1. News

ജി20 കാർഷിക മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ജി20 കാർഷിക മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു.

Meera Sandeep
The Prime Minister addressed the meeting of G20 Agriculture Ministers
The Prime Minister addressed the meeting of G20 Agriculture Ministers

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ജി20 കാർഷിക മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, എല്ലാ വിശിഷ്ടാതിഥികളെയും ഇന്ത്യയിലേക്കു സ്വാഗതം ചെയ്ത പ്രധാനമന്ത്രി, കൃഷിയാണ് മനുഷ്യ നാഗരികതയുടെ കാതലെന്ന് അഭിപ്രായപ്പെട്ടു. ഒരു കൃഷി മന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ ഒരു മേഖല കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല; മറിച്ച്, മാനവികതയുടെ ഭാവി സുരക്ഷിതമാക്കുന്നതിലേക്കും വ്യാപിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു. ആഗോളതലത്തിൽ 250 കോടിയിലധികം പേരുടെ ഉപജീവനമാർഗമാണു കൃഷി. ജിഡിപിയുടെ ഏകദേശം 30 ശതമാനവും ഗ്ലോബൽ സൗത്ത് മേഖലയിൽ 60 ശതമാനത്തിലധികം തൊഴിലവസരങ്ങളും കൃഷിയിൽ നിന്നാണ് - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്ലോബൽ സൗത്ത് ഇന്ന് നേരിടുന്ന വെല്ലുവിളികൾക്ക് അടിവരയിട്ട്, പകർച്ചവ്യാധിയുടെ ആഘാതവും പ്രതിസന്ധിയിലായ ഭൗമരാഷ്ട്രീയ സംഘർഷവും  വിതരണ ശൃംഖലയെ തടസപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥയിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾക്കു കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിൽ ഇന്ത്യയുടെ സംഭാവനകളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ‘അടിസ്ഥാനത്തിലേക്കു മടങ്ങലും ‘ഭാവിയിലേക്കുള്ള യാത്രയും സംയോജിപ്പിക്കാനുള്ള ഇന്ത്യയുടെ നയത്തെ ഉയർത്തിക്കാട്ടി. ഇന്ത്യ പ്രകൃതിദത്ത കൃഷിയും സാങ്കേതികവിദ്യാധിഷ്ഠിത കൃഷിയും പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യയിലുടനീളമുള്ള കർഷകർ ഇപ്പോൾ പ്രകൃതിദത്ത കൃഷി ഏറ്റെടുക്കുകയാണ്" - പ്രധാനമന്ത്രി പറഞ്ഞു. അവർ കൃത്രിമ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. ഭൂമി മാതാവിനെ പുനരുജ്ജീവിപ്പിക്കൽ, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കൽ, 'ഓരോ തുള്ളിയിലും കൂടുതൽ വിളവ്' ഉൽപ്പാദിപ്പിക്കൽ, ജൈവ വളങ്ങളും കീടനിയന്ത്രണ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കൽ എന്നിവയിലാണ് അവരുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ നമ്മുടെ കർഷകർ സാങ്കേതിക വിദ്യ സജീവമായി ഉപയോഗിക്കുന്നുണ്ട്.  കൃഷിയിടങ്ങളിൽ സൗരോർജം ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. വിളകളുടെ തിരഞ്ഞെടുപ്പ് മെച്ചപ്പെടുത്താൻ സോയിൽ ഹെൽത്ത് കാർഡുകൾ ഉപയോഗിക്കുന്നതും പോഷകങ്ങൾ തളിക്കുന്നതിനും വിളകൾ നിരീക്ഷിക്കുന്നതിനും ഡ്രോണുകൾ ഉപയോഗിക്കുന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഈ 'സംയോജിത സമീപനം' എന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വാകവരാൽ കൃഷിയുടെ വിജയ സാധ്യതകൾ

2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നുവെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ചെറുധാന്യം അഥവാ ശ്രീ അന്ന അടിസ്ഥാനമാക്കി നിരവധി ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്നതിനാൽ വിശിഷ്ടാതിഥികൾക്ക് ഹൈദരാബാദിലെ അവരുടെ ഭക്ഷണപ്പാത്രങ്ങളിൽ അതിന്റെ പ്രതിഫലനം കണ്ടെത്താനാകുമെന്നും ചൂണ്ടിക്കാട്ടി. ഈ സൂപ്പർഫുഡുകൾക്ക് ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ എന്ന സവിശേഷത മാത്രമല്ല ഉള്ളത്. കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുന്നതിനാലും വളം കുറച്ചുമാത്രം ആവശ്യമുള്ളതിനാലും കൂടുതൽ കീടങ്ങളെ പ്രതിരോധിക്കുന്നതിലൂടെയും നമ്മുടെ കർഷകരുടെ വരുമാനം ഉയർത്താൻ അവ സഹായിക്കുന്നു - ശ്രീ മോദി പറഞ്ഞു.  ചെറുധാന്യങ്ങളുടെ ചരിത്രത്തിലേക്കു വിരൽ ചൂണ്ടിയ പ്രധാനമന്ത്രി, അവ ആയിരക്കണക്കിന് വർഷങ്ങളായി കൃഷിചെയ്യുന്നുണ്ടെന്നും എന്നാൽ വിപണിയുടെയും വിപണനത്തിന്റെയും സ്വാധീനത്താൽ, പരമ്പരാഗത ഭക്ഷ്യവിളകളുടെ മൂല്യം നഷ്ടപ്പെട്ടുവെന്നും പറഞ്ഞു. "നമുക്ക് ഇഷ്ടമുള്ള ഭക്ഷണമായി ശ്രീ അന്ന ചെറുധാന്യങ്ങൾ സ്വീകരിക്കാം" - ചെറുധാന്യങ്ങളിലെ മികച്ച സമ്പ്രദായങ്ങളും ഗവേഷണങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനായി ഇന്ത്യ ചെറുധാന്യ ഗവേഷണ സ്ഥാപനത്തെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

ആഗോള ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് കൂട്ടായ പ്രവർത്തനം നടത്തേണ്ടതെങ്ങനെയെന്നു ചർച്ച ചെയ്യാൻ ശ്രീ മോദി കൃഷി മന്ത്രിമാരോട് അഭ്യർഥിച്ചു. പാർശ്വവൽക്കൃത കർഷകരെ കേന്ദ്രീകരിച്ചു സുസ്ഥിരവും സമഗ്രവുമായ ഭക്ഷ്യ സമ്പ്രദായങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള വഴികൾ നാം കണ്ടെത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. അതോടൊപ്പം മണ്ണിന്റെ ആരോഗ്യം, വിളകളുടെ ആരോഗ്യം, വിളവ് എന്നിവ മെച്ചപ്പെടുത്തുന്നതിനായുള്ള കാർഷിക രീതികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരമ്പരാഗത രീതികൾ പുനരുൽപ്പാദക കൃഷിക്ക് ബദലുകൾ വികസിപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂതനാശയങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് കർഷകരെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയും ഗ്ലോബൽ സൗത്തിലെ ചെറുകിട - പാർശ്വവൽക്കൃത കർഷകർക്ക് താങ്ങാനാകുന്ന തരത്തിൽ പ്രതിവിധികൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിന്യത്തിൽ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്നതിൽ നിക്ഷേപിക്കുന്ന കാര്യത്തിനൊപ്പംതന്നെ കാർഷിക - ഭക്ഷ്യ മാലിന്യങ്ങൾ കുറയ്ക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

പ്രസംഗം ഉപസംഹരിക്കവേ  “നമ്മുടെ 'ഏകഭൂമി'യെ പരിചരിക്കുക, നമ്മുടെ 'ഏകകുടുംബ'ത്തിൽ ഐക്യം സൃഷ്ടിക്കുക, ശോഭനമായ 'ഒരു ഭാവി'ക്കായി പ്രതീക്ഷയേകുക എന്നിവയാണ് കാർഷിക മേഖലയിലെ ഇന്ത്യയുടെ ജി20 മുൻഗണനകൾഎന്നു പ്രധാനമന്ത്രി പറഞ്ഞു.  'ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും സംബന്ധിച്ച ഡെക്കാൻ ഉന്നത തല തത്വങ്ങൾ'; ചെറുധാന്യങ്ങൾക്കും മറ്റു ധാന്യങ്ങൾക്കുമായുള്ള ''മഹാഋഷി'' സംരംഭം എന്നിങ്ങനെ വ്യക്തമായ രണ്ട് ഫലങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. "ഈ രണ്ട് സംരംഭങ്ങൾക്കുമുള്ള പിന്തുണ എല്ലാവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും അതിജീവന ശേഷിയുള്ളതുമായ കൃഷിയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു നിർദേശമാണ്" - പ്രധാനമന്ത്രി ഉപസംഹരിച്ചു

English Summary: The Prime Minister addressed the meeting of G20 Agriculture Ministers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds