1. News

ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കി മാറ്റുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

ആരോഗ്യ സംവിധാനത്തിൽ കേരളം ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. എന്നാൽ എൻ.എഫ്.എച്ച്.എസ്. 5 സർവേ പ്രകാരം മുലയൂട്ടൽ സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരേണ്ടതുണ്ടെന്നാണ് കാണുന്നത്. 41.8% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ജനിച്ചു ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കുന്നത്.

Saranya Sasidharan
The goal is to make hospitals mother and child friendly: Minister Veena George
The goal is to make hospitals mother and child friendly: Minister Veena George

സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 17 സർക്കാർ ആശുപത്രികളും 27 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 44 ആശുപത്രികൾക്കാണ് മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് സർട്ടിഫിക്കേഷൻ ലഭിച്ചത്. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും വേണ്ടിയുള്ള ഈ ആശുപത്രികളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടൽ വാരാചരണം സംസ്ഥാനതല ഉദ്ഘാടനവും മദർ ആന്റ് ബേബി ഫ്രണ്ട്ഡി ഹോസ്പിറ്റൽ ഇനീഷ്യേറ്റീവ് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ സംവിധാനത്തിൽ കേരളം ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. എന്നാൽ എൻ.എഫ്.എച്ച്.എസ്. 5 സർവേ പ്രകാരം മുലയൂട്ടൽ സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരേണ്ടതുണ്ടെന്നാണ് കാണുന്നത്. 41.8% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ജനിച്ചു ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കുന്നത്. 63.7% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ആറ് മാസക്കാലം സമ്പൂർണമായി മുലപ്പാൽ ലഭിക്കുന്നത്. ഇത് നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്ന നിർണായക മേഖലകളാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് മദർ ആന്റ് ബേബി ഫ്രണ്ട്ലി ഇനിഷ്യേറ്റീവ് ആരംഭിച്ചത്.

ഭവന കേന്ദ്രീകൃതമായ ഹോം ബേസ്ഡ് ചൈൽഡ് കെയർ പ്രോഗ്രാം എന്ന പേരിൽ മറ്റൊരു അഭിമാനകരമായ പരിപാടി കൂടി കേരളം നടപ്പാക്കാൻ ഒരുങ്ങുകയാണ്. ആദ്യ ആഴ്ച മുതൽ ഒന്നര വയസ് വരെയുള്ള കുട്ടികൾക്കായി ആശാ വർക്കർമാരിലൂടെ നടത്തുന്ന കേന്ദ്രീകൃത ഭവന സന്ദർശനമാണ് പരിപാടി വിഭാവനം ചെയ്യുന്നത്. വളർച്ചയും വികാസവും നിരീക്ഷിക്കുന്നതിന് പുറമേ, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാനും അമ്മയുടെയും കുഞ്ഞിന്റേയും ക്ഷേമം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും പ്രധാനം സാമ്പത്തിക ശാക്തീകരണമാണ്. തൊഴിലിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ആവശ്യമാണ്. 2017ലെ ആക്ട് പ്രകാരം 50 വനിതകളുള്ള സ്ഥാപനങ്ങളിൽ ശിശു പരിപാലന കേന്ദ്രം ആരംഭിക്കണം. മാരകമായ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും രോഗങ്ങൾക്കെതിരെയുള്ള വലിയ കവചവുമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ അവകാശമാണ് മുലപ്പാൽ. അതിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജൂഡിറ്റ് മോറിസ്, ചെൽഡ് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. യു.ആർ. രാഹുൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ക്വാളിറ്റി അഷുറൻസ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ജി.ജി. ലക്ഷ്മി, യൂണിസെഫ് പ്രതിനിധി കൗശിക് ഗാംഗുലി, ഡോ. വി.എച്ച്. ശങ്കർ, ഡോ. രാജശേഖരൻ, ഡോ. റിയാസ്, ഡോ. പി.എസ്. സോന, ഡോ. ടി.പി. ജയരാമൻ, ഡോ. കെ. രാജമോഹനൻ എന്നിവർ പങ്കെടുത്തു.

English Summary: The goal is to make hospitals mother and child friendly: Minister Veena George

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds