News

ദേശീയ ഭക്ഷ്യോല്‍പ്പാദനം റെക്കോര്‍ഡ് നേട്ടത്തിൽ

wheat production


2019-20 വര്‍ഷത്തില്‍ രാജ്യത്ത് ഗോതമ്പ് ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തുമെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 106.21 ദശലക്ഷം ടണ്‍ ഗോതമ്പിന്റെ വിളവെടുപ്പിനാണ് ഇന്ത്യ ഒരുങ്ങുന്നതെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം അറിയിച്ചു. നെല്ലുല്‍പ്പാദനവും ഉയരുമെന്നാണു പ്രതീക്ഷ.

ഗോതമ്പ് ഉല്‍പാദനം വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പത്തെ റെക്കോര്‍ഡ് ആയ 101.96 ദശലക്ഷം ടണ്‍ 2018-19 വിള വര്‍ഷത്തില്‍ (ജൂലൈ-ജൂണ്‍) ആയിരുന്നു.പ്രധാന റാബി (ശീതകാല) വിളവെടുപ്പിനമാണ് ഗോതമ്പ്. അടുത്ത മാസം മുതല്‍ കൊയ്ത്ത് ആരംഭിക്കും.2.5 ശതമാനമാണ് പ്രതീക്ഷിക്കുന്ന വര്‍ധന. 2019 ജൂണ്‍-സെപ്റ്റംബറില്‍ മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ 10 ശതമാനം കൂടുതലായിരുന്നുവെന്നാണ് കണക്ക്. ഇതുമൂലം മിക്ക വിളകളുടെയും ഉത്പാദനം സാധാരണ ഉല്‍പാദനത്തേക്കാള്‍ കൂടുതലാകുമെന്നും കണക്കാക്കപ്പെടുന്നു.

ഈ വര്‍ഷം 33.61 ദശലക്ഷം ഹെക്ടര്‍ സ്ഥലത്ത് ഗോതമ്പ് കൃഷിയുണ്ടായിരുന്നു. മുന്‍ വര്‍ഷം ഇത് 29.93 ദശലക്ഷം ഹെക്ടറായിരുന്നു. 2019-20 വിളവര്‍ഷത്തില്‍ ഗോതമ്പ്, അരി, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ അടങ്ങിയ മൊത്തം ഭക്ഷ്യധാന്യ ഉല്‍പാദനവും റെക്കോര്‍ഡ് ഭേദിച്ച് 291.95 ദശലക്ഷം ടണ്ണാകും. കഴിഞ്ഞ വര്‍ഷം 285.21 ദശലക്ഷം ടണ്ണായിരുന്നു. ഖാരിഫ് (വേനല്‍) സീസണില്‍ നിന്ന് 142.36 ദശലക്ഷം ടണ്ണും ഈ വര്‍ഷത്തെ റാബി സീസണില്‍ നിന്ന് 149.60 ദശലക്ഷം ടണ്ണും ഭക്ഷ്യധാന്യ ഉല്‍പാദനം കണക്കാക്കുന്നു.

നെല്ലിന്റെ ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെ 116.48 ദശലക്ഷം ടണ്ണില്‍ നിന്ന് ഈ വര്‍ഷം 117.47 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 0.9 ശതമാനത്തിന്റെ വര്‍ധനവ് പ്രതീക്ഷിക്കുന്നു. മൊത്തം ധാന്യങ്ങളുടെ ഉല്‍പാദനം 263.14 ദശലക്ഷം ടണ്ണില്‍ നിന്ന് 268.93 ദശലക്ഷം ടണ്ണാകുമെന്നും പ്രതീക്ഷിക്കുന്നു. പയറുവര്‍ഗ്ഗങ്ങളുടെ ഉല്‍പാദനം ഈ വര്‍ഷം 23.02 ദശലക്ഷം ടണ്ണാകും. കഴിഞ്ഞ വര്‍ഷം ഇത് 22.08 ദശലക്ഷം ടണ്ണായിരുന്നു.

എണ്ണക്കുരു ഉല്‍പാദനം 2019-20ല്‍ 34.18 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 31.52 ദശലക്ഷം ടണ്ണായിരുന്നു കഴിഞ്ഞ വര്‍ഷം.അതേസമയം നാണ്യവിളകളുടെ കഥ മറ്റൊന്നാണ്. കരിമ്പിന്റെ ഉല്‍പാദനം ഈ കാലയളവില്‍ 405.41 ദശലക്ഷം ടണ്ണില്‍ നിന്ന് 353.84 ദശലക്ഷം ടണ്ണായി കുറയുമ്പോള്‍ പരുത്തി ഉല്‍പാദനം വര്‍ദ്ധിക്കുമെന്നാണു കണക്കാക്കുന്നത്.

 


English Summary: Record food production in India in 2019-20

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine