1. News

Ration Card: വിലക്കയറ്റ നിയന്ത്രണം; കേരളത്തിൽ ഇന്നുമുതൽ സ്പെഷൽ അരി വിതരണം..കൃഷിവാർത്തകളിലേക്ക്

ഇന്നുമുതൽ കേരളത്തിലെ വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 8 കിലോഗ്രാം സ്പെഷൽ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു

Darsana J

1. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി ഇന്നുമുതൽ കേരളത്തിലെ വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ 8 കിലോഗ്രാം സ്പെഷൽ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഇതിനുപുറമെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ വഴി കേരളത്തിലെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ സൗജന്യ നിരക്കിൽ അരി വിതരണം ചെയ്യും. ഒരു കാർഡിന് ജയ, കുറുവ, മട്ട, പച്ചരി എന്നിങ്ങനെ 10 കിലോ വീതമാണ് വിതരണം ചെയ്യുക. ആന്ധ്രാപ്രദേശിൽ നിന്നും 10 പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് സർക്കാർ. ആന്ധ്രയിൽ നെല്ല് സംഭരണം പൂർണമായും സർക്കാർ നിയന്ത്രണത്തിലായതോടെയാണ് കേരളത്തിലേക്കുള്ള ഇറക്കുമതി കുറഞ്ഞത്. ഇത് വിലക്കയറ്റത്തിന് ഇടയാക്കി.

ബന്ധപ്പെട്ട വാർത്തകൾ: സിറ്റി ഗ്യാസ് പദ്ധതി വീടുകളിലേക്ക്; ആദ്യഘട്ടം തലസ്ഥാനത്ത്..കൂടുതൽ കൃഷിവാർത്തകൾ

2. ഒല്ലൂരിലെ മുരിങ്ങയില ഉൽപന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നു. തൃശൂർ ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുരിങ്ങയില ഉപയോഗിച്ച് തയ്യാറാക്കിയ മൂല്യവർധിത ഉൽപന്നങ്ങളാണ് കടൽ കടക്കുന്നത്. മുരിങ്ങ പൗഡർ, മുരിങ്ങ റൈസ് പൗഡർ, മുരിങ്ങ സൂപ്പ് പൗഡർ എന്നിവയാണ് ഒല്ലൂർ ബ്രാൻഡിൽ ഒരുക്കിയത്. നാച്ചുറൽ പ്രോ ഫുഡ് സ്റ്റഫ് ട്രേഡിങ് കമ്പനിയാണ് ഉൽപന്നങ്ങൾ യുഎഇ മാർക്കറ്റിൽ വിപണനം ചെയ്യുക. കുടുംബശ്രീയും ഒല്ലൂർ കൃഷി സമൃദ്ധി കർഷക സംഘം ഗ്രൂപ്പുകളും ചേർന്നാണ് ഉൽപന്നങ്ങൾ തയ്യാറാക്കുന്നത്.

3. കേരളാ പേപ്പർ പ്രോഡക്ട്സ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചതായി വ്യവസായമന്ത്രി പി. രാജീവ്. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി ഉപേക്ഷിക്കാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്താണ് വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന് രൂപം നൽകിയത്. പാക്കേജിംഗ്, പേപ്പർ ബോർഡ് വ്യവസായം തുടങ്ങിയവ ലോകത്താകെ വളർച്ച നേടുന്ന സാഹചര്യത്തിൽ ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും ശേഷി വർധനവിലൂടെയും നിരവധി സാധ്യതകൾ ഉപയോഗപ്പെടുത്താൻ കേരളാ പേപ്പർ പ്രോഡക്ട്സിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 2022 ജനുവരി 1ന് നവീകരണം ആരംഭിച്ച് മെയ് 19ന് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.

4. വയനാട് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ചീരാലിലെ കടുവ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി ഗജ ഫോറസ്റ്റ് ഐ.ബി ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ജനവിഭാഗങ്ങളുമായും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

5. ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി ‘വെറ്റ് ഓണ്‍ വീല്‍സ്’ ഇന്നുമുതല്‍ പ്രവർത്തനം തുടങ്ങും. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി സംവിധാനമാണ് ‘വെറ്റ് ഓണ്‍ വീല്‍സ്’. നിലവില്‍ പുല്‍പ്പള്ളിയിലും മുളളന്‍കൊല്ലിയിലും പ്രവർത്തിക്കുന്ന രണ്ടു മൃഗാശുപത്രികളിൽ രണ്ട് ഡോക്ടര്‍മാർ മാത്രമാണുള്ളത്. പാല്‍ വിലയും ഉല്‍പ്പാദന ചെലവും രോഗങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടവും പശുവളര്‍ത്തല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സാ സേവനം വീട്ടുമുറ്റത്തെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു സന്ദര്‍ശനത്തിന് 100 രൂപയാണ് ഫീസ്. വാഹനം, ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവ സൗജന്യമായിരിക്കും.

6. എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിൽ പച്ചക്കറി കൃഷിയ്ക്ക് തുടക്കം. സംസ്ഥാന സര്‍ക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെയാണ് തരിശായി കിടന്ന ഒന്നര ഏക്കർ സ്ഥലത്ത് കൃഷിയാരംഭിച്ചത്. കർഷകരായ കെ.കെ കുഞ്ഞും ഹൈസനാർ പാറേക്കാട്ടും ചേർന്നാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചെയ്തു.

7. പാലക്കാട് ജില്ലയിൽ വിത്തുൽപാദനം പ്രതിസന്ധിയിൽ. വിത്തുൽപാദന മേഖലയ്ക്ക് അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് കർഷകർ പിന്മാറുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. ഇത്തവണ 700 ഹെ​ക​ട്റി​ൽ മാ​ത്ര​മാ​ണ് വി​ത്ത് ഉ​ൽ​പാ​ദ​നം ന​ട​ന്ന​ത്. സം​സ്ഥാ​ന വി​ത്തു വി​ക​സ​ന അ​തോ​റി​റ്റി​ക്ക് അ​വ​ശ്യ​മാ​യ 90 ശ​ത​മാ​നം നെൽവിത്തും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത് പാലക്കാട് ജി​ല്ല​യി​ലാ​ണ്. എന്നിട്ടും പ്രവർത്തനങ്ങൾക്കാവശ്യമായ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ തീ​രെ​യി​ല്ലാത്തത് കർഷകരെ വലയ്ക്കുന്നു. സംഭരിക്കുന്ന വിത്തിന് കൃത്യസമയത്ത് പണം ലഭിക്കാത്തതും കർഷകരെ പിന്നോട്ട് വലിക്കുകയാണ്.

8. ഇടുക്കി ജില്ലയിലെ വട്ടവടയിൽ നടപ്പിലാക്കിയ ശീതകാല പച്ചക്കറി കൃഷി പദ്ധതിയിൽ വൻ ക്രമക്കേടെന്ന് സ്പെഷ്യൽ വിജിലൻസ് സെൽ റിപ്പോർട്ട്. വട്ടവട ഗ്രാമപഞ്ചായത്തിൽ 1,729 ഏക്കർ സ്ഥലത്തെ ഹൈബ്രിഡ് പച്ചക്കറി കൃഷിയ്ക്ക് 1.4 കോടി രൂപ 2021 ഫെബ്രുവരിയിൽ അനുവദിച്ചിരുന്നു. കർഷകരുടെ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കോട് കണ്ടെത്തിയത്. കൃഷി നടന്നതായി കൃഷി അസിസ്റ്റൻറ് അന്വേഷണ റിപ്പോർട്ടും കൃഷി ഓഫീസറുടെ അനുമതിയും വ്യാജമായി രേഖപ്പെടുത്തിയാണ് വിത്ത് വിതരണത്തിന് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

9. പൊതുജനാരോഗ്യരംഗത്തേക്ക് ചുവടുവച്ച് കുടുംബശ്രീ. കുടുംബശ്രീ ജില്ലാമിഷനും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ്‌ കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ടുമെന്റും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്‌. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ 30,000 പേരടങ്ങുന്ന ആരോഗ്യസേനയെ സജ്ജമാക്കാനാണ് തീരുമാനം. കുടുംബശ്രീ വോള​ന്റിയർമാർക്കുള്ള പ്രഥമശുശ്രൂഷ പരിശീലനം പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ ആരംഭിച്ചു. എംഇഎസ് മെഡിക്കൽ കോളേജ്‌ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഓരോ പഞ്ചായത്തിൽനിന്ന്‌ 300 കുടുംബശ്രീ പ്രവർത്തകരെയാണ് പ്രഥമശുശ്രൂഷ നൽകാൻ പരിശീലനം നൽകുക.

10. പുഷ്കർ മേള 2022ന് രാജസ്ഥാനിൽ തുടക്കം. ജയ്പൂരിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിർവഹിച്ചു. 'പുഷ്കർ ചലോ അഭിയാൻ' പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി വിനോദസഞ്ചാരികളെ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മേളയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കന്നുകാലികളിൽ ത്വക്ക് രോഗം പടരുന്ന സാഹചര്യത്തിൽ പ്രശസ്തമായ കന്നുകാലി മേള ഇത്തവണ ഉണ്ടാകില്ല. മേളയുടെ ഭാഗമായി വിവിധ മത്സരങ്ങളും നാടൻ കലാപരിപാടികളും നടക്കും. ഈ മാസം എട്ടിന് മേള അവസാനിക്കും.

11. കേരളത്തിൽ തുലാവർഷം സജീവമായി തുടരുന്നു. ബംഗാൾ ഉൾക്കടലിനും തെക്കേ ഇന്ത്യയ്ക്കും മുകളിൽ വടക്കു-കിഴക്കൻ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Ration Card Inflation Control in kerala Special rice distribution in Kerala from today malayalam agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds