പ്രകൃതിയോട് ചേർന്ന് നിൽക്കാൻ മനുഷ്യനെ പ്രേരിപ്പിച്ച മനുഷ്യൻ. സുന്ദർലാൽ ബഹുഗുണ. "ആവാസവ്യവസ്ഥയാണ് സ്ഥിര സമ്പത്ത്" എന്ന സന്ദേശം മാനവരാശിക്ക് പകർന്ന് ജീവിതം പരിസ്ഥിതിക്കായി സമർപ്പിച്ച സ്നേഹരൂപം ഓർമ്മയായി.
സുന്ദർലാൽ ബഹുഗുണയുടെ വിയോഗത്തിലൂടെ നഷ്ടമായത് പരിസ്ഥിതിയുടെ കാവലാളിനെയാണ് . വികസനപ്രവർത്തനങ്ങൾ പരിസ്ഥിതിയെ എത്രകണ്ട് ദോഷകരമായി ബാധിക്കുന്നു എന്ന് മനസ്സിലാക്കിയാണ് അദ്ദേഹം ചിപ്കോ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. പരിസ്ഥിതിക്കായി അദ്ദേഹം നടത്തിയ ഓരോ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായുണ്ടായ ചിപ്കോ പ്രസ്ഥാനത്തിലൂടെ അദ്ദേഹം നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.
ചിപ്കോ എന്ന വക്കിൽ തന്നെ അതിന്റെ ആത്മാവ് ചേർന്നിരിക്കുന്നു. ചേർന്ന് നിൽക്കുക എന്നാണ് ചിപ്കോ എന്ന ഹിന്ദി വാക്കിന്റെ അർത്ഥം തന്നെ. വനനശീകരണത്തിനെതിരെ 1973 ൽ ആണ് അഹിംസാ പ്രക്ഷോഭമായ ചിപ്കോ ആന്തോളൻ എന്ന സംഘടനയ്ക്ക് സുന്ദർലാൽ ബഹുഗുണ രൂപം നൽകി. ഗ്രാമീണരുടെ പ്രതിഷേധങ്ങൾ വക വയ്ക്കാതെ ഉത്തർ പ്രദേശ് സർക്കാർ ചമോലി ജില്ലയിലെ ഇന്നത്തെ ഉത്തരാഖണ്ഡ് , റെനി ഗ്രാമത്തിൽ 2500 മരങ്ങൾ മുറിക്കാൻ കരാർകാർക്ക് അനുമതി നൽകി. 1974 മാർച്ച് 25 ന് മരം മുറിക്കാനെത്തിയ തൊഴിലാളികളെ നാട്ടുകാരായ ഗൗരാദേവി,സുധേശാ ദേവി, ബച് നീ ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള പെൺപട തടഞ്ഞു. ഇവർ മരത്തെ ചുറ്റിക്കെട്ടി നിന്ന് മരം മുറിക്കാനെത്തിയവരെ തടയുന്നതിന്റെ ദൃശ്യങ്ങൾ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
നാല് ദിവസങ്ങൾക്ക് ശേഷം മരം മുറിക്കൽ നടക്കില്ലെന്ന് തിരിച്ചറിഞ്ഞു കരാറുകാർ തിരികെ പോയി. 1980 ൽ 15 വർഷത്തേക്ക് ഹിമാലയൻ മേഖലയിൽ വനനശീകരണം നിരോധിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടതോടെ ചിപ്കോ സമരം വൻ വിജയമായി. പിന്നീടിങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിസ്ഥിതി സമരങ്ങളിലെല്ലാം മരത്തെ പുൽകുന്ന ഈ മാനവ സ്നേഹത്തിന്റെ മാതൃകകൾ ആണ് കണ്ടത്.
1987 ൽ ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ് ലി ഹുഡ് പുരസ്കാരവും ലഭിച്ചു. ചിപ്കോ പ്രസ്ഥാനത്തിന്റെ സാരഥിയുടെ വിയോഗത്തോടെ പരിസ്ഥിതി സംരക്ഷണത്തിന് ദിശാബോധം നൽകിയ ഒരു മഹത് വ്യക്തിയെയാണ് നഷ്ടപ്പെട്ടത്.