1. News

സ്കൂൾ തുറക്കൽ: മുന്നൊരുക്കം സമയ ബന്ധിതമായി ഉറപ്പാക്കണം; മുഖ്യമന്ത്രി

സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനുള്ള നടപടികൾ പൂർത്തീകരിക്കണം.

Saranya Sasidharan
School Opening: Preparation must be time-bound; Chief Minister
School Opening: Preparation must be time-bound; Chief Minister

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സ്‌കൂൾ തുറക്കൽ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനുള്ള നടപടികൾ പൂർത്തീകരിക്കണം.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.

സ്‌കൂളും പരിസരവും വൃത്തിയാക്കണം. പി.ടി.എയുടെ നേതൃത്വത്തിൽ ജനകീയ സന്നദ്ധ പ്രവർത്തനം നടത്തി സ്‌കൂൾ ശുചീകരിക്കണം. സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകൾ, അദ്ധ്യാപക-വിദ്യാർത്ഥി-ബഹുജന സംഘടനകൾ മുതലായവയെ സഹകരിപ്പിക്കണം.

സ്‌കൂളുകളിൽ നിർത്തിയിട്ട, ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി കൈക്കൊള്ളണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കണം.

സ്‌കൂളുകളിൽ വിതരണം ചെയ്ത ഐ.ടി ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഹാർഡ്‌വെയർ ക്ലിനിക്ക് നടത്തി കമ്പ്യൂട്ടറുകളുടെയും ഇതര ഐടി ഉപകരണങ്ങളുടെയും പരിശോധന പൂർത്തീകരിച്ച് അറ്റകുറ്റ പണികൾ ആവശ്യമെങ്കിൽ നടത്തണം. പൂർണമായും ഉപയോഗശൂന്യമായവ ഒഴിവാക്കണം.

സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.

കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കി ക്ലോറിനേഷൻ അടക്കമുള്ള ജല ശുചീകരണ നടപടികൾ പൂർത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം.

സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാഭിത്തികൾ നിർമിക്കണം. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് ശ്രദ്ധിക്കണം.

സ്‌കൂൾ ബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം.

റെയിൽ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കണം.

ദുരന്ത ലഘൂകരണത്തിന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മതിയായ പരിശീലനം ലഭ്യമാക്കണം. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ സംഘടിപ്പിക്കണം.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെളളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണം.

അക്കാദമിക മികവ് ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിനായി ആവിഷ്‌ക്കരിച്ച പ്രധാന പ്രവർത്തനമായ അക്കാദമിക മാസ്റ്റർ പ്ലാൻ തുടരേണ്ടതുണ്ട്. എല്ലാ വിദ്യാലയങ്ങളും ജൂൺ 15നകം നവീകരിച്ച അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശിപ്പിക്കണം.

നാലാം ക്ലാസ്സ് പൂർത്തീകരിക്കുമ്പോഴേക്കും മുഴുവൻ കുട്ടികളും എഴുത്തിലും കണക്കിലും മികവ് പുലർത്തുമെന്ന് ഉറപ്പാക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം. സമഗ്രശിക്ഷാ കേരളം ഇതിന് മുൻകൈയ്യെടുക്കണം.

അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണ്. ഒറ്റപ്പെട്ട വിദ്യാലയങ്ങളിൽ പുസ്തകങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ സൂക്ഷ്മമായി പരിശോധിച്ച് പാഠപുസ്തകങ്ങൾ ലഭ്യമായി എന്ന് ഉറപ്പാക്കണം.

മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങൾക്ക് പ്രത്യേക പ്രവർത്തന പാക്കേജ് വികസിപ്പിക്കണം. തീരദേശ നിവാസികളായ മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നുവെന്ന് ഉറപ്പാക്കണം. പഠന പിന്തുണയ്ക്കായി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ എം.ബി. രാജേഷ്, ആന്റണി രാജു, കെ. കൃഷ്ണൻ കുട്ടി, ചീഫ് സെക്രട്ടറി വി.പി. ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

English Summary: School Opening: Preparation must be time-bound; Chief Minister

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds