1. News

PM KISAN: തടഞ്ഞ് വെച്ച തുക കേന്ദ്ര സർക്കാർ നൽകി തുടങ്ങി; കൂടുതൽ കൃഷി വാർത്തകൾ

പി. എം കിസാൻ സമ്മാന നിധിയുടെ തടഞ്ഞ് വെച്ച തുക കേന്ദ്ര സർക്കാർ നൽകി തുടങ്ങി. ഭൂമി വിവരങ്ങൾ കൃത്യമായി നൽകിയരും എന്നാൽ തുക ലഭിക്കാത്തവർക്കുമാണ് നൽകിത്തുടങ്ങിയത്.

Saranya Sasidharan
PM KISAN: The central government has started disbursing the withheld amount
PM KISAN: The central government has started disbursing the withheld amount

1.    പി. എം കിസാൻ സമ്മാന നിധിയുടെ തടഞ്ഞ് വെച്ച തുക കേന്ദ്ര സർക്കാർ നൽകി തുടങ്ങി. ഭൂമി വിവരങ്ങൾ കൃത്യമായി നൽകിയരും എന്നാൽ തുക ലഭിക്കാത്തവർക്കുമാണ് നൽകിത്തുടങ്ങിയത്.  ഇതോടെ സംസ്ഥാനത്ത്  കിസാൻ സമ്മാൻ നിധിയിൽ തുക ലഭിച്ചവരുടെ എണ്ണം 20.32 ലക്ഷം കടന്നു. ഇത് വരെ വിവരങ്ങൾ നൽകാത്തവർ ഭൂമി വിവരങ്ങൾ AIMS പോർട്ടലിൽ നൽകണം. ഇത് കൃഷി വകുപ്പ് അംഗീകരിച്ച് PM KISAN പോർട്ടലിലേക്ക് കൈമാറിക്കഴിഞ്ഞാൽ തുക ലഭ്യമാക്കും. upload ലെ പിഴവ് കാരണവും തുക മുടങ്ങിയിരുന്നു. ഇവർക്കും തുക ലഭിക്കും. ഇത് വരെ ലഭ്യമാക്കാത്തവർ PM KISAN പോർട്ടലിൽ ബെനഫിഷ്യറി സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. ലാൻ്റ് സീഡിംഗ് ഓപ്ഷൻ NO ആണെങ്കിൽ അക്ഷയ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ കൃഷി ഭവനുകളിലോ എത്തി ഭൂമി വിവരങ്ങൾ നൽകേണ്ടതാണ്.

2.    മറ്റു രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും കോവിഡ് ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കണം. കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. ചികിത്സ തേടണം. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

3.    സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും ചേർന്ന് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'നഗരവസന്തം' പുഷ്പോത്സവത്തിൻ്റേയും റിഗാറ്റ നാട്യ സംഗീത കേന്ദ്രയുടെ 50 ാം വാർഷികത്തിൻ്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  രാത്രി 12 മണി വരെ ടിക്കറ്റ് ലഭ്യമാക്കും. വിവിധ സംഗീത പരിപാടികളും, കലാപരിപാടികളും സംഘടിപ്പിക്കും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20 ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫുഡ്കോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്..

4.    സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് നൽകേണ്ട നവംബർ മാസത്തെ കമ്മീഷൻ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. വ്യാഴാഴ്ച മുതൽ കമ്മീഷൻ വിതരണം ചെയ്തു തുടങ്ങുമെന്നും ക്രിസ്തുമസ്സിന് മുമ്പു തന്നെ വിതരണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നവംബർ മാസത്തെ കമ്മീഷൻ നൽകുന്നതിന് കുറവുണ്ടായിരുന്ന ഒന്നരക്കോടി രൂപ അനുവദിക്കുന്നതിന് ധനകാര്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5.    ഇരിട്ടി ഗ്രീൻലീഫ് അഗ്രിഹോർട്ടിക്കൾച്ചർ സൊസൈറ്റി ഒരുക്കുന്ന ഒൻപതാമത് ഇരിട്ടി പുഷ്പോത്സവം ആരംഭിച്ചു. 17 ദിവസം നീണ്ടുനിൽക്കുന്ന വർണോത്സവം സണ്ണി ജോസഫ് എം. എൽ എ. ഉദ്ഘാടനം ചെയ്തു. ഗ്രീൻലീഫ് ചെയർമാൻ ഇ.രജീഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.  ജനുവരി 8 വരെ നടക്കുന്ന പുഷ്‌പോത്സവ നഗരിയില്‍ എല്ലാ ദിവസവും വൈകുന്നേരം 3 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം നടക്കുക.  

6.    കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റേയും, കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റേയും, എറണാകുളം ജില്ലാ മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബിൻ്റേയും സംയുക്തത്തിൽ കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി സംഘടിപ്പിച്ച മണ്ണ് പരിശോധനാ ക്യാമ്പ് ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  PM മനാഫ് ഉദ്ഘാടനം ചെയ്തു. കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്  ഹരി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.  ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നത്.

7.    തിരുവന്തപുരം ജില്ലാ ക്ഷീര സംഗമത്തിന്റെ പൊതു സമ്മേളനം ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തയിലേക്ക് കുതിക്കുകയാണെന്നും,  ഉദ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ക്ഷീര വകുപ്പ് പുതിയ പദ്ധതികള്‍ അവിഷകരിച്ചു വരികയാണന്നും മില്‍മ പാലിന് ഉയര്‍ത്തിയ വിലയില്‍ 5.3 രൂപയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പശുക്കളെ മാത്രം പ്രജനനം ചെയ്യുന്നതിനുള്ള സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്നും തീറ്റപ്പുല്‍കൃഷിക്ക് ഒരേക്കറിന് 16,000 രൂപ സബ്‌സിഡിയായി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  കന്യാകുളങ്ങര ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ .അനില്‍ അധ്യക്ഷത വഹിച്ചു.   

8.    ക്രിസ്മസിനോടനുബന്ധിച്ച് തൃശ്ശൂർ കലക്ട്രേറ്റിലെ ജീവനക്കാര്‍ക്ക് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, സംരംഭ സാധ്യതകള്‍ ഒരുക്കുക, എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്മസ് - കേക്ക് വിപണനമേളയ്ക്ക്  തുടക്കം.  മേളയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍  ഹരിത വി കുമാര്‍ നിര്‍വ്വഹിച്ചു.  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ് സി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭകരുടെ വിവിധതരം ഉത്പ്പന്നങ്ങൾ, ആദിവാസി മേഖലയില്‍ നിന്നുള്ള തേന്‍, സോപ്പ്, ഹെയര്‍ ഓയില്‍, തുണി സഞ്ചി തുടങ്ങിയവയും മേളയുടെ ഭാഗമാണ്.  22, 23 തിയ്യതികളിലായി കലക്ട്രേറ്റില്‍ ബാര്‍ അസോസിയേഷന്‍ ഹാളിന് സമീപമുളള പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നത്.

9.    ജനകീയാസൂത്രണം 2022- 23 ൻ്റെ ഭാഗമായി കൃഷി ഭവൻ ചിറയിൻകീഴിൽ കാബേജ് കോളിഫ്ലവർ വഴുതിന മുളക് തുടങ്ങിയ പച്ചക്കറി തൈകൾ നേന്ത്രൻ വഴക്കന്ന്, വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ വിതരണം ചെയ്തു വരുന്നു. ആവശ്യമുള്ളവർ റേഷൻ കാർഡ് കരം തീർന്ന രസീത്  കോപ്പികൾ സഹിതം 100 രൂപ അടച്ച് അപേക്ഷ നൽകണം. അവസാന തീയതി ഡിസംബർ 24 തൈകൾ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

10.     കേരഗ്രാമം പദ്ധതിയുടെ പ്രചരണാർത്ഥം, ഇളംതലമുറയിലെ കൃഷി താത്പര്യത്തിന് ആക്കം കൂട്ടാനും പുതിയ കാലത്തില്‍ നാളികേര കൃഷിയുടെ നന്മ നിലനിറുത്താനും ലക്ഷ്യമിട്ട് ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനും, നാളികേര സമിതിയും  സംയുക്തമായി ഡിസംബർ 28 ബുധൻ രാവിലെ 10 മണിക്ക് കൃഷി ഭവനിൽ    കുട്ടികളുടെ കൃഷി പാര്‍ലമെന്‍റ് - സംഘടിപ്പിക്കുന്നു.നാളികേര കൃഷിയുടെ മഹത്വം വെളിവാക്കുന്ന വിഷയം പ്രബന്ധമാക്കി അവതരിപ്പിക്കാം.  പുസ്തകങ്ങളുടെയും മുതിര്‍ന്നവരുടെയുമൊക്കെ സഹായത്തോടെയാണ് തയാറാക്കേണ്ടത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഡിസംബർ 23ന് മുൻമ്പായി കൃഷി ഭവനിൽ വെള്ള പേപ്പറിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് 9 8 4 7 1 6 8 6 5 6 എന്ന നമ്പറിൽ ബന്ധപ്പെടുക .

11.    22 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 1,260 മൊത്തവ്യാപാര കേന്ദ്രങ്ങൾ ഇലക്ട്രോണിക്-നാഷണൽ അഗ്രികൾച്ചർ മാർക്കറ്റുമായി സംയോജിപ്പിച്ചതായി ലോക്‌സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. ഇന്ത്യയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കായി 'ഒരു രാജ്യം, ഒരു വിപണി' എന്ന പേരിൽ ഒരു പൊതു ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമിൽ നിലവിലുള്ള മണ്ടികളുടെ ഒരു ശൃംഖല ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇ-നാമിന്റെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

12.    കേരളത്തിൽ അടുത്ത 4-5 ദിവസം ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂന മർദ്ദമാണ് വരും മണിക്കൂറിനുള്ളിൽ തീവ്രമാകാൻ സാധ്യത. 

English Summary: PM KISAN: The central government has started disbursing the withheld amount

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds