2019-’20-ൽ പ്ലസ്ടു പൂർത്തിയാക്കി 2020-’21-ൽ പ്രൊഫഷണൽ കോഴ്സുകൾ (എൻജിനിയറിങ്, മെഡിക്കൽ മുതലായവ) ഉൾപ്പെടെ ഏതെങ്കിലും ബിരുദതലപ്രോഗ്രാമിൽ ആദ്യവർഷത്തിൽ പഠിക്കുന്നവർക്ക് കേന്ദ്രസർക്കാർ നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
വർഷം 82,000 സ്കോളർഷിപ്പുകളാണ് സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ., വിവിധ സംസ്ഥാന ബോർഡുകൾ എന്നിവയിൽനിന്ന് പ്ലസ്ടു കഴിഞ്ഞവർക്കായി നൽകുക.
• പകുതി എണ്ണം പെൺകുട്ടികൾക്കാണ്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ പഠിച്ചവർക്ക് 3:2:1 അനുപാതത്തിലാണ് നൽകുക.
• ബിരുദപഠനത്തിന് ആദ്യ മൂന്നുവർഷം 10,000 രൂപയാണ് വാർഷിക സ്കോളർഷിപ്പ്. മാസ്റ്റേഴ്സ് പഠനം തുടർന്നാൽ മാസം 20,000 രൂപ നിരക്കിൽ രണ്ടുവർഷവും ലഭിക്കും. അഞ്ചുവർഷ കോഴ്‌സുകൾ/ഇൻറഗ്രേറ്റഡ് കോഴ്‌സുകൾ എന്നിവയിൽ ചേരുന്നവർക്കും നാല്, അഞ്ച് വർഷങ്ങളിൽ മാസം 20,000 രൂപ ലഭിക്കും. ബി.ടെക്. പോലുള്ള നാലുവർഷ സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്നവർക്ക് ആ കോഴ്സിനുമാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. പരമാവധി അഞ്ചുവർഷത്തേക്കാണ് ആനുകൂല്യം അനുവദിക്കുക.
• അപേക്ഷകരുടെ പ്രായം 18-25. പ്ലസ്ടുവിന് അപേക്ഷാർഥിയുടെ ബോർഡിൽ വിജയിച്ചവരുടെ 80-ാം പെർസൻന്റെൽ കട്ട് ഓഫിനു മുകളിൽ സ്ഥാനം നേടിയിരിക്കണം (ഉയർന്ന സ്ഥാനംലഭിച്ചവരുടെ 20-ാം പെർസൻന്റെൽ കട്ട് ഓഫിൽ ഉൾപ്പെടണം). റഗുലർ കോഴ്സിലായിരിക്കണം പഠനം. രക്ഷിതാക്കളുടെ/ കുടുംബത്തിന്റെ വാർഷികവരുമാനം എട്ടുലക്ഷം രൂപ കവിയരുത്. സംസ്ഥാന സർക്കാരിന്റേതുൾപ്പടെ മറ്റേതെങ്കിലും സ്കോളർഷിപ്പ്, ഫീസ് ഒഴിവാക്കൽ, ഫീ തിരികെ കിട്ടിൽ പദ്ധതികളിലേതെങ്കിലുമൊന്നിന്റെ ആനുകൂല്യം വാങ്ങുന്നവർ ആവരുത്.
• അപേക്ഷ www.scholarships.gov.in ൽ സെൻട്രൽ സെക്ടർ സ്കീംസ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹയർ എജ്യുക്കേഷൻ ലിങ്കുകൾ വഴി ഡിസംബർ 31 വരെ നൽകാം. അപേക്ഷയുടെ സ്ഥാപനതല ഓൺലൈൻ പരിശോധന ജനുവരി 15-നകവും സംസ്ഥാന ബോർഡ്തല പരിശോധന 31-നകവും ബന്ധപ്പെട്ടവർ പൂർത്തിയാക്കണം. വാർഷികപരീക്ഷയിൽ നിശ്ചിതമാർക്ക് വാങ്ങിയാൽ തുടർവർഷങ്ങളിൽ സ്കോളർഷിപ്പ് പുതുക്കാം.