalam news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds