1. News

PM KUSUM Yojana: സോളാർ പാനലിലൂടെ കർഷകർക്ക് അധികവരുമാനം..കൃഷി വാർത്തകളിലേയ്ക്ക്

ഊർജ സംരക്ഷണത്തിനായി കൃഷിഭൂമിയിൽ solar panel സ്ഥാപിക്കാൻ PM KUSUM Yojana സഹായിക്കും. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉദ്ധം മഹാഭിയാൻ എന്നാണ് schemeന്റെ പൂർണ രൂപം

Darsana J

1. ഊർജ സംരക്ഷണത്തിനായി കൃഷിഭൂമിയിൽ solar panels സ്ഥാപിക്കാം, പിഎം കുസും യോജന സഹായിക്കും. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉദ്ധം മഹാഭിയാൻ എന്നാണ് പദ്ധതിയുടെ പൂർണ രൂപം. കൃഷി സ്ഥലത്തേക്കാവശ്യമായ വൈദ്യുതി സോളാറിലൂടെ ഉൽപാദിപ്പിക്കാനും അധികം വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകി വരുമാനമുണ്ടാക്കാനും സഹായിക്കുന്ന പദ്ധതിയാണിത്. കർഷക കൂട്ടായ്മകൾക്കും, സമിതികൾക്കും, പാടശേഖര സമിതികൾക്കും പദ്ധതിയിൽ ചേരാം. ഉൽപാദന ചെലവിന്റെ 60 ശതമാനം വരെ സോളാർ സ്ഥാപിക്കുന്ന സ്ഥാപനത്തിന് സബ്സിഡി ലഭിക്കും. കൂടുതലായി കിട്ടുന്ന വൈദ്യുതി കെഎസ്ഇബിയ്ക്ക് വിൽക്കാനും സാധിക്കും. 20 മുതൽ 100 എച്ച്പി വരെയുള്ള പമ്പുകൾക്ക് സോളാർ വൈദ്യുതി ഉപയോഗിക്കാം. കർഷകരുടെ വീട് കൃഷിയിടത്തിന് സമീപമാണെങ്കിൽ സോളാർ വൈദ്യുതി വീടുകളിലും ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: എൽപിജി സിലിണ്ടർ ഇനി വർഷത്തിൽ 15 എണ്ണം മാത്രം..കൂടുതൽ കൃഷിവാർത്തകൾ

2. തൃശൂർ ജില്ലയിലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ ജില്ലകളിൽ african swine flu സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. ഭോപാലിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തിലെ പന്നിഫാമിൽ രോഗം സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിയുടെ മാംസം, തീറ്റ എന്നിവ വാങ്ങുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. കൂടാതെ, ഫാമിലെ പന്നികളെ കൊന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ ജില്ലയിലെ മറ്റ് ഫാമുകളിലെ പന്നികളുടെ രക്തം പരിശോധിക്കുന്നതിനും ആരോഗ്യം നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

3. പാലിന്റെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പശുക്കളുടെ പ്രതിദിന ശരാശരി പാൽ ഉൽപാദനക്ഷമത ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നും ക്ഷീരവികസന വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന പാലിലെ കൊഴുപ്പ്, കൊഴിപ്പിതര ഖര പദാർഥങ്ങൾ എന്നിവയുടെ തോത് മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. കണ്ണൂരിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനും നിയമലംഘനങ്ങള്‍ തടയാനും നടപടികൾ ശക്തമാക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ, പിഴ ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. 2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരമാണ് നടപടികൾ സ്വീകരിക്കുക. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയില്ലാതെ മത്സ്യബന്ധന ഉരുവോ, സ്വതന്ത്ര വലയോ ഉപയോഗിക്കാന്‍ അനുവദിക്കില്ല. തോട്ട പൊട്ടിക്കല്‍, വിഷം കലര്‍ത്തല്‍, വെളളത്തിലൂടെ വൈദ്യുതി കടത്തി വിടല്‍ എന്നിവയും കര്‍ശനമായി തടയും. ഒരു മീറ്ററില്‍ കൂടുതല്‍ നീളമോ വീതിയോ ഉളള വലകളില്‍, കണ്ണി വലിപ്പം 20 മില്ലീമീറ്ററിൽ കുറയാനോ, മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസം സൃഷ്ടിക്കുന്ന നിര്‍മിതികളോ, ജലാശയങ്ങളില്‍ മലിനവസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ നിക്ഷേപിക്കാനോ പാടില്ലെന്നും കർശന നിർദേശമുണ്ട്.

5. എറണാകുളം ജില്ലയിലെ എടവനക്കാട് കൃഷിഭവനിൽ പൊക്കാളി കൃഷി കൊയ്ത്തിന് തുടക്കം. ഫിഷറി പാടശേഖരത്തിലെ അച്യുതൻ എന്ന കർഷകൻ്റെ 25 ഹെക്ടർ പാടത്താണ് കൊയ്ത്ത് ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അസീന അബ്ദുൽ സലാം കറ്റ കൊയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പൊക്കാളി കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് പൊക്കാളി വിത്ത് പൂർണമായും സൗജന്യമായി നൽകുന്നതിനും മറ്റ് കൃഷി ചെലവുകൾക്കും നാല് ലക്ഷം രൂപയാണ് വകയിരുത്തിയത്. കൊയ്ത്ത് പൂർത്തിയശേഷം ഗുണമേന്മയുള്ള ജൈവ അരി എടവനക്കാട് പഞ്ചായത്തിലെ അംഗനവാടികളിൽ നൽകുമെന്ന് അച്യുതൻ പറഞ്ഞു.

6. പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി കുട്ടിക്കർഷകർ. ഞങ്ങളും കൃഷിയിലേക്ക്, ഹോട്ടികൾച്ചർ മിഷൻ എന്നീ പദ്ധതികളുടെ ഭാഗമായി ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നടത്തിയ പച്ചക്കറി കൃഷിയും പൂക്കൃഷിയും വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ നിർവഹിച്ചു. സ്‌കൂളിലെ 50 സെന്റ് സ്ഥലത്താണ് വിദ്യാർഥികൾ കൃഷി ആരംഭിച്ചത്. ജീവാമൃതം, പഞ്ചദ്രവ്യം, ഗോമൂത്രം എന്നീ ജൈവവളങ്ങളാണ് പ്രധാനമായും കൃഷിയ്ക്ക് ഉപയോഗിച്ചത്. ഏഴുകിലോയോളം പൂക്കൾ വിളവെടുത്തു. ആഫ്രിക്കൻ മാരി ഗോൾഡ് ഇനത്തിൽപ്പെട്ട മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തിയും ബന്ദിയുമാണ് കൃഷി ചെയ്തത്.

7. കോട്ടയം ജില്ലയിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ആദ്യഘട്ട വിതരണം കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കാർപ്പ് ഫാമിങ് സ്‌കീമിൽ ഉൾപ്പെട്ട 54 കർഷകർക്ക് 31,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. കട്ല, രോഹു, സൈപ്പർനെസ് എന്നീ മത്സ്യങ്ങളെയാണ് നൽകിയത്.

8. പീച്ചി കനാലിനെ ആശ്രയിച്ച് കൃഷി ചെയ്യുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പീച്ചി പ്രോജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശ് രഹിത ഭൂമി എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനൊപ്പം കൃഷിക്ക് ആവശ്യമായ ജലവും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. പീച്ചി കനാൽ ഈ മാസം 21ന് തുറക്കും. ജലലഭ്യത ഉറപ്പാക്കണമെന്ന പാടശേഖര സമിതിയുടെയും കർഷകരുടെയും ആവശ്യം പരിഗണിച്ചാണ് കനാൽ നേരത്തെ തുറക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിച്ചതിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.

9. 'Enhancing Agricultural Productivity: മെച്ചപ്പെട്ട വിത്തുകളുടെയും, കാർഷിക ഉൽപന്നങ്ങളുടെയും സംയോജനം' എന്ന വിഷയത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചു. ന്യൂഡൽഹി NDMC കൺവെൻഷൻ സെന്ററിലാണ് പരിപാടി നടന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പരിപാടിയിൽ മുഖ്യാതിഥിയായി. മെച്ചപ്പെട്ട കാർഷിക ഉൽപന്നങ്ങൾക്കായി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ Associated Chambers of Commerce & Industry of Indiaയുടെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. പരിപാടിയിൽ കൃഷി ജാഗരൺ മാഗസിൻ പാർട്ണറാണ്.

10. സാങ്കേതികവിദ്യയുടെ കടന്നുവരവ് കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് കൃഷി ജാഗരൺ സ്ഥാപകൻ എം.സി ഡൊമിനിക്. ഫിലിപ്പൈൻസിൽ നടക്കുന്ന 16-ാംമത് പാൻ-ഏഷ്യ ഫാർമേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്രികൾച്ചറൽ പ്ലാന്റ് ബയോടെക്‌നോളജിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള പ്രധാന വേദിയാണ് പാൻ-ഏഷ്യ ഫാർമേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം. കൂടാതെ സമ്മേളനങ്ങൾ, ബയോടെക് ഫാം സന്ദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഈ മാസം 14ന് പരിപാടി സമാപിക്കും.

11. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി മൂലമാണ് മഴ ശക്തമാകുന്നത്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം കേരളത്തിൽ തുലാവർഷം നേരത്തെ എത്തില്ലെന്നാണ് സൂചന.

English Summary: PM KUSUM Yojana: Additional income in the farm itself through solar panels malayalam Agriculture News

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds