1. News

Rice Storage: കേരളത്തിൽ നെല്ല് സംഭരണം ഇന്ന് മുതൽ...കൂടുതൽ കൃഷിവാർത്തകൾ

രണ്ടാഴ്ചയായി തുടരുന്ന മില്ലുടമകളുടെ സമരം അവസാനിച്ചു. മില്ലുടമകളുടെ പ്രശ്നങ്ങൾക്ക് മൂന്ന് മാസത്തിനകം പരിഹാരം ഉണ്ടാക്കുമെന്ന ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ ഉറപ്പിലാണ് സമരം അവസാനിച്ചത്

Darsana J

1. കേരളത്തിൽ നെല്ല് സംഭരണം ഇന്ന് മുതൽ ആരംഭിക്കും. രണ്ടാഴ്ചയായി തുടരുന്ന മില്ലുടമകളുടെ സമരം അവസാനിച്ചു. മില്ലുടമകളുടെ പ്രശ്നങ്ങൾക്ക് മൂന്ന് മാസത്തിനകം പരിഹാരം ഉണ്ടാക്കുമെന്ന ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഉറപ്പിലാണ് സമരം അവസാനിച്ചത്. 54ഓളം മില്ലുടമകൾ രണ്ടാഴ്ചയായി സമരം നടത്തുകയായിരുന്നു. 2018ൽ ഉണ്ടായ പ്രളയത്തിൽ നശിച്ച നെല്ലിന്റെ നഷ്ടം നികത്താൻ 15 കോടി രൂപ അനുവദിക്കുക, നെല്ല് സംഭരണത്തിനുള്ള കൈകാര്യ ചെലവ് 2 രൂപ 14 പൈസയിൽ നിന്ന് 2 രൂപ 86 പൈസയാക്കി ഉയർത്തുക എന്നിവയായിരുന്നു മില്ലുടമകളുടെ ആവശ്യം. നെല്ല് സംഭരണ പ്രതിസന്ധിയിൽ പരിഹാരമായതോടെ കുട്ടനാട്ടിലെ കർഷകരും ആശ്വാസത്തിലാണ്. എന്നാൽ നെല്ല് സംഭരിക്കുമ്പോൾ ഈർപ്പത്തിന്റെ തോത് ചൂണ്ടിക്കാട്ടി വൻതോതിൽ കിഴിവ് നൽകാനാകില്ലെന്ന് കർഷകർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വെന്‍ഷ്വര്‍ കേരളത്തിൽ 1500 കോടി നിക്ഷേപിക്കും, 6 വിളകളുടെ മിനിമം താങ്ങുവില വർധിപ്പിച്ചു; കൂടുതൽ കാർഷിക വാർത്തകൾ

2. സംസ്ഥാനത്ത് അരിവില കുതിക്കുന്നു. രണ്ടാഴ്ചയ്ക്കിടയിൽ അരി ക്വിന്റലിന് 300 മുതൽ 500 രൂപ വരെയാണ് മൊത്തവിലയിൽ വർധിച്ചത്. ചില്ലറ വിലയിൽ 10 രൂപ മുതൽ 12 വരെ കൂടി. കയറ്റുമതി കൂടിയതും വിവിധ കമ്പനികൾ ഔട്ട്ലെറ്റുകൾ വഴി വിൽക്കാൻ അരി ശേഖരിക്കുന്നതും വില വർധനവിന് കാരണമായി. തലസ്ഥാനത്ത് ചില്ലറവിപണിയിൽ 46 രൂപയായിരുന്ന ജയ അരിയ്ക്ക് ഇപ്പോൾ 58 രൂപയാണ് വില. 45 രൂപയായിരുന്ന മട്ട അരിയ്ക്ക് 55 രൂപയായി. അതേസമയം മറ്റ് ഭക്ഷ്യോൽപന്നങ്ങളുടെ വിലയും ഉയരുകയാണ്. 60 രൂപയായിരുന്ന ഉള്ളിയുടെ വില 110 രൂപയായി ഉയർന്നു. 30 രൂപയായിരുന്ന ഒരു കിലോ സവാളയ്ക്ക് ഇപ്പോൾ വില 42 രൂപയാണ്. പയർ, ഉപ്പ്, മുളക് എന്നിവയ്ക്കും വില കൂടിയതോടെ പ്രതിസന്ധിയിലായത് സാധാരണക്കാരാണ്.

3. കേരളത്തിൽ പാലിന്റെ പ്രതിശീർഷ ലഭ്യത ഉയർത്താനുള്ള, കർമ്മപദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചരക്കണ്ടി മുഴപ്പാലയിൽ കണ്ണൂർ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാലിന്റെ പ്രതിശീർഷ ലഭ്യത 189 ഗ്രാമാണ്. പ്രതിശീർഷ ലഭ്യത ഉയർത്തുന്നതിന്റെ ഭാഗമായി ഉരുക്കളെ വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതി നടപ്പാക്കുക, ഒപ്പം ക്ഷീര മേഖലയുടെ ആധുനികവത്കരണം, യന്ത്രവത്കരണം, തീറ്റപ്പുൽകൃഷി വ്യാപനം, മിൽക് ഷെഡ് വികസനം, ക്ഷീരസംഘങ്ങളുടെ ശാക്തീകരണം, കാലിത്തീറ്റ ധനസഹായ വിതരണം, പാലിന്റെ ഗുണനിലവാര നിയന്ത്രണം എന്നിവ നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകനുള്ള അവാർഡ് അഞ്ചരക്കണ്ടിയിലെ കെ. പ്രതീഷിനും ക്ഷീരമിത്ര അവാർഡ് തിരുമേനി സൊസൈറ്റിയിലെ കെ.ജെ ജോസഫിനും ലഭിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള അവാർഡ്, അഞ്ചരക്കണ്ടി ക്ഷീരസംഘത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു.

4. ആന്ധ്രാപ്രദേശിലെ വനുകുരു റൈത്തു ബറോസ കേന്ദ്രം സന്ദർശിച്ച് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. മൃഗസംരക്ഷണ ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് ആർ.ബി.കെ മന്ത്രി സന്ദർശിച്ചത്. കൃഷി, മൃഗസംരക്ഷണം, മത്സ്യം, ഹോർട്ടികൾചർ തുടങ്ങിയ എല്ലാ സേവനങ്ങളും ഒരേ കേന്ദ്രത്തിൽ ലഭിക്കുന്ന നൂതനമായ ആശയമാണ് ആർ.ബി.കെ മുന്നോട്ട് വയ്ക്കുന്നത്. ആന്ധ്രാപ്രദേശിൽ ആകെ 10,660 ആർ.ബി.കെകൾ പ്രവർത്തിക്കുന്നുണ്ട്.

5. തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പൂട്ടിയ വ്യവസായങ്ങൾ തുറക്കാനും ഏതൊരു വ്യവസായത്തിനും വളരാനും കഴിയുന്ന നാടാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡിൻ്റെ രണ്ട് യൂണിറ്റുകളാണ് തുറക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ അഭാവംമൂലം 2020 ഓഗസ്റ്റിലാണ് കമ്പനി പൂട്ടിയത്. യൂണിറ്റുകൾ പൂർണമായും പ്രവർത്തിപ്പിക്കാൻ നിരവധി തവണ സർക്കാർ പ്രതിനിധികളും മന്ത്രിമാരും ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റിഡ് മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രിമാരായ വി. ശിവൻകുട്ടി, ആൻ്റണി രാജു, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിലാണ് ചർച്ച നടന്നത്. പാരിസ്ഥിതിക അനുമതി ലഭിച്ച് 45 ദിവസത്തിനുള്ളിൽ രണ്ട് യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.

6. മൃഗങ്ങൾക്ക് ചികിത്സ നൽകാൻ ഏത് സമയത്തും ഡോക്ടർമാരുടെ സേവനം ലഭിക്കുമെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. രാത്രികാല മൃഗപരിപാലനത്തിന് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഓരോ പുതിയ വാഹനം നൽകുമെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മൃഗങ്ങൾക്ക് ചികിത്സ നൽകാൻ ഡോക്ടർമാർക്ക് കർഷകന്റെ വീട്ടുമുറ്റത്ത് എത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഇതിനോടകം 30 വാഹനങ്ങൾ നൽകി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. പന്ന്യന്നൂർ പഞ്ചായത്തിൽ പുതുതായി നിർമിച്ച ആധുനിക വെറ്ററിനറി ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

7. കേരളത്തിലെ കാർഷികവിളകൾക്ക് നിഷ്കർഷിച്ചിട്ടുള്ള സ്കെയിൽ ഓഫ് ഫിനാൻസ് മാനദണ്ഡങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് പുനരാവിഷ്കരണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ബാങ്ക് ഉദ്യോഗസ്ഥർ, നബാർഡ്, കൃഷിവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ കാർഷിക വിളകൾക്കുള്ള സ്കെയിൽ ഓഫ് ഫിനാൻസ് മാർഗനിർദേശങ്ങൾ പരിശോധിക്കുന്നതിനും നിലവിലെ സ്കെയിൽ ഓഫ് ഫിനാൻസ് തയ്യാറാക്കുന്ന രീതികളും പ്രശ്നങ്ങളും ചർച്ചചെയ്യുന്നതിനും വേണ്ടിയാണ് യോഗം ചേർന്നത്. അസം,​ ത്രിപുര,​ ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓരോ വിളകളുടെയും സ്കെയിൽ ഓഫ് ഫിനാൻസ് നിശ്ചയിക്കുന്നതിന് മികച്ച സംവിധാനമുണ്ടെന്നും ഇത്തരം ആശയങ്ങൾ കേരളത്തിനും സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

8. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ കേരസമിതി രൂപീകരണത്തിന് തുടക്കം. മേത്താനം വാർഡിൽ സംഘടിപ്പിച്ച പ്രഥമ കേര സമിതി രൂപീകരണയോഗം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് ഉദ്ഘാടനം ചെയ്തു. എല്ലാ വാർഡുകളിലും കേരസമിതി രൂപീകരിക്കുക, മുഴുവൻ നാളികേര കർഷകരും കേരഗ്രാമം പദ്ധതിയുടെ ഗുണഭോക്താക്കളാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പത്തംഗ വാർഡുതല കേരസമിതിയും രൂപീകരിച്ചു.

9. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നാട്ടിക ശ്രീനാരായണ കോളേജിൽ കരനെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പുത്സവം കോളേജ് പ്രിൻസിപ്പാൾ ഡോ. ജയ പി.എസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ കമല ശ്രീകുമാറിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർഥികളും അധ്യാപകരും കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി 4 ഏക്കർ കൃഷിയിടത്തിൽ വാഴ, കപ്പലണ്ടി, മധുരക്കിഴങ്ങ്, വഴുതന, കുമ്പളങ്ങ, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

10. സൗദി അറേബ്യയിൽ സംഘടിപ്പിച്ച ഏറ്റവും വലിയ കാർഷിക പ്രദർശനമേള സമാപിച്ചു. റിയാദ് ഇൻറർനാഷനൽ എക്സിബിഷൻ സെന്ററിൽ ഈ മാസം 17നാണ് മേള ആരംഭിച്ചത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കാർഷികോൽപാദന, അനുബന്ധ വ്യവസായ രംഗത്തെ 450ലധികം കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. കാർഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, ഫാം പരിപാലനം, യന്ത്രങ്ങളുടെ ഉപയോഗം തുടങ്ങിയവയും വിവിധ കാർഷികോൽപന്നങ്ങളുടെ പ്രദർശനവും മേളയിൽ നടന്നു.

11. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം. തെക്കു-കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നത് മൂലം കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: Rice storage in Kerala from today agriculture malayalam news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds