1. News

കർഷക വരുമാനം ഇരട്ടിപ്പിക്കുന്നതിന് ലളിതമായ മാർഗം മൂല്യ വർദ്ധനവ് : കൃഷി മന്ത്രി പി. പ്രസാദ്

കൃഷികൊണ്ട് അന്തസ്സാർന്ന ജീവിതം നയിക്കുവാൻ കഴിയുംവിധം കർഷകന് വരുമാന വർദ്ധനവ് ഉണ്ടാക്കുവാൻ മൂല്യവർദ്ധന മേഖലയ്ക്ക് സാധ്യമാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു.

Arun T
RE
കൃഷിമന്ത്രി പി പ്രസാദ് (നടുക്ക് )

കൃഷികൊണ്ട് അന്തസ്സാർന്ന ജീവിതം നയിക്കുവാൻ കഴിയുംവിധം കർഷകന് വരുമാന വർദ്ധനവ് ഉണ്ടാക്കുവാൻ മൂല്യവർദ്ധന മേഖലയ്ക്ക് സാധ്യമാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. കാർഷിക അധിഷ്ഠിത വ്യവസായ സംരംഭങ്ങളിലേക്ക് കർഷകരും പുതു സംരംഭകരും കടന്നു വരേണ്ടതുണ്ട്. അവരെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുക്കുമെന്ന് "വൈഗ - ഇന്നലെ, ഇന്ന്, നാളെ " എന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മന്ത്രി പറഞ്ഞു .

കാർഷിക ഉത്പാദനം വർദ്ധിക്കണമെങ്കിൽ കൂടുതൽ ജനങ്ങൾ കൃഷിയിലേക്ക് താല്പര്യത്തോടെ കടന്നു വരണം. അത്തരത്തിൽ കൃഷിവകുപ്പ് സംഘടിപ്പിച്ച മഹത്തായ ഒരു ക്യാമ്പയിനാണ് ഞങ്ങളും കൃഷിയിലേക്ക്. ക്യാമ്പയിന്റെ ഭാഗമായി 10000 കൃഷിക്കൂട്ടങ്ങൾ സൃഷ്ടിക്കുവാൻ ആലോചിച്ചുവെങ്കിലും 26,000 ത്തോളം കൃഷി കൂട്ടങ്ങൾ ഇതിനകം തന്നെ സൃഷ്ടിക്കപ്പെട്ടു. കൃഷിയോടുള്ള താൽപര്യവും സുരക്ഷിത ഭക്ഷണമെന്ന ആശയവും ജനങ്ങൾ സ്വീകരിച്ചുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

80% കൃഷികൂട്ടങ്ങളെ ഉൽപാദന മേഖലകളിലും ശേഷിക്കുന്നവരെ സംഭരണം, സംസ്കരണം, വിപണനം എന്നീ മേഖലകളിലേക്ക് വഴി കാണിക്കുമെന്നും, ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന തരത്തിൽ ഉൽപ്പന്നങ്ങൾ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ തയ്യാറാക്കുന്ന കാർഷിക ഉത്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിപണികളിൽ ഉൾപ്പെടെ എത്തിക്കുമെന്നും അതിന്റെ ആദ്യപടിയായി "കേരൾ അഗ്രോ" എന്ന ബ്രാൻഡിൽ കൃഷിവകുപ്പിന്റെ 65 ഉത്പന്നങ്ങളെ ഓൺലൈനിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.

കർഷകന്റെ വരുമാന വർദ്ധനവ് മുൻനിർത്തി കൃഷി അനുബന്ധ വകുപ്പുകളുൾപ്പെടെ 11 വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് കേര ( KERA) പ്രോജക്ടിന്റെ കൂടി സഹായത്തോടെ മൂല്യ വർദ്ധിത കൃഷി മിഷൻ എന്ന 2109 കോടി രൂപയുടെ പദ്ധതി ജനങ്ങളിലേക്കെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനുപുറമേ കർഷകരുടെ പങ്കാളിത്തത്തോടെയുള്ള അഗ്രി ബിസിനസ് കമ്പനി (KABCO) സർക്കാരിന്റെ മൂന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായി യാഥാർത്ഥ്യമാക്കും.

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈഗയിൽ ആരംഭിച്ച ഡി പി ആർ ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും രണ്ടുമാസത്തിലൊരിക്കൽ വീണ്ടും സംഘടിപ്പിക്കുമെന്നും, കർഷകരുടെ 39.76 കോടി രൂപയുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനായി സംഭരണ ഏജൻസികളുമായി വൈഗ ബി2ബി മീറ്റിൽ ഇന്റന്റ് ഒപ്പുവയ്ക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വൈഗക്ക് തുടർച്ചയുണ്ടാകുമെന്നും പതിനാല് ജില്ലകളിലും വൈഗ റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി ചർച്ചയിൽ പറഞ്ഞു.

കർഷകർക്ക് സുസ്ഥിരമായ വരുമാനം സൃഷ്ടിക്കുന്നതിനാണ് വൈഗ എന്ന ആശയം തയ്യാറാക്കിയതെന്നും ആറാമത് പതിപ്പിലേക്ക് എത്തിയ വൈഗക്ക് ശരിയായ ദിശാബോധം ലഭിച്ചുവെന്നും മുൻ കൃഷിവകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. കാർഷിക മേഖലയിലെ വ്യവസായ അധിഷ്ഠിത പ്രവർത്തനങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തണമെന്നും അഗ്രോ പാർക്കുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉൽപാദനം ഉണ്ടാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനുള്ള വേദികളായി വൈഗ മാറിയെന്ന് എം എൽ എയും മുൻകൃഷി വകുപ്പ് മന്ത്രിയുമായ കെ. പി മോഹനൻ അഭിപ്രായപ്പെട്ടു. കാർഷികോൽപാദന കമ്മീഷണർ ബി അശോക്, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഹോർട്ടി കോർപ്പ്‌ ചെയർമാൻ അഡ്വ. എസ് വേണുഗോപാൽ, കാർഷിക സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രൊ. (ഡോ). പി രാജേന്ദ്രൻ, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ ഡോ രാജശേഖരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

English Summary: STEPS TO INCREASE THE INCOME OF FARMERS

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds