1. News

സജീന്ദ്രൻ ചന്ത്രോത്ത് ചിത്രകലയുടെ വളർച്ചാവഴികളിലൂടെ.

പരിമിതമായ ബന്ധങ്ങളും സൗഹൃദങ്ങൾക്കൊള്ളുന്ന തന്റേതുമാത്രമായ ഒരു ചെറിയ ലോകത്തിൽ ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ സ്വയം ഒതുങ്ങി കഴിയാനാണ് ചിലർ ഇഷ്ട്ടപ്പെടുന്നത്.  സ്വയം ഒരുൾവലിയൽ .

ദിവാകരൻ ചോമ്പാല
t
-ദിവാകരൻ ചോമ്പാല

പരിമിതമായ ബന്ധങ്ങളും സൗഹൃദങ്ങൾക്കൊള്ളുന്ന തന്റേതുമാത്രമായ ഒരു ചെറിയ ലോകത്തിൽ ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ സ്വയം ഒതുങ്ങി കഴിയാനാണ് ചിലർ ഇഷ്ട്ടപ്പെടുന്നത്.  സ്വയം ഒരുൾവലിയൽ .

പദവിയോ പ്രശസ്‌തിയോ ഒന്നും ഇവർ ഒട്ടും ആഗ്രഹിക്കുന്നുമില്ല .
ഏത് സാഹചര്യത്തിലായാലും മുൻ നിരയിലേയ്ക്ക് ഇടിച്ചുകയറാൻ  തടിമിടുക്ക് കാണിക്കുന്നവരാണ് നമ്മിൽ പലരും .
എന്നാൽ അർഹിക്കുന്നതിലേറെ കഴിവുകളുണ്ടായിട്ടും അംഗീകരിക്കപ്പെടാനോ അറിയപ്പെടാനോ അശേഷം  ആഗ്രഹമില്ലാത്ത ശുദ്ധ നാട്ടുമ്പുറത്തുകാരനായ ഒരു യുവ ചിത്രകാരനെ പരിചയപ്പെടുത്തുന്നു .
സജീന്ദ്രൻ ചന്ത്രോത്ത് .
ചോമ്പാലയിലെ തട്ടോളിക്കര സ്വദേശി .
ഏതാനും വർഷങ്ങളായി കുടുംബസമേതം ബഹറിനിൽ.
ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്സ് മാൻ എന്ന പദവിയിൽ ബഹറിനിൽ ഡിസൈനറായിട്ട് വർഷങ്ങളേറെ .
തിരക്കിട്ട പ്രവാസി ജീവിതത്തിനിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ കുറഞ്ഞത് ആഴ്ചയിൽ ഒരു ചിത്രം എന്ന നിലയിൽ സജീന്ദ്രൻ വരച്ചുതുടങ്ങിയിട്ടും  വർഷങ്ങളായി .
 ചെറുതും വലുതുമായി ഒരുപാട് ചിത്രങ്ങൾ  .
എന്തിന് വരക്കുന്നു എന്ന ചോദ്യത്തിന്ന് സ്ഥിരം ഉത്തരം ഒന്ന് മാത്രം -''ഓ ,ചുമ്മാ വെറുതെ ,ഒരുമനഃ സുഖത്തിന് ''.
'' ആയിരം വാക്കുകളേക്കാൾ ഏറെ വിലപ്പെട്ടതാണ് ഒരു ചിത്രം ''-
വിപുലമായ ഇദ്ദേഹത്തിന്റെ ചിത്ര ശേഖരത്തിലൂടെ കണ്ണോടിച്ചുപോകുമ്പോൾ അറിവുള്ള ആരോ പറഞ്ഞ വാക്കുകൾ ആവർത്തിക്കാൻ തോന്നുന്നു .

മനസ്സിൽ വിരിഞ്ഞുണരുന്ന ആശയങ്ങൾ ചിത്രരൂപേണ ഏതെങ്കിലുമൊരു മാധ്യമത്തിലേയ്ക്ക് ആവിഷ്ക്കരിക്കുന്നത്‌ അഥവാ പകർത്തുന്നതാണ് ചിത്രകലയെങ്കിൽ സജീന്ദ്രൻ ചന്ത്രോത്ത് അനുവർത്തിച്ചുവരുന്നതും അതൊക്കെത്തന്നെ .
അദ്ദേഹത്തിൻറെ ചിത്രങ്ങളിലെ വേറിട്ട ദൃശ്യസംസ്‌കാരം ശരാശരി നിലവാരത്തിലുള്ള ആസ്വാദകർക്കുപോലും ഏറെ ഹൃദ്യം .
വരയുടെ മികവും മിഴിവും സൗന്ദര്യവും അതിലേറെ.
ജലച്ചായം. ഏണ്ണച്ചായം ,അക്രിലിക് ,തുടങ്ങി ഡിജിറ്റൽ ചിത്രകലാ സങ്കേതങ്ങളിൽ വരെ കൈവെച്ചുനോക്കാൻ ഈ ചെറുപ്പക്കാരൻ മടി കാണിക്കാതെയുമല്ല  .
സജീന്ദ്രനെന്ന ഈ ചിത്രകാരൻ ചിത്രകലയുമായി ബന്ധപ്പെട്ടതിൻറെ അടിവേരുകൾ തിരഞ്ഞുപോയാൽ  പറയാനേറെ .
ജന്മവാസന എന്നത് പതിവ് പ്രയോഗമാണെങ്കിലും കുഞ്ഞു പ്രായത്തിലെ കരിക്കട്ടകൾ കൊണ്ടും  മൺകട്ടകളും കൊണ്ടും  വീട്ടിലെ ചുമരുകളിൽ വ്യക്തതയില്ലാത്ത രൂപങ്ങൾ കോറിയിട്ടതിൻറെ പേരിൽ  തല്ലു വാങ്ങിക്കൂട്ടുന്നതിൽ സജീന്ദ്രൻ എന്ന കൊച്ചുകുട്ടി ഏറെ മുന്നിൽ .
സ്‌കൂൾ ജീവിതം തുടങ്ങുന്നത് തട്ടോളിക്കര സ്‌കൂളിൽ നിന്ന് .
സ്‌കൂളിലെ ഡ്രോയിംഗ്  മാസ്റ്റർ കണ്ണൂക്കര സ്വദേശി കുഞ്ഞിരാമൻ മാസ്റ്റർ .
സജീന്ദ്രൻ എന്ന കൊച്ചുകുട്ടിയുടെ വാസനാവൈഭവത്തിന് വളമിട്ടതും പരിപോഷിപ്പിച്ചതും തുടക്കക്കാരനായി കുഞ്ഞിരാമൻ  മാസ്റ്റർ .
ചിത്ര രചനയുടെ ബാലപാഠങ്ങൾ കുഞ്ഞിരാമൻ മാസ്റ്റർ പകർന്നു നൽകിയതിനുപുറമെ അദ്ധേഹത്തിന്റെ പ്രോത്സാഹനവും ഏറെ.
 സജീന്ദ്രൻ എന്ന കുട്ടി അമ്മ  മാണി അമ്മക്കൊപ്പം കല്ലാമലയിൽ ഒരിടത്തു നടന്ന നാഗപ്പാട്ട് കാണാൻ പോയി .

വീട്ടിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകുന്ന ഭാഗ്യദോഷങ്ങൾക്കും രോഗപീഡകൾക്കും  മൂലകാരണം സർപ്പദേവതയുടെ  ദോഷമാണെന്ന് വിശ്വസിച്ചിരുന്ന ഒരു ജനവിഭാഗം  പ്രതിവിധിയായി നടത്തിയിരുന്ന അനുഷ്‌ഠാനമാണ്  സർപ്പം തുള്ളൽ അഥവാ നാഗപ്പാട്ട് .
ധൂളീ ചിത്രരീതിയിലാണ് ഇവിടെ മണിപ്പന്തലിൽ കളമൊരുക്കുന്നത് .അരിപ്പൊടി ,മഞ്ഞൾ പൊടി ,കരിപ്പൊടി ,വാകപ്പൊടി തുടങ്ങിയവകൊണ്ടുള്ള കളമെഴുത്ത് കൗതുകത്തോടെ കണ്ണിമയ്ക്കാതെ നോക്കിയിരുന്ന സജീന്ദ്രൻ എന്ന കുട്ടിയുടെ മനസ്സിൽ  ശൈലീകൃതമായ ചിത്രരചനാരീതിയുടെ നിഴലാട്ടം തുടങ്ങിയതുമങ്ങിനെ .
 കോറോത്ത് റോഡിലെ സംസാരശേഷിയില്ലാത്ത ഗുരുക്കൾ ഗണപതി ഹോമം നടത്താൻ വീട്ടിലെത്തിയാലും സജീന്ദ്രന്റെ ശ്രദ്ധ അദ്ദേഹം ഗണപതി ഹോമത്തിനൊരുക്കുന്ന കളത്തിൻറെ നിർമ്മാണരീതിയിൽ.
 
വീടിനടുത്തുള്ള മലോൽ ക്ഷേത്രത്തിലെ തിറ കാണാൻ കൂട്ടുകാരോടൊപ്പം പോയ സമയത്താണ് തെയ്യം കെട്ടി ആടുന്ന ആളുടെ മുഖത്ത് ചായം തേക്കുന്നത് സജീന്ദ്രന്റെ കണ്ണിൽ പെടുന്നത്.
തിറ കെട്ടുന്ന ആളുടെ അഥവാ അനുഷ്‌ഠാന കല അവതരിപ്പിക്കുന്ന കലാകാരൻറെ മുഖത്ത്  ചായക്കൂട്ടുകൾ കൊണ്ട് മുഖത്തെഴുത്ത് നടത്തുന്നത് ശ്രദ്ധാപൂർവ്വം നോക്കി കാണുന്നതിലായിരുന്നുവത്രെ സജീന്ദ്രൻ എന്ന കുട്ടിയുടെ സന്തോഷം .
ചുകന്ന ചെമ്പരത്തിപ്പൂവും മഞ്ഞളും അടുപ്പിലെ കരിയുമെല്ലാം തോണ്ടിയെടുത്ത് ചന്ത്രോത്തെ സിമെന്റ് പൂശിയ മുറ്റത്ത് കുട്ടിയായ സജീന്ദ്രൻ കളമെഴുത്ത് നടത്തി കളിച്ചതും ഞാൻ മറന്നിട്ടില്ല .
വളരെ ചെറുപ്പത്തിലേ ഓണത്തിന് പൂക്കളമിടാൻ സ്വന്തം വീട്ടിലെ കോലായിൽ വലിയ പൂക്കളം വരക്കാൻ ചോക്കുമായിരിക്കും വള്ളിനിക്കറിട്ട  ഈ  കൊച്ചു പയ്യൻ .
തൊട്ടടുത്ത വീടുകളിലും ഓണപ്പക്കളം ഒരുക്കാൻ മുഖ്യ സഹകാരിയായി സജീന്ദ്രനുമുണ്ടാകും .
ജ്യേഷ്ഠസഹോദരനായ ഹരീന്ദ്രനും ജന്മവാസന ചിത്രകലയിൽ .
ജ്യേഷ്ഠൻ നോട്ടുബുക്കുകളിൽ വരച്ചിട്ട ചിത്രങ്ങൾ നോക്കി വരക്കലായി പിന്നെ .
ഹരീന്ദ്രന്റെ പ്രോത്സാഹനവും കൂടിയായപ്പോൾ സജീന്ദ്രന് വര ഒരു ലഹരിയായി .
ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് സ്‌കൂൾ ഓഫ് ആർട്സിൽ പഠനം .
തുടർന്നു മാഹി മലയാള കലാഗ്രാമത്തിൽ 3 വർഷക്കാലത്തെ ചിത്രരചനാപഠനം .

കേരളത്തിലെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവും പ്രമുഖ വാസ്തുശിൽപിയും വാഗ്മിയുമായ ശ്രീ എം .വി ദേവൻറെയും വരയുടെ തമ്പുരാനായ ആർട്ടിസ്ററ്  നമ്പൂതിരിയുടെയും ശിക്ഷണം സ്വീകരിക്കാൻ  ഈ കാലയളവിലാണ്  സജീന്ദ്രന് ഭാഗ്യം സിദ്ധിച്ചത് .
അമ്മാവനായ തൈക്കണ്ടി വിജയനൊപ്പം വയനാട്ടിലെ എടക്കൽ ഗുഹയിലെ ഗുഹാ ചിത്രങ്ങൾ കണ്ടതുമുതൽ കളിമണ്ണുകൊണ്ടും സിമന്റു കൊണ്ടും ശിൽപ്പനിർമ്മാണത്തിലും താൽപ്പര്യം കൂടി .
 ഉള്ളിൽ സംഗീതമുള്ളതുകൊണ്ടോ എന്തോ ഈ കാലയളവിൽ തന്നെ  തബല പഠിക്കാനും കർണ്ണാട്ടിക്ക് സംഗീതം പഠിക്കാനും തുടക്കമായി .
ആദ്യഗുരു തലശ്ശേരിയിലെ ശ്രീജയൻ  മാസ്റ്റർ .
കൂട്ടത്തിൽ പുല്ലാങ്കുഴലിലും ഒരു കൈ നോക്കാൻ സജീന്ദ്രൻ മറന്നില്ല .ഇക്കാര്യത്തിൽ മൂത്ത സഹോദരൻ സുരേന്ദ്രൻറെ പ്രോത്സാഹനവും ഏറെ വിലപ്പെട്ടത് .
ആദ്യമായി പുല്ലാങ്കുഴൽ വാങ്ങി അനുജന് നൽകിയത് സുരേന്ദ്രൻ .
മുക്കാളിയിൽ ആയുർവ്വേദ ഷോപ്പ് നടത്തിയ അച്ഛൻ കുഞ്ഞിരാമൻ വൈദ്യർ  മക്കളുടെ താൽപ്പര്യങ്ങൾക്ക് തടയിടാത്ത വേറിട്ട വ്യക്തിത്വം.
വീട്ടിൽ ഒരു ഭാഗത്ത് ഹരീന്ദ്രന്റെ വക ഫീഡിൽ വായനയും പുല്ലാങ്കുഴൽ വിളിയും.
 മറ്റൊരു മുറിയിൽ സജീന്ദ്രന്റെ തബലമുട്ട്  .രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോഴും കുഞ്ഞിരാമൻ വൈദ്യർക്ക്  അതൊരു രസമായിരുന്നു .അശേഷം ശല്യമായി കണ്ടതുമില്ല.  
അമ്മ മാണിയമ്മയും മക്കളുടെ കാലാവാസനയിൽ അതീവസന്തുഷ്ഠ .  
ഏതാനും കൊല്ലങ്ങൾക്ക്  മുൻപ്  മാഹി മലയാള കലാഗ്രാമത്തിൽ നടന്ന ചിത്ര പ്രദർശനത്തിൽ സജീന്ദ്രൻ വരച്ച ചില ചിത്രങ്ങൾക്കും ഇടം ലഭിച്ചത് ഭാഗ്യമായി അയാൾ കരുതുന്നു .
പ്രദർശനം കാണാനെത്തിയ ജർമ്മൻകാരായ വിദേശികൾ സജീന്ദ്രനെ നേരിൽ കണ്ട്  അനുമോദിക്കുകയുണ്ടായി .മാത്രവുമല്ല കലാഗ്രാമത്തിലെ സന്ദർശകർക്കായുള്ള പുസ്‌തകത്തിൽ  സജീന്ദ്രൻറെ ചത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നുവെന്ന അവരുടെ അഭിപ്രായം  നിറഞ്ഞമനസ്സോടെ രേഖപ്പെടുത്താനും അവർ മറന്നില്ല .
പ്രദർശനത്തിന് വെച്ചിരുന്ന സജീന്ദ്രൻറെ ചില പെയിന്റിംഗുകൾ ചെന്നൈയിലുള്ള ചില ആസ്വാദകർ സാമാന്യം നല്ല വിലനൽകി സ്വന്തമാക്കിയെന്നതും ഏറെ അഭിമാനപൂർവ്വം പറയാതെ വയ്യ.
ചായക്കൂട്ടുകൾ കൊണ്ട് വരച്ചെടുക്കുന്ന ചിത്രങ്ങളേക്കാൾ മികച്ചതാണ് , എളുപ്പമുള്ളതാണ് ഫോട്ടോഗ്രാഫി എന്ന പൊതുബോധത്തിനിടയിലും ശ്രീശ്രീ രവിശങ്കർജിയുടെ പോർട്രൈറ്റ് വരക്കാൻ സജീന്ദ്രൻ സമയം കണ്ടെത്തി   .
ചിത്രരചനയോടൊപ്പം ഫോട്ടോഗ്രാഫിയിലും ഇദ്ദേഹത്തിന് മിടുക്കേറെ .
മൂടാടി ആശ്രമത്തിൽ വെച്ച് ശ്രീശ്രീരവിശങ്കർജിയെ നേരിൽകണ്ട്  അദ്ദേഹത്തിനായി ചിത്രസമർപ്പണം നടത്താൻ അവസരം ലഭിച്ചത് മറ്റൊരു ഭാഗ്യമുഹൂർത്തമായി  ഇദ്ദേഹം കരുതുന്നു.
മാതാ  അമൃതാന്ദമായിയുടെ ജന്മ ദിനത്തിൽ ആഗോളതലത്തിൽ നടന്ന ചിത്രകാരന്മാരുടെ കൂട്ടായ്‌മയിൽ ചിത്രം വരക്കാനും ഗോൾഡ് മെഡൽ സ്വീകരിക്കാനും  ഈ യുവാവിന് അവസരമൊരുക്കിയത് പ്രശസ്‌ത ചിത്രകാരൻ പാരീസ് മോഹൻ കുമാർ  .
 '' എത്രയും പരിമിതമായ  രേഖകൾ മാത്രമുപയോഗിച്ചുകൊണ്ട് സജീന്ദ്രൻ വരച്ച ചിത്രങ്ങളിലെ ഭാവ സമ്പന്നത എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട് .പരമ്പരാഗതമായ ശൈലീകൃത ചിത്ര രചനാരീതിക്ക് പുറമെ നാച്വറലിസം -റീയലിസ്റ്റിക്ശൈലികളും സ്വായത്തമാക്കിയ സജീന്ദ്രൻ  ഇനിയുമൊരുപാട് ഉയരങ്ങളിലേക്ക് എത്തുമെന്നുറപ്പ്  ''
-പാരീസ് മോഹൻ കുമാർ എന്ന പ്രമുഖ ചിത്രകാരൻ  ഈ അടുത്ത ദിവസം എന്നോട് പറഞ്ഞതങ്ങിനെ .
പാരീസ് മോഹൻകുമാറുമായി അകലാൻ പറ്റാത്ത ഒരാത്മബന്ധമാണ് സജീന്ദ്രൻ  ഇപ്പോഴും  സൂക്ഷിക്കുന്നതെന്നുവേണം കരുതാൻ .
ഒരനുജനോടോ മകനോടോ ഉള്ള വാൽസല്യം സജീന്ദ്രനുമായി പാരീസ്‌മോഹൻ കുമാറും സൂക്ഷിക്കുന്നതായി തോന്നി .

കൊടും പട്ടിണി കാരണം വിശപ്പ് സഹിക്കാനാവാതെ നാല് വറ്റുള്ള വെള്ളം കുടിക്കാൻ  ആരുടെയോ അൽപ്പം അരിമണികൾ മോഷ്ട്ടിക്കേണ്ടിവന്ന അട്ടപ്പാടിയിലെ മാനസിക അസ്വാസ്ഥ്യമുള്ള മധു എന്ന ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്ന നാട്ടുനീതി അഥവാ  കാട്ടുനീതിയുടെ നേർക്കാഴ്ചയായാണ്  സജീന്ദ്രൻ വരച്ച മധുവിന്റെ മറ്റൊരു ചിത്രം .
ഈ ചിത്രത്തിൽ  നോക്കിയിരിക്കുമ്പോൾ സഹതാപത്തെക്കാളേറെ അടിച്ചമർത്താൻ പറ്റാത്ത മറ്റെന്തൊക്കെയോ വികാരങ്ങളാണ് മനസ്സിൽ നുരച്ചുപൊങ്ങിയത് .
കരയെ വിഴുങ്ങാനടക്കുന്ന കലിയടങ്ങാത്ത കടൽപോലെ .നമ്മളിലോരോരുത്തരിലും ഉള്ളിലുറങ്ങുന്ന മൃഗം ഉണരുന്നതും ഇത്തരം ഘട്ടങ്ങളിലാണെന്നതും വ്യക്തം .
സഹസ്രാബ്‌ദങ്ങളോളം കാലപ്പഴക്കമുള്ള മൂന്നു ചുമർ ചിത്രങ്ങളടക്കം വടക്കേ മലബാറിലെ 

 നാൽപ്പതിലേറെ പ്രാചീന ചുമർചിത്രകേന്ദ്രങ്ങളെ  ഗവേഷണ വിഷയമാക്കുകയും അവയെല്ലാം തന്നെ വരും തലമുറക്കായി ഡോക്യുമെന്റ് ചെയ്യുകയും ചെയ്‌ത പ്രശസ്‌ത ചിത്രകാരൻ കെ .കൃഷ്ണകുമാർ എന്ന കെ കെ മാരാർ തുടങ്ങിയവരുമായി അടുത്തിടപെടാനും ചിത്രകലയുടെ കാണാക്കാഴ്ചകളിലേക്ക്‌ കണ്ണയക്കാനും കൂടുതൽ അവസരങ്ങൾ  കൈവന്നതിൽ  മാഹി മലയാള കലാഗ്രാമം സജീന്ദ്രനെ ഏറെ സഹായിച്ചിട്ടുണ്ട്.
 .രേഖാ ചിത്രങ്ങൾ ,മ്യുറൽ ,ഡൂഡിൽ ആർട് ,പെൻസിൽ ഡ്രോയിങ് ,കാരിക്കേച്ചർ ,പോർട്രേറ്റ് .ഫാബ്രിക് പെയിന്റിംഗ് തുടങ്ങി കൈയ്യെത്തി തൊടാവുന്ന ചിത്രകലാമാധ്യമങ്ങളിലൂടെയെല്ലാം കൈത്തഴക്കം വീണനിലയിൽ കടന്നുപോകുന്ന സജീന്ദ്രൻ ചന്ത്രോത്ത് എന്ന ഈ  നിശ്ശബ്ദ ചിത്രകാരൻ എൻറെ  അയൽക്കാരനാണെന്നു പറയുന്നതിൽ എനിക്കഭിമാനമുണ്ട് .ആദരവുണ്ട് .സന്തോഷമുണ്ട്
താട്ടോളിക്കരയിലെ എൻറെ തറവാടു വീടുമായി ഏറെ അടുപ്പമുള്ള തൊട്ട അയൽക്കാരൻ .
 ഭാര്യ പ്രജീഷ ,മകൻ സമന്യു ചന്ത്രോത്ത് .എല്ലാവരും ഇപ്പോൾ ബഹറിനിൽ .

English Summary: Sajeendran chandroth on his classic world of drawings

Like this article?

Hey! I am ദിവാകരൻ ചോമ്പാല. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds